ADVERTISEMENT

‘തരിശു ഭൂമി ഏറ്റെടുത്ത് പച്ചക്കറി കൃഷി ചെയ്യും’. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിലെ വാക്കുകൾ തൊടുപുഴ ഒളമറ്റം ചൈതന്യ നഗർ ഹൗസിങ് കോളനി കാരുടെ മനസിൽ ഒരുപാടു ലഡു പൊട്ടിച്ചു. 

കോളനിയിൽ വർഷങ്ങളായി തരിശുകിടക്കുന്ന  40 സെന്റ് സ്ഥലത്ത് അവരുടെ കണ്ണുടക്കി. കൃഷി ചെയ്താലോ ആലോചനയായി. കീരിയും പാമ്പും പട്ടിയും മരപ്പട്ടിയും കുറുക്കനും ഉടുമ്പും സ്വൈര്യവിഹാരം നടത്തുന്ന പറമ്പിൽ കോളനിക്കാരുടെ കണ്ണുവെട്ടിച്ച് വേസ്റ്റ് ഇടുന്ന സാമൂഹ്യദ്രോഹികളിൽനിന്നൊരു മോചനത്തിന് വഴി തെളിയുന്നു. 

പ്രവാസിയായ, വർഷങ്ങളായി പറമ്പിൽ പണിയൊന്നും ചെയ്യാത്ത ഉടമയുടെ ഫോൺ നമ്പർ കിട്ടാൻ നന്നേ പണിപ്പെട്ടു. അദ്ദേഹത്തിന്റെ ഭയാശങ്കകൾ അകറ്റാൻ മണിക്കൂറുകൾ നീണ്ട ഫോൺ വിളി വേണ്ടിവന്നു. അവസാനം ആശങ്കകൾ ഒഴിഞ്ഞ ഉടമ എന്തു കൃഷി വേണമെങ്കിലും ചെയ്തുകൊള്ളൂ എന്നു സമ്മതിച്ചു.

അനുവാദം കിട്ടിയതോടെ കൃഷിയിൽ