കണ്ണില്ലാത്ത ക്രൂരത, എല്ലും തോലുമായി 33 പശുക്കൾ; പുലിവാലു പിടിച്ച് കോർപറേഷൻ

HIGHLIGHTS
  • ശരിയായ പരിചരണവും ഭക്ഷണവും ലഭിക്കാതെ പശുക്കൾ മൃതപ്രായരാണ്
cow-tvm-3
ഫാമിലേക്കു മാറ്റിയ ഗോശാലയിലെ കന്നുകാലികൾ
SHARE

സ്വകാര്യ ട്രസ്റ്റിനു കീഴിൽ തിരുവനന്തപുരം കോട്ടയ്ക്കകത്തു കുതിരമാളികയ്ക്കു സമീപം  പ്രവർത്തിച്ചിരുന്ന ഗോശാലയിലെ പശുക്കളെ കോടതി ഉത്തരവിനെ തുടർന്ന് ഏറ്റെടുത്ത കോർപറേഷൻ പുലിവാലു പിടിച്ചു. ഒടുവിൽ സ്വകാര്യഫാമിൽ വാടക നൽകി പശുക്കളെ സംരക്ഷിക്കാനേൽപ്പിച്ച് കോർപറേഷൻ തടിയൂരി. കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‌അടച്ചുപൂട്ടിയ വിളപ്പിൽശാല ചവർ സംസ്കരണ ശാലയുടെ വളപ്പിലേക്ക് പശുക്കളെ മാറ്റാനായിരുന്നു ആദ്യ നീക്കം. എന്നാൽ, നാട്ടുകാർ സംഘം ചേർന്ന് ഇതു തടഞ്ഞതോടെയാണ് നഗരസഭാ അധികൃതർ വലഞ്ഞത്.

എതിർപ്പിനെത്തുടർന്ന് വിളപ്പിൽശാല ചവർ ഫാക്ടറി പരിസരത്തു നിന്നും പശുക്കളുമായി മടങ്ങിയ നഗരസഭ അധികൃതർ പൂവച്ചലിലെ സ്വകാര്യ ഫാമിലേക്കാണു ആദ്യം പോയത്.  ഇവയെ ഏറ്റെടുക്കാമെന്ന് ഫാം ഉടമ ആദ്യം അറിയിച്ചെങ്കിലും അവസാന നിമിഷം കയ്യൊഴിഞ്ഞു. അവശനിലയിലായ ഈ പശുക്കളെ പാർപ്പിച്ചാൽ ഫാമിലെ മറ്റു പശുക്കളുടെ ആരോഗ്യത്തെ അത് ബാധിക്കുമെന്ന് പറഞ്ഞാണ് പിൻവാങ്ങിയത്.

കോടതി ഉത്തരവ് ഉള്ളതിനാൽ തിരിച്ച് പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ ഗോശാലയിലേക്ക് ഇവയെ മാറ്റാനും സാധിക്കില്ലെന്നു വന്നതോടെയാണ് പുതുതായി പണിയുന്ന ആര്യനാട് പള്ളിവേട്ട കടുവക്കുഴിയിലെ ഫാമിൽ കൊണ്ടു പോയത്. വേറെ സംവിധാനം തയാറാകുന്നത് വരെ താൽക്കാലികമായി പശുക്കളെ ഇവിടെ പാർപ്പിക്കും. മറ്റു പശുക്കൾ ഈ ഫാമിൽ ഇല്ല. ഫാമിന് 18,000 രൂപ വാടക കൊടുക്കാനും ധാരണയായി. 2 ദിവസത്തിലൊരിക്കൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കുമെന്നും പശുക്കളെ പരിചരിക്കുന്നതിനായി 4 ജീവനക്കാരെ നിയോഗിച്ചതായും നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. ബിനു പറഞ്ഞു.

cow-tvm-2
പശുക്കളെ കോർപറേഷൻ അധികൃതർ ആര്യനാട് പള്ളിവേട്ടയിലെ സ്വകാര്യ ഫാമിൽ എത്തിച്ചപ്പോൾ

