ADVERTISEMENT

ലോക്ക് ഡൗൺ കാലത്ത് വരുമാനമാർഗമായ കൊക്കോ പരിപ്പ് വിൽക്കാൻ പറ്റാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കി, കോട്ടയം ജില്ലകളിലെ കൊക്കോ കർഷകർ. ലോക്ക് ഡൗണിനെത്തുടർന്ന് മാർച്ച് 21 മുതൽ സംസ്ഥാനത്തെ കോക്കോ സംഭരണ ഏജൻസികൾ തുറന്നുപ്രവർത്തിക്കുന്നില്ല. കാർഷികമേഖലയിലെ പല വിഭാഗങ്ങളിലും ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കൊക്കോ സംഭരണത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സംഭരണത്തിന് അനുമതി ചോദിച്ച് സെൻട്രൽ അരകനട്ട് ആൻഡ് കോക്കോ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ–ഓപ്പറേറ്റീവ് (കാംപ്‌കോ) ലിമിറ്റഡ് സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊക്കോ കൃഷിയുള്ള ജില്ലകളാണ് ഇടുക്കിയും കോട്ടയവും. 

ഇടുക്കി ജില്ലയിൽ ഇടുക്കി, തൊടുപുഴ, അടിമാലി മേഖലകളിലാണ് ഏറ്റവുമധികം കൊക്കോ കൃഷിയുള്ളത്. സ്വകാര്യ ഏജൻസികളുൾപ്പെടെ സംഭരണം നിർത്തിവച്ചിരിക്കുന്നതിനാൽ കർഷകർ വലിയ സാമ്പത്തികപ്രതിസന്ധിയിലാണ്. ഇടുക്കിയിലെ ഒട്ടേറെ കർഷകരുടെ പ്രധാന വരുമാനമാർഗം കൊക്കോയാണ്. അതുകൊണ്ടുതന്നെ സംഭരിക്കാൻ വഴിയുണ്ടോ എന്ന് ഒട്ടേറെ കർഷകർ സംഭരണ ഏജൻസികളെ വിളിച്ച് അന്വേഷിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ പമ്പാവാലി പ്രദേശത്താണ് കൊക്കോക്കൃഷി ഏറെയുള്ളത്. 

അതേസമയം, കർഷകരുടെ അടയ്ക്ക സംഭരിക്കുന്നതിനായി കാർസർകോട് ജില്ലാ ഭരണകൂടം കാംപ്കോയ്ക്ക് അനുമതി കൊടുത്തിട്ടുണ്ട്. ബദിയടുക്ക, കാഞ്ഞങ്ങാട് സെന്ററുകളാണ് അടയ്ക്ക സംഭരണത്തിന് അനുമതിയുള്ളത്. സമാന രീതിയിൽ കർണാടകയിലെ മംഗലൂരുവിലും ഒമ്പത് കേന്ദ്രങ്ങളിൽ സംഭരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ കൊക്കോയുടെ സീസൺ ആയതിനാൽ ഇവിടെയും സംഭരണാനുമതി ജില്ലാഭരണകൂടം നൽകിയാൽ കർഷകർക്ക് വലിയ ആശ്വാസമാകും. 

കൊക്കോയുടെ സീസണായ സ്ഥിതിക്ക് സംഭരിക്കാൻ തുടങ്ങിയില്ലെങ്കിൽ ഈ മേഖലയിലെ കർഷകർ പട്ടിണിയിലാകും. അതുകൊണ്ടുതന്നെ എത്രയും വേഗം കൊക്കോ സംഭരണത്തിനുള്ള അനുമതി നൽകാൻ സർക്കാർ നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ അഭ്യർഥന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com