ADVERTISEMENT

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ നടപ്പാക്കുന്ന നന്മപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മലയാള മനോരമ ആവിഷ്കരിച്ച നല്ലപാഠം പദ്ധതിയിൽ 2019–2020 അധ്യയന വർഷം പാലക്കാട് ജില്ലയിൽ  അണിചേർന്നത് നാനൂറോളം സ്കൂളുകൾ. അവസാന റൗണ്ടിലെത്തിയ 60 സ്കൂളുകളിൽ ജില്ലാതല വിധിനിർണയ സമിതി നേരിട്ടു സന്ദർശനം നടത്തിയാണ്  വിജയികളെ തീരുമാനിച്ചത്. പാലക്കാട് മേഴ്സി കോളജ് ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി ഡോ. പാർവതി വാരിയർ വിധിനിർണയത്തിന് നേതൃത്വം നൽകി.

പ്രകൃതി സംരക്ഷണ സന്ദേശവുമായി ഒരേക്കർ തരിശുനിലത്തിൽ 1155 കിലോ ജൈവ നെല്ല് വിളയിച്ചതടക്കം നന്മപ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുമായാണ് എയുപി സ്കൂൾ പയ്യനെടം തുടർച്ചയായ രണ്ടാം തവണയും നല്ലപാഠം ജില്ലാതല ജേതാക്കളാകുന്നത്. പ്രദേശത്തെ രണ്ടു മുതിർന്ന കർഷകരുടെ നിർദേശപ്രകാരമാണ് കുട്ടികൾ കൃഷിപ്പണികൾ ചെയ്തത്. ട്രാക്ടർ വിളിച്ച് നിലം ഒരുക്കിയത് ഒഴിച്ചാൽ മറ്റെല്ലാ പ്രവർത്തനങ്ങളും സ്വന്തമായി ചെയ്തു. 

നെല്ലിൽ കുറച്ച് ഉപയോഗിച്ച് നല്ലപാഠം ബ്രാൻഡ് അവിൽ തയാറാക്കി. ബാക്കി നെല്ല് വിറ്റുകിട്ടിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. വിദ്യാർഥികളുടെ വീട്ടിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കുട്ടിക്കർഷകർക്ക് അവാർഡ്, ഉദ്യാനപാലകൻ അവാർഡ്, സ്കൂളിൽ ജൈവ പച്ചക്കറി കൃഷി, നാട്ടിലെ ആവശ്യക്കാർക്ക് വിത്ത് എത്തിച്ചു നൽകുന്ന വിത്തുവണ്ടി, എള്ള്, ചാമ കൃഷി മുതലയായവയും നടപ്പാക്കി. 

കാർബൺ ന്യൂട്രൽ ക്യാംപെയ്ൻ മുതൽ സ്നേഹനാഴി പദ്ധതി വരെ

വിവര ശേഖരണത്തിന് സർവേ നടത്തി. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിലും വീട്ടിലും എനർജി മാനേജർമാരെ നിയമിച്ചു. എൽഇ‍ഡി ബൾബ് നിർമാണം പഠിച്ചു, അമ്മമാർക്ക് പരിശീലനം നൽകി. സ്കൂളിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പൂർണമായും വൈദ്യുതി ഓഫാക്കി സീറോ അവർ ആചരിച്ചു. വീട്ടിൽ എല്ലാ വിദ്യാർഥികളും ഒരു മണിക്കൂർ വൈദ്യുതി ഓഫാക്കി ലവ് അവർ ആചരിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവർക്ക് ആദരവുമായി എനർജി കിങ് ആൻഡ് ക്യൂൻ മത്സരം. 

പൊതുഗതാഗതം, സൈക്കിൾ ഉപയോഗം മുതലായവ പ്രോത്സാഹിപ്പിക്കുന്നു. ഓക്സിജൻ പ്ലാന്റുകൾ വീട്ടിലും സ്കൂളിലും നട്ടുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നു. ഡിജിറ്റൽ ജൈവ വൈവിധ്യ പാർക്ക്, ശലഭോദ്യാനം, ഓഷധോദ്യാനം തുടങ്ങിയവ ഒരുക്കി. 

