ADVERTISEMENT

കോവി‍ഡ്–19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 50 ലക്ഷം കുടുംബങ്ങൾക്ക് വിത്തുകളും തൈകളും വിതരണം ചെയ്യാൻ കൃഷിവകുപ്പ്. ജനങ്ങളിൽ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിച്ച് മനാസികോല്ലാസം നൽകുന്ന ഹോർട്ടികൾച്ചർ തെറാപ്പിയുടെ സാധ്യത വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പച്ചക്കറിവിത്ത്–തൈ വിതരണത്തിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

കോവിഡ് - 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അരക്കോടി കുടുംബങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്തി ചെറുകൃഷി വീടുകളിൽ തന്നെ തുടങ്ങുന്നതിന് സഹായഹസ്തവുമായി കൃഷിവകുപ്പ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

വീട്ടുവളപ്പിലെ സാധ്യമായ സ്ഥലത്ത് നടത്തുന്ന കൃഷി മാനസിക ഉല്ലാസത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്. വീടിനുള്ളിൽ അകപ്പെട്ടിരിക്കുന്ന ജനങ്ങളുടെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉത്തമ മരുന്നാണ് കൃഷി എന്ന ഹോർട്ടികൾച്ചർ തെറാപ്പി.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങൾ ചെറുകൃഷി വീട്ടിൽ തന്നെ ആരംഭിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ഫാമുകൾ, കാർഷിക കർമ്മസേന, വിഎഫ്‌പിസികെ, കേരള കാർഷിക സർവകലാശാല എന്നിവയുടെ നേതൃത്വത്തിൽ 50 ലക്ഷം കുടുംബങ്ങൾക്ക് വേണ്ട വിത്ത് പാക്കറ്റുകളും പച്ചക്കറിതൈകളും ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുന്നതിന് സജ്ജമായിട്ടുണ്ട്.

എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടർമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ എന്നിവർ ഇതിനു വേണ്ട സംവിധാന ക്രമങ്ങൾ ഒരുക്കുന്നതാണ്. അതാത് പഞ്ചായത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഇവ എല്ലാ കുടുംബങ്ങൾക്കും എത്തുന്നതായിരിക്കും.

ഇതിനകം തന്നെ കൃഷിവകുപ്പ് ജീവനി എന്നപേരിൽ കുടുംബകൃഷി വ്യാപകമാകുന്നതിനും പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ടും വിവിധ കർമ പരിപാടികൾ ആരംഭിച്ചിരുന്നു.

കേരളത്തിലെ അഞ്ചു കാർഷിക പാരിസ്ഥിതിക മേഖലകളുടെ അടിസ്ഥാനത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറി വിഭവങ്ങൾ ഉൾപ്പെടെയുള്ള ഇനങ്ങൾ ജീവനി ഹെൽത്ത് പ്ലേറ്റ് എന്ന എന്ന ആശയത്തിലൂടെ കൃഷിവകുപ്പ് അവതരിപ്പിച്ചിരുന്നു. ഹെൽത്ത് പ്ലേറ്റ് ആശയത്തിൽ പറയുന്ന ഒട്ടുമിക്ക പോഷകാഹാര വിഭവങ്ങളും സ്വന്തമായി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതിന് പറ്റുന്നവയാണ്. വീട്ടിലെ കൃഷി എല്ലാ കുടുംബങ്ങളും തുടങ്ങിയാൽ മാത്രമേ ഇത് പൂർണ്ണ അർഥത്തിൽ പ്രാവർത്തികമാക്കാൻ പറ്റുകയുള്ളൂ.

കർഷകർക്കും പൊതുജനങ്ങൾക്കും കൃഷി സംബന്ധമായ സംശയനിവാരണത്തിനും മറ്റുമായി അതാത് കൃഷി ഓഫീസർമാരുടെ ഫോൺ നമ്പറിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഇതുകൂടാതെ സംശയനിവാരണത്തിനായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കിസാൻ കോൾ സെന്ററിലെ 1800-425-1661 എന്ന നമ്പരിലോ 94000 22020 എന്ന മൊബൈൽ നമ്പറിലോ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

വീട്ടുവളപ്പിലെ സംയോജിത കൃഷി മാതൃകകളുടെ ഗവേഷണത്തിനായി കാർഷിക സർവകലാശാലയുടെ കീഴിൽ കരമന പ്രവർത്തിക്കുന്ന ഫാമിംഗ് സിസ്റ്റം റിസർച്ച് സെന്ററുമായും കർഷകർക്ക് നേരിട്ട് സംശയദുരീകരണം നടത്താവുന്നതാണ്. 9847022929, 9446104347എന്നീ നമ്പറുകളിൽ ഫാമിംഗ് സിസ്റ്റം സെന്റമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com