എല്ലും തോലുമായി 33 പശുക്കൾ

ഗോശാലയിലുണ്ടായിരുന്ന 33 പശുക്കളെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട്  പുലർച്ചെയാണ് അതീവ രഹസ്യമായി കോർപറേഷൻ ഏറ്റെടുത്തത്. ശരിയായ പരിചരണവും ഭക്ഷണവും ലഭിക്കാതെ പശുക്കൾ മൃതപ്രായരാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ  ഏറ്റെടുത്തു സംരക്ഷിക്കണമെന്ന് രണ്ടു മാസം മുൻപ് ഹൈക്കോടതി നിർദേശിച്ചിരുന്നു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി. ബിനുവിന്റെ നേതൃത്വത്തിൽ നാലു ലോറികളിലായി പശുക്കളെ മാറ്റി.

വിളപ്പിൽശാലയിലേക്ക് പശുക്കളെ കൊണ്ടു വരുന്ന വിവരമറിഞ്ഞ് പ്ലാന്റിനു മുന്നിൽ നാട്ടുകാർ സംഘടിച്ചു. 4 ലോറികളിൽ പൊലീസ് അകമ്പടിയോടെയാണ് പശുക്കളെ ചവർ ഫാക്ടറിയിൽ  എത്തിച്ചത്. എന്നാൽ കവാടത്തിനു മുന്നിൽ ആളുകൾ തടഞ്ഞു. കോർപറേഷന്റെ ഒരു പ്രവർത്തനവും പൂട്ടിയ ഫാക്ടറിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഇവർ നിലപാടെടുത്തു. ജന സമരത്തെ തുടർന്ന് 2012ൽ ആണ് ചവർ ഫാക്ടറി അടച്ചു പൂട്ടിയത്. പൊലീസിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം സമവായ ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. 

cow-tvm
ഫാമിലേക്കു മാറ്റിയ കന്നുക്കുട്ടികൾ

ഗോശാല  തുടങ്ങിയത് ഏഴുവർഷം മുൻപ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുണ്ടായിരുന്ന ഗോശാലയുടെ പ്രവർത്തനം നിലച്ചപ്പോൾ ക്ഷേത്രാവശ്യത്തിനുള്ള പാൽ ലഭ്യമാക്കാൻ 2013 ഒക്ടോബറിലാണ് പുതിയ ഗോശാല ആരംഭിച്ചത്. കാസർകോട് കുള്ളൻ ഇനത്തിൽപ്പെട്ട 11 പശുക്കളും 8 കിടാവുകളുമായാണ് ഗോശാല പ്രവർത്തനം ആരംഭിച്ചത്.  നടത്തിപ്പിനായി ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഗോശാല ട്രസ്റ്റും രൂപീകരിച്ചു. ക്ഷേത്രത്തിനു പടിഞ്ഞാറെ നടയിലെ നമ്പി മഠത്തിനു സമീപത്തു പ്രവർത്തിച്ചിരുന്ന ഗോശാലയിൽ കന്നുകാലികൾ പെരുകിയപ്പോഴാണ് കുതിരമാളികയ്ക്ക് സമീപത്തേക്ക് മാറ്റിയത്.

ക്ഷേത്രത്തിലെ 6 പശുക്കളേയും ഇവിടെയാണ് വളർത്തിയിരുന്നത്. പരിപാലനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പശുക്കളെ വീണ്ടും നമ്പി മഠത്തിനു സമീപത്തേക്ക് മാറ്റി. ശേഷിച്ച പശുക്കൾ തീറ്റയും പരിചരണവുമില്ലാതെ മൃതപ്രായരായപ്പോൾ വൻ പ്രതിഷേധമുയർന്നു. തുടർന്ന് പരിചരണത്തിന് സംവിധാനമായി. ഇതിനിടെ ചിലർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പശുക്കളെ കോർപറേഷൻ ഏറ്റെടുത്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA