ADVERTISEMENT

അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട് പ്രോസസിങ് കമ്പനിക്കുള്ള ജീവശ്വാസമായി മാറിയിരിക്കുകയാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 3 കോടി രൂപയും വൈൻ നിർമാണ യൂണിറ്റും. ഏതുസമയവും പിരിച്ചുവിടപ്പെട്ടേക്കാമെന്ന ആശങ്കയിലായിരുന്ന കമ്പനിയിലെ തൊഴിലാളികളും പൈനാപ്പിൾ കർഷകരും ഇതോടെ പ്രതീക്ഷയിലാണ്. പ്രവർത്തനം നിലച്ചു കിടക്കുന്ന കമ്പനി അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പോലും പണമില്ലാത്ത സ്ഥിതിയിലാണ്. 3 കോടിയോളം രൂപ ബാധ്യതയുണ്ട്. ഒരു വർഷമായി തൊഴിലാളികളുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. കമ്പനിയിലെ യന്ത്രങ്ങളിൽ പലതും തകരാറിലുമാണ്. 

ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന തുകയിൽ 25 ലക്ഷം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കു ചെലവഴിക്കേണ്ടി വരും. തകരാറുകൾ പരിഹരിച്ച് അസംസ്കൃത വസ്തുക്കൾ എത്തിച്ച് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കുക മാത്രമാണ് 3 കോടി രൂപയുടെ വിനിയോഗത്തിലൂടെ തൽക്കാലം ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ ഇ.കെ. ശിവൻ വ്യക്തമാക്കി. പ്രവർത്തനമൂലധനമായാണ് 3 കോടി അനുവദിച്ചിരിക്കുന്നത് എന്നതിനാൽ തൊഴിലാളികളുടെ ശമ്പള കുടിശിക ഈ തുകയിൽനിന്നു നൽകാനാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ച് വരുമാനമുണ്ടാക്കിയ ശേഷമേ ഘട്ടം ഘട്ടമായി തൊഴിലാളികളുടെ ശമ്പള കുടിശിക തീർക്കാൻ കഴിയുകയുള്ളുവെന്നും ചെയർമാൻ പറഞ്ഞു. കമ്പനിയെ ലാഭകരമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 4 കോടി രൂപ മുടക്കി സജ്ജമായികൊണ്ടിരിക്കുന്ന പെറ്റ് ബോട്ടിൽ പ്ലാന്റ് പൂർത്തിയായിട്ടുണ്ട്. മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ച് മാനേജ്മെന്റ് വിവിധ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. കമ്പനിയിൽ ബിയർ ഉൽപാദിപ്പിക്കുന്നതിനുള്ള അനുവാദം ലഭ്യമാക്കുകയാണ് ഇതിൽ പ്രധാനം. ഇതു സർക്കാർ പരിഗണനിയിലാണ്. സർക്കാർ നിയന്ത്രണത്തിലുള്ള ഹില്ലി അക്വ കുപ്പി വെള്ളത്തിന്റെ പ്ലാന്റ് സ്ഥാപിക്കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com