ADVERTISEMENT

കൃഷി ചെയ്യാനും മികച്ച വിളവ് നേടാനുമുള്ള സാഹചര്യം കേരളത്തിലുണ്ട്. എന്നാൽ, വിപണിയും വില എന്നിവയാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ക്ഷീരമേഖലയിലെ കർഷകരെ സഹായിക്കാൻ മിൽമ രൂപംകൊണ്ടതുപോലെ എന്തുകൊണ്ട് കാർഷിക വിളകൾക്ക് ഒരു സ്ഥിരവില നിശ്ചയിച്ച് ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ഒരു ഏജൻസിക്ക് രൂപംകൊടുത്തുകൂടാ? പച്ചക്കറികൾ സംഭരിക്കുന്ന സർക്കാർ ഏജൻസികൾ ഒരുപാടുണ്ടെങ്കിലും കർഷകർക്ക് അതിൽനിന്ന് ഗുണം ലഭിക്കുന്നില്ലെന്ന പരാതി ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. കർഷകർക്കുവേണ്ടി പഞ്ചായത്തു തോറും ആധുനിക സംഭരണകേന്ദ്രം തുടങ്ങണമെന്ന നിർദേശമാണ് ടോം കെ. ജോസഫ് മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ,

സർക്കാർ വിചാരിച്ചാൽ നിഷ്പ്രയാസം ചെയ്യാവുന്ന കാര്യമാണ്. പക്ഷേ ചെയ്യില്ല, ചെയ്യിക്കയുമില്ല. കൃഷി കേരളത്തിൽ രക്ഷപെടണമെങ്കിൽ ആദ്യമായി കൃഷിക്കിറങ്ങുന്നവന് ആത്മവിശ്വാസം വേണം, കൃഷി ചെയ്താൽ മാന്യമായി ജീവിക്കാം എന്ന്. തൽക്കാലം അങ്ങനെ ഒന്നിന് ഇന്നു പ്രസക്തിയില്ല.

കേരളത്തിലെ കർഷകർക്ക് ഏതു വിളയും ഉൽപാദിപ്പിക്കാൻ സാധിക്കും, എത്ര അളവിൽ വേണമെങ്കിലും, ഏതു നിലവാരത്തിൽ വേണമെങ്കിലും. പ്രശ്നം വിപണിയാണ്, വിലയാണ്. കൃഷിഭൂമിയിൽനിന്ന് ഉൽപന്നം ശേഖരിച്ച്, ആവശ്യമെങ്കിൽ മൂല്യവർധന നടത്തി, വൃത്തിയായി പായ്ക്ക് ചെയ്ത്, സൂക്ഷിക്കാൻ ഓരോ പഞ്ചായത്തിലും ഓരോ ആധുനിക സംഭരണ കേന്ദ്രം തുടങ്ങണം. അതാത് പഞ്ചായത്തു സംഭരണ കേന്ദ്രങ്ങളിൽനിന്ന് കർഷകന്റെ ഉൽപന്നത്തിന് സർക്കാർ അടിസ്ഥാന വില നിശ്ചയിച്ച് (മിൽമ പാൽ സംഭരിച്ച് ഗുണമേന്മ അനുസരിച്ച് പണം നൽകുന്നതുപോലെ) പണം നൽകണം. അതതു പഞ്ചായത്തിലെ കടകൾക്ക് അവിടെനിന്ന് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യണം, സർക്കാർ നിശ്ചമിച്ച മാർജിൻ എടുത്ത ശേഷം. മിച്ചം വരുന്നവ താലൂക്ക് സംഭരണ കേന്ദ്രങ്ങളിൽ കോൾഡ് സ്റ്റോറേജ് സംവിധാനത്തിൽ സംഭരിച്ച് വലിയ വിപണികളിലേക്ക് മാർജിൻ എടുത്ത് നൽകണം.

ജില്ലാ അടിസ്ഥാനത്തിൽ ഒരു പ്രഫഷണൽ കോ ഓർഡിനേറ്ററുടെ മേൽ നോട്ടത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനത്തോടെ ചരക്ക് വാഹനങ്ങളിൽ കേരളത്തിൽ മറ്റു മാർക്കറ്റുകളിലും വിദേശ വിപണികളിലേക്കും നൽകാം. ചുരുങ്ങിയ സമയം കൊണ്ട് ഈ സംവിധാനങ്ങൾ സ്വയം പര്യാപ്തത കൈവരിക്കും.

ഒരു ഐഎഎസ് ഓഫിസറെ എല്ലാ ജില്ലകളിലെയും സംഭരണ വിതരണ ശൃംഖലയുടെ തലവനാക്കി അധികം വരുന്ന ഉൽപന്നങ്ങളെ ദീർഘകാലം കോൾഡ്‌ സ്റ്റോറേജ് സംവിധാനത്തിൽ സൂക്ഷിക്കുകയോ റെയിൽ സംവിധാനത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് വിപണനം നടത്തുകയോ ചെയ്യാം. അടിസ്ഥാന വില ഓരോ ആറു മാസത്തിലും അവലോകനം ചെയ്ത് ആവശ്യമെങ്കിൽ പുതുക്കണം.

മെച്ചം എന്തെന്നാൽ, കർഷകന് ഉറപ്പായ വിപണിയും വിലയും പണവും ലഭിക്കും. പൊതുജനത്തിന് ഗുണമേന്മയുള്ള ഉൽപന്നം ന്യായമായ വിലയിൽ ലഭിക്കും. ഇടത്തട്ടുകാർ മാറുന്നതോടെ ഉൽപന്ന വില കുറയും. വിഷ രഹിത ഉൽപന്നങ്ങൾ ലഭിക്കും. കേരളം സ്വാശ്രയം ആകും.

ഇതൊന്നും ചെയ്യാതെ കൃഷി ചെയ്യേണ്ട സമയം കഴിഞ്ഞ് കുറച്ച് പച്ചക്കറി വിത്ത് സൗജന്യമായി കൊടുത്തതു കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com