ADVERTISEMENT

തിരുവനന്തപുരത്ത് വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള (വിഎഫ്‌പിസികെ)ത്തിന്റെ സ്വാശ്രയ കർഷക സമിതികളിൽ വാഴക്കുലകൾ കെട്ടിക്കിടന്ന് നശിക്കുന്നു. തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വിൽപനക്കാരന്റെ പടിക്കൽ കുല എത്തുന്നതാണ് കർഷകരെ വെട്ടിലാക്കിയത്. രണ്ടു മാസമായി ജില്ലയിലെ വിവിധ സ്വാശ്രയ കർഷക സമിതികളിൽ ടൺ കണക്കിന് കുലകൾ കെട്ടിക്കിടക്കുന്നു. വിപണി കണ്ടെത്തി കർഷകരെ രക്ഷിക്കാൻ ഹോർട്ടി കോർപ്പിനോ വിഎഫ്‌പിസികെയ്ക്കോ കൃഷി വകുപ്പിനോ  കഴിഞ്ഞിട്ടില്ല. പ്രളയം തീർത്ത നഷ്ടത്തിൽ നിന്നു കരകയറാനുള്ള കർഷകരുടെ ശ്രമത്തിനിടെയാണ് പുതിയ പ്രതിസന്ധി.

വിഎഫ്‌പിസികെയ്ക്ക് ജില്ലയിൽ 24  സ്വാശ്രയ കർഷക സമിതികളുണ്ട്. ഓരോയിടത്തും ശരാശരി 200 ടണ്ണിലേറെ കുലകൾ കെട്ടിക്കിടക്കുന്നു.  ദിവസവും 5 മുതൽ 8 ടൺവരെ കുലകൾ വിപണിയിലെത്തും. ഇത് വിറ്റ് പോയാലേ കർഷകർക്ക് പണമുള്ളൂ. ഏത്ത, കപ്പ കുലകളാണ് കെട്ടിക്കിടക്കുന്നത്. ഏത്തക്കുലയ്ക്ക്  മൊത്തവില കിലോയ്ക്ക് 26 രൂപയുള്ളപ്പോൾ തമിഴ്നാട്ടിൽനിന്നു തലസ്ഥാന ജില്ലയിലേക്ക് വരുന്ന ഏത്തക്കുലയുടെ വില 20 മുതൽ 22 വരെ. ജില്ലയിൽ ഒരു വാഴ കൃഷി ചെയ്ത് വിളവെടുക്കുമ്പോൾ ഏത്തനെങ്കിൽ കിലോയ്ക്ക് പരമാവധി 30 രൂപ ലഭിക്കും.

സീസണാണെങ്കിൽ ഇതിൽ കുറവ് വരും. ഇത് കർഷകരെ കടക്കെണിയിലാക്കുന്നതിന് പിന്നാലെയാണ് ഇപ്പോൾ ഉൽപന്നം കെട്ടിക്കിടന്ന് നശിക്കുന്നതും. വിഎഫ്‌പിസികെയിൽ നിന്നാണ് ഹോർട്ടികോർപ്പ് കുല എടുക്കുക. ജില്ലയിൽ 60ൽ താഴെ സ്റ്റാളുകളേയുള്ളു. ഇതുവഴി വിറ്റുപോകുന്നതിന് പരിമിതിയുണ്ട്. ശേഷിക്കുന്നവ ചില്ലറ വിൽപനക്കാരാണ് സമിതിയിൽനിന്ന് വാങ്ങിയിരുന്നത്. ഇവരെ ഇതര സംസ്ഥാനക്കാർ ലക്ഷ്യമിട്ടതാണ് പ്രധാന പ്രശ്നം. വിപണിയിലെ വാഴക്കുലകൾ സംഭരിച്ച് ലഭ്യത കുറഞ്ഞ ജില്ല കളിലേക്ക് കയറ്റി അയച്ച് കർഷകരെ രക്ഷിക്കാൻ വിഎഫ്‌പിസികെ നടപടി സ്വീകരിക്കണമെന്നാണ് കർഷകരും സ്വാശ്രയ കർഷക സമിതിയുടെ ചുമതലക്കാരും ആവശ്യപ്പെടുന്നത്.

ആലപ്പുഴ, കൊല്ലം ജില്ലകളിൽ വാഴക്കുലയ്ക്ക് ക്ഷാമം നേരിടുന്നതായി ഇവർ പറയുന്നു. അവിടെ വിലയും കൂടുതൽ. ടൺകണക്കിന് കുലകൾ  കെട്ടിക്കിടക്കുന്ന കർഷക സമിതികളിലെ ചില കമ്മറ്റികൾ ഇതര ജില്ലയിലെ സമിതികളുമായി ബന്ധപെട്ട് കയറ്റി അയയ്ക്കുന്നുണ്ട്. ഇതിന് ഏകീകൃത രൂപമുണ്ടാക്കി വിഎഫ്‌പിസികെ തന്നെ വിപണി സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് കുലകൾ കയറ്റി അയയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.  കൃഷിവകുപ്പാകട്ടെ ജില്ലയിലെ വാഴക്കർഷകരുടെ ദുരിതം കണ്ടതായി പോലും ഭാവിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com