ADVERTISEMENT

'ഇതു ചുമ്മാ പറയുന്നതല്ല വളർത്താൻ തയാറാണെങ്കിൽ കോഴിക്കുഞ്ഞുങ്ങളെ വെറുതേ തരാം... കൊണ്ടുപോയി വളർത്തിക്കോ' പോത്താനിക്കാട് കോഴിക്കുഞ്ഞുങ്ങളെ കൂട്ടിയിട്ട് ആവശ്യക്കാർക്കു വെറുതെകൊടുക്കാമെന്നു വിളിച്ചുപറയുകയാണ് ഒരു കോഴിക്കർഷകൻ. തൊണ്ടപൊട്ടുമാറുച്ചത്തിൽ ഇങ്ങനെ പറഞ്ഞിട്ടും ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. ‘‘നൂറുവാ...നൂറുവാ...നൂറുവാ... മൂന്നെണ്ണം നൂറുവാ’’. ഓട്ടോറിക്ഷയിൽ നിറയെ കോഴികളുമായെത്തിയ ഒരു കർഷകൻ മൂവാറ്റുപുഴയിലെ ഒരു കവലയിൽ കോഴികളെ ഉയർത്തിക്കാട്ടി വിളിച്ചു പറയുന്നു.

100 രൂപ നൽകിയാൽ മൂന്നു കോഴികളെ നൽകുമെന്നാണു വാഗ്ദാനം.  ദിവസങ്ങൾ മുൻപുവരെ തീൻമേശയിലെ വിലകൂടിയ വിഭവമാണു തീരെ വില കിട്ടാത്തതിനാൽ തെരുവിൽ കൂട്ടിയിട്ടു വിൽക്കുന്നത്. ഓട്ടോറിക്ഷയിൽ കയറ്റി കവലകൾ തോറും കൊണ്ടുനടന്നു വിൽപന നടത്തിയയാൾ വൈകിട്ടായതോടെ ഒരു കോഴിക്ക് 20 രൂപ എന്ന നിരക്കിലും വിൽപന നടത്തി. ഒന്നിനു പിറകെ ഒന്നായി തിരിച്ചടികളുണ്ടായതോടെയാണു കോഴി വില അടുത്തെങ്ങുമില്ലാത്ത വിധത്തിൽ ഇടിഞ്ഞത്.

പക്ഷിപ്പനിപ്പേടിയായിരുന്നു തുടക്കമെങ്കിലും കോവിഡ് 19 എത്തിയതോടെ സകല സീമകളും വിട്ടു കോഴിവില താഴേക്കു പതിച്ചു. കോതമംഗലത്ത് കോഴിക്ക് ഒന്നിന് 20 രൂപ വരെ താണു. ചില്ലറ വില 37നും 35നും ഇടയ്ക്കാണ്. കൂത്താട്ടുകുളത്ത് 35–37 രൂപയ്ക്കാണു ചില്ലറ വിൽപന. പെരുമ്പാവൂരിലും ഇതേ വിലയാണ്. എന്നാൽ ഓട്ടോറിക്ഷകളിലും മറ്റും കോഴി വിൽപന നടത്തുന്നവർ തോന്നുന്ന വിലയ്ക്കാണു വിൽപന നടത്തുന്നത്.

ആദായ വിൽപന

‘‘ആറെണ്ണമെടുത്താൽ ഒരു കോഴി ഫ്രീ... മൂന്നെണ്ണത്തിന് 100 രൂപ, 'ഒരു കോഴിയെ വാങ്ങിയാൽ കോഴിക്കുഞ്ഞുങ്ങൾ രണ്ടെണ്ണം ഫ്രീ’’ തുടങ്ങി വ്യത്യസ്തമായ രീതിയിലുള്ള ആദായ വിൽപനയാണു കോഴികളെ വിറ്റുതീർക്കാൻ കർഷകർ സ്വീകരിക്കുന്നത്. പെരുമ്പാവൂരിൽ 40 രൂപയ്ക്ക് ഒരു കോഴി എന്ന വിലയിലും കച്ചവടം നടക്കുന്നുണ്ട്. തൂക്കാതെയാണ് ഈ വിലയിൽ കോഴിയെ നൽകുന്നത്.

പ്രളയത്തകർച്ചയേക്കാൾ കഠിനം

പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, പല്ലാരിമംഗലം, ആയവന, ആരക്കുഴ, വാളകം  തുടങ്ങിയ പഞ്ചായത്തുകളിൽ ഒട്ടേറെ കോഴിഫാമുകളാണുള്ളത്. 7,000 മുതൽ പതിനായിരം വരെ കോഴികളെയാണ് ഓരോ ഫാമുകളിലും വളർത്തുന്നത്. ഈസ്റ്റർ, റംസാൻ ആഘോഷങ്ങൾ മുൻപിൽ കണ്ടു പതിനായിരക്കണക്കിനു കോഴികളെയാണ് ഇവിടങ്ങളിൽ വളർത്തുന്നത്. എന്നാൽ രോഗഭീതി എല്ലാം തകിടം മറിച്ചു. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകുന്ന കമ്പനികളിൽനിന്നു കോഴികളെ വാങ്ങി വളർത്തി വലുതാക്കി നൽകുന്നതാണു ഭൂരിപക്ഷം കർഷകരും സ്വീകരിക്കുന്ന രീതി.

കോവിഡ് 19, പക്ഷിപ്പനി രോഗ ബാധയെത്തുടർന്നു കോഴികളെ തിരിച്ചെടുക്കുന്നില്ലെന്നറിയിച്ചിരിക്കുകയാണു കോഴിയെ കർഷകർക്കു നൽകിയ കമ്പനികൾ. ഇതോടെ കോഴികളെ എങ്ങനെയും വിറ്റു തീർക്കാനുള്ള കർഷകരുടെ ശ്രമമാണു വിലയിടിച്ചിരിക്കുന്നത്. ക്രൈസ്‌തവർ നോമ്പിലായതും കോഴിത്തീറ്റയ്ക്കു വില കൂടിയതും ഹോട്ടലുകൾ നേരിടുന്ന പ്രതിസന്ധിയുമൊക്കെ കോഴിവിലയെ ബാധിച്ചു. കഴിഞ്ഞ 2  പ്രളയത്തിലുണ്ടായ നഷ്ടത്തേക്കാൾ വലുതാണ് ഇപ്പോഴുണ്ടായ നഷ്ടമെന്നാണു കർഷകർ പറയുന്നത്.

കോഴിയോ മുട്ടയോ?

നാല് കോഴിമുട്ടയുടെ വില കൊടുത്താൽ ഒരു കോഴിയെ വാങ്ങാമെന്ന അവസ്ഥയാണിപ്പോൾ. 5 –6 രൂപയായിരുന്നു കോഴിമുട്ട വില. ഇപ്പോൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. മൂവാറ്റുപുഴ, കൂത്താട്ടുകുളം മേഖലയിൽ 3 രൂപ വരെയായി മുട്ട വില താഴ്ന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com