സ്കൂളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ മാലിന്യം വീതിച്ചെടുത്ത് വീട്ടിലേക്കു കൊണ്ടുപോകുന്ന പദ്ധതി, ലഹരിക്കെതിരെ ഒപ്പനയിലൂടെ ബോധവൽക്കരണം, നന്മപ്രവർത്തനങ്ങളോടാണ് ലഹരി വേണ്ടത് എന്ന സന്ദേശവുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ നടപ്പാക്കി. ഒരു വീട്ടുകാരുടെ സംരക്ഷണം വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. വയോജന മന്ദിരത്തിൽ ഭക്ഷണവിതരണം, നിർധന സഹപാഠികളെ മറ്റാരും അറിയാതെ സഹായിക്കാനുള്ള സ്നേഹനാഴി പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കുന്നു. 5 സെന്റ് സ്ഥലത്ത് പ്രകൃതിദത്ത കാട് ഒരുക്കി, പ്രകൃതി സംരക്ഷണ ക്യാംപ്, പുഴയോരത്ത് മണ്ണിടിച്ചിൽ തടയുന്നതിനു മുള നട്ടു, നാട്ടിലെ കാവ് സംരക്ഷണ ചുമതല ഏറ്റെടുത്തു, എന്റെ വീട്ടിൽ എന്റെ മരം എന്ന പേരിൽ 3500 വൃക്ഷത്തൈകൾ വിതരണം ചെയ്തു, ഒരു വാഹനത്തിന് ഒരു മരം എന്ന പേരിൽ വാഹനം സ്വന്തമായി ഉള്ളവർക്കെല്ലാം വൃക്ഷത്തൈ നൽകി വീട്ടുവളപ്പിൽ നട്ടുവളർത്താൻ അഭ്യർഥിച്ചു, മാതാപിതാക്കളുമായി കൂടുതൽ അടുപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമ്മയ്ക്കൊരുമ്മ പദ്ധതി, ജലസംരക്ഷണ പ്രവർത്തനം, ചിരട്ടഗ്ലാസ് മുതൽ ചെട്ട പേപ്പർ വരെ സ്വന്തമായി നിർമിക്കുന്നു– ലക്ഷ്യം സീറോ പ്ലാസ്റ്റിക്. 

ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യജീവി ശല്യത്തിനു പരിഹാരം കാണാൻ എക്കോ ഗൺ നിർമിച്ചതും മുറിവിന് പ്രകൃതി ദത്ത ഔഷധം കണ്ടെത്തിയതും അടക്കം കുട്ടികളുടെ പ്രവർത്തന മികവിന് തെളിവുകൾ ഒട്ടേറെ.

രണ്ടാം സ്ഥാനം (15,000 രൂപയും ഫലകവും)

ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, എടത്തനാട്ടുകര

  • ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രകൃതി സംരക്ഷണ പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുന്നതിലെ മികവിന് നല്ലപാഠത്തിന്റെ അംഗീകാരം. 
  • കാർബൺ ന്യൂട്രൽ വിദ്യാലയം എന്ന ലക്ഷ്യത്തോടെ അധ്യാപക ശിൽപശാല അടക്കം സംഘടിപ്പിച്ച വിദ്യാലയം ജൈവ പച്ചക്കറി കൃഷി, ഹരിതഗ്രാമം പദ്ധതി, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം തുടങ്ങിയവ നടപ്പാക്കി. 
  • ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേന ശേഖരിക്കൽ, പേപ്പർ പേന നിർമാണ പരിശീലനം, തുണി സുഞ്ചി നിർമാണം, മരം നടൽ, ജല പരിശോധന തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടപ്പാക്കി. 
  • ഭിന്നശേഷിക്കാർക്കുള്ള കരുതൽ, സ്നേഹക്കുടുക്ക സഹായ വിതരണം, നല്ലപാഠം സ്നേഹപ്പുടവ പദ്ധതി, ആട് വിതരണം, അങ്കണവാടികൾക്കു സഹായം തുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി. 
  • ലഹരിക്കെതിരായ ബോധവൽക്കരണം, ആരോഗ്യ പരിരക്ഷയ്ക്കുള്ള പദ്ധതികൾ തുടങ്ങിയവരും ശ്രദ്ധേയമായി. 

മൂന്നാം സ്ഥാനം (10,000 രൂപയും ഫലകവും) 

ജിവിഎച്ച്എസ്എസ് അലനല്ലൂർ

  • സഹപാഠികളുടെ ദുരിതം അന്വേഷിച്ചറിഞ്ഞ് സഹായം എത്തിച്ചും പ്രകൃതി സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയും നാടിനാകെ മാതൃകയായ സർക്കാർ വിദ്യാലയത്തിന് ജില്ലാതല നല്ലപാഠം പുരസ്കാരം. ഒരു സഹപാഠിക്ക് വീടൊരുക്കാൻ സാമ്പത്തിക സഹായം നൽകി. 
  • ഒട്ടേറെ സഹപാഠികളുടെ ചികിത്സയ്ക്ക് സഹായം എത്തിച്ചു. ജീവിതോപാധി കണ്ടെത്താൻ നിർധന കുടുംബത്തിന് ആടിനെ നൽകുന്ന പദ്ധതിക്കും തുടക്കമിട്ടു. സ്കൂൾ വളപ്പിൽ മാത്രം 200 മരങ്ങൾ നട്ടു പരിപാലിക്കുന്നു. ഒരു വീടിന് ഒരു സഞ്ചി, പേപ്പർ കവർ വിതരണം, പേപ്പർ പേന നിർമാണം തുടങ്ങിയവ അടക്കം പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കി.  ഊർജ സംരക്ഷണത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവർക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നു. ഭിന്നശേഷിക്കാർക്കു സാന്ത്വനം പകരാനുള്ള പ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാംപ് ശുചീകരണം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, എന്റെ പത്രം, എന്റെ മിത്രം തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. 
  • നല്ലപാഠം പദ്ധതിയുടെ ഭാഗമായി കാർബൺ ന്യൂട്രൽ വിദ്യാലയം എന്ന ലക്ഷ്യത്തോടെ തുടർച്ചയായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കിയതാണ് പുരസ്കാര നേട്ടത്തിനു സഹായമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com