ADVERTISEMENT

ലോകത്ത് ഏതൊരു പകർച്ചവ്യാധിയും അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിനെക്കുറിച്ച് പറയാൻ ഒട്ടേറെ പേർ രംഗത്ത് വരാറുണ്ട്. എന്നാൽ, അതിൽ പലതും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത വെറും ഊഹാപോഹങ്ങൾ മാത്രമായിരിക്കും. കോവിഡ്–19 വ്യാപകമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന, രാഷ്ട്രമേധാവികളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ അറിവുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നു. മാത്രമല്ല, നിപ്പാ വൈറസ് എന്ന ആരോഗ്യ ഭീഷണിയെ അതിജീവിച്ച കേരളത്തിന്റെ പ്രതിരോധത്തെയും '27 ഡിഗ്രിയിൽ വൈറസ് നശിക്കും' എന്നതടക്കമുള്ള നുണകളും കപട ചികിത്സകർ നൽകുന്ന വ്യാജ സുരക്ഷാബോധവും സാരമായി ബാധിച്ചിട്ടുണ്ട്.

വാക്സിനുകൾക്കെതിരേ വ്യാപക പ്രതിഷേധം നിലനിന്ന കാലത്തും നിപ്പ വൈറസ് ഭീഷണിയുടെ കാലത്തും ഇത്തരം നുണപ്രചരണങ്ങളെ ചെറുത്തത് ഡോക്ടർമാരുടെ കൂട്ടായ്മയായ ഇൻഫോക്ലിനിക് ആയിരുന്നു. ഇതേ മാതൃകയിൽ വെറ്ററിനറി ഡോക്ടർമാരുടെയും ഗവേഷകരുടെയും കൂട്ടായ്മ വെറ്റ് ഇൻഫോപീഡിയ എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങുകയാണ്. 

കാരണം ഇതാണ്

മനുഷ്യരിൽ ബാക്ടീരിയകളും വൈറസുകളും പ്രോട്ടോസോവകളുമൊക്കെ ഉണ്ടാക്കുന്ന രോഗങ്ങളിൽ (infectious diseases) 61 ശതമാനവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണ്. പുതിയ രോഗാണു ഭീഷണികളിൽ 75 ശതമാനം ജന്തുജന്യരോഗങ്ങളാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലെത്തുകയും പിന്നീട് മനുഷ്യരിലൊതുങ്ങുന്ന രോഗാണുക്കളായി പരിണമിച്ചവയും ഒട്ടേറെ. 

എന്തിനും ഏതിനും ഇറച്ചിക്കോഴിയെ പഴിചാരുന്ന വിധത്തിലുള്ള നുണപ്രചരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ജന്തുജന്യരോഗങ്ങളെ സംബന്ധിച്ച് ശരിയായ അറിവുകൾ ജനങ്ങളിലെത്തിക്കാൻ വെറ്റ് ഇൻഫോപീഡിയ വേദിയാകും. വെറ്ററിനറി മെഡിസിൻ പ്രാക്ടീസിനൊപ്പം മൃഗാരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ പങ്കുവയ്ക്കേണ്ടതും, മാംസവും മുട്ടയും പാലുമൊക്കെ അശാസ്ത്രീയ പ്രചരണങ്ങളുടെ പ്രധാന ഇരകളാകുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടതും വെറ്ററിനറി ഡോക്ടർമാരുടെ കടമയാണെന്ന ബോധ്യത്തിലാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാൻ കാരണം. ഇത്തരം വിഷയങ്ങളി‌ലെ ശാസ്ത്രീയമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് നിലവിൽ വെറ്റ് ഇൻഫോപീഡിയ എന്ന പേരിൽ ഫെയ്‌സ്‌ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ലോക വെറ്ററിനറി ദിനമായ ഏപ്രിൽ 25ന് വെറ്റ് ഇൻഫോപീഡിയയുടെ വെബ്‌സൈറ്റും പൊതുജനങ്ങളിലേക്കെത്തും.

പിന്നിൽ

പൂക്കോട് വെറ്ററിനറി കോളേജ് അലൂമ്നി അസോസിയേഷൻ ROOFന്റെ നേതൃത്വത്തിലാണ് വെറ്റ് ഇൻഫോപീഡിയയുടെ പ്രവർത്തനം. കേരളത്തിൽ ക്ലിനിക്കൽ പ്രാക്റ്റീസിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാർ മുതൽ വിദേശ സർവകലാശാലകളിലെ ഗവേഷകർ വരെയുള്ള, യുവ ഡോക്ടർമാർ മുതൽ സർവീസിൽനിന്നു വിരമിക്കുകയും സാമൂഹ്യ ഇടപെടലുകൾ തുടരുകയും ചെയ്യുന്ന പ്രഗത്ഭർ വരെയുൾപ്പെടുന്ന കൂട്ടായ്മയാണ് റൂഫ്. 

കൂട്ടായ്മയിലുള്ള വിദഗ്ധ എഴുത്തുകാരുൾപ്പെടെയുള്ള സംഘമാണ് ലേഖനങ്ങൾ തയാറാക്കുക. രണ്ട് വിദഗ്‌ധർ പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും ഓരോ ലേഖനവും പ്രസിദ്ധീകരിക്കുക. ശാസ്ത്ര ജേർണലിന്റെ രീതി പിന്തുടരുമെങ്കിലും സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ പരമാവധി ലളിതമായ രീതിയിലായിരിക്കും ഓരോ ലേഖനവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com