ADVERTISEMENT

ലോക്ക് ഡൗൺ കാലം പലരെയും കൃഷി ചെയ്യാൻ പ്രേരിപ്പിച്ചു. ഇതിൽ ആദ്യമായി കൃഷി ചെയ്യുന്നവർ വരെ ഉൾപ്പെടും. ലോക്ക് ഡൗണിന്റെ വിരസതയിൽനിന്ന് വീട്ടിലേക്കുള്ള പച്ചക്കറി കൃഷി ചെയ്ത തൃശൂർ സ്വദേശി വിമൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

മനസിൽ 2 ലഡു ഒരുമിച്ച് പൊട്ടി. സംഭവം കൊള്ളാം 21 ദിവസം ചുമ്മാ വീട്ടിലിരിക്കാം. ലോക് ഡൗൺ വാർത്ത കേട്ടപ്പോൾ ആദ്യം മനസിൽ തോന്നിയത് ഇങ്ങനെയാണ്. പക്ഷേ, ആദ്യത്തെ 2 ദിവസംകൊണ്ടു തന്നെ പൊട്ടിയ ലഡുവിന്റെ മധുരം തീർന്നു. ഫോണിൽ തോണ്ടി തോണ്ടി കൈവിരൽ തേഞ്ഞതു മിച്ചം. ബോറടിയുടെ സുഖമറിയാനും തുടങ്ങി. ഇനിയെന്തു ചെയ്യും?

അങ്ങനിരിക്കുമ്പോഴാണ് മ്മടെ മാതാശ്രീ രണ്ടു മുളപ്പിച്ചെടുത്ത തക്കാളിത്തൈകൾ പറമ്പിൽ കൊണ്ടുപോയി നടുന്നതു കണ്ടത്. അമ്മ ഒരു ചെറിയ കൃഷിഭ്രമം ഉള്ള കൂട്ടത്തിലാണ്. ചെടികളേയും കൃഷിയേയും ഉള്ള സമയം വച്ച് നന്നായി പരിപാലിക്കാറുണ്ട്. 

അപ്പോഴാണ് എന്റെ മനസിൽ ഒരു ബൾബ് കത്തിയത് ‘കൃഷി...’ ഒരു കൈ നോക്കിയാലോ. കിട്ടിയ ഒരു ഷർട്ടും എടുത്തിട്ട് കസേരയിൽനിന്ന് ചാടിയെഴുന്നേറ്റ് പോയി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

അപ്പോഴാണ് ‘എവിടേക്കാ?’ എന്ന അമ്മയുടെ ചേദ്യം. 

തെല്ല് അഭിമാനസ്വരത്തിൽ ഞാൻ പറഞ്ഞു ‘കൃഷി തുടങ്ങാന്നു വച്ചു ഞാൻ കുറച്ച് വിത്തുകൾ വാങ്ങിയിട്ട് വരാം അമ്മ.’

‘പിന്നേ ലോക് ഡൗൺ സമയത്ത് കടയും തുറന്ന് വച്ചിരിക്കല്ലേ.’

ഈ ഒരൊറ്റ മറുപടിയിൽ അത്രനേരം കത്തിക്കൊണ്ടിരുന്ന ബൾബിന് പ്രകാശം ഇല്ലാതായി. അകത്തു പോയി അമ്മ എന്തോ എടുത്തുവന്നു.

‘ഡാ.... ഇതു മതിയോന്ന് നോക്ക്.’

അമ്മയുടെ കൈയ്യിൽ രണ്ടു മൂന്നു പൊതി, അമ്മ സൂക്ഷിച്ചുവച്ച കുറച്ചു വിത്തുകളാണ്. വെണ്ട, ചീര, കൈപ്പക്ക, പയർ, കുമ്പളം എന്നിവയുണ്ട്.

‘മതിയമ്മാ... ധാരാളം മതി.’

ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വാങ്ങിക്കും. പിന്നെ ഒരാവേശമായിരുന്നു. പറമ്പിൽ ചെറിയ ഒരു സ്ഥലം റെഡിയാക്കി. ഞാൻ തൂമ്പയെടുത്ത് കിളയ്ക്കുന്നത് കണ്ടിട്ടുള്ള സങ്കടം കൊണ്ടാവണം അമ്മയും കൂടെ കൂടി. കൃഷിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. എങ്ങിനെ തറയെടുക്കണം, വിത്ത് ഇടണം, വളം ഇടൽ, ഇങ്ങനെയെല്ലാം പറഞ്ഞു തന്നു.

അങ്ങനെ അമ്മയും ഞാനും കൂട്ടുകൃഷി ആരംഭിച്ചു. ഇത്തിരി സ്ഥലത്ത് വലകൊണ്ടൊരു വേലികെട്ടി  (അമ്മയുടെ നിർദ്ദേശമാണ് ഇല്ലെങ്കിൽ കോഴികൾ വന്ന് ചെടി കൊത്തിതിന്നുമത്രേ). നിലത്ത് ചാണകപ്പൊടിയിട്ട് ഇളക്കി മറിച്ച് വിത്തുകൾ പാകി. ചീര, വെണ്ട, പയർ, തക്കാളി, കുമ്പളം.

പിന്നെയുള്ള ദിവസങ്ങളിൽ രാവിലെ കണ്ണു തുറന്നാൽ ആദ്യം ഓടിഓടിച്ചെന്ന് നോക്കുന്നത് മുളവന്നോ എന്നാണ്. രണ്ടു ദിവസംകൊണ്ട് തന്നെ മുളവന്നു ചെടി വളരാൻ തുടങ്ങി. ഭക്ഷണം കഴിച്ചില്ലെങ്കിലും കൃഷി നനയ്ക്കുന്നകാര്യത്തിൽ ഒരു വീഴ്ചയും വരുത്തിയില്ല. ആവേശം കാരണം നന കൂടി ചെടികൾ ചീഞ്ഞു പോകുമോ എന്നായിരുന്നു അമ്മയുടെ പേടി. 

ഒരുമാസത്തെ പരിപാലനം കഴിഞ്ഞു ചീര വലുതായി. പയർ പൂവിട്ടു തുടങ്ങി. ഞങ്ങൾക്ക് പച്ചക്കറി വണ്ടി വിട്ടുതരാത്ത കർണാടകത്തിനെ കൊണ്ടുവന്ന് ‘കണ്ടോടാ’ എന്ന് അഹങ്കാരത്തോടെ പറയണമെന്ന് തോന്നി.

ചീര പറിച്ചു തുടങ്ങി, തക്കാളി കായ്ച്ചു, കുമ്പളം വള്ളിയായ് പടർന്നു... ഇപ്പോൾ ദിവസവും ഒരു ഇലക്കറി ഊൺമേശയിലായി. 

വലിയൊരു പാഠം പഠിച്ചു. നമ്മുടെ നിത്യജീവിതത്തിലെ ഒരൽപ്പസമയം കൃഷിക്കായി മാറ്റിവച്ചാൽ ഒരു കുടുബത്തിന് കഴിക്കാനുള്ള വിഷരഹിത പച്ചക്കറി ഒരുവിധം നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം.

കൂട്ടുകൃഷിക്കാരി അമ്മയോടൊപ്പം.

വിമൽ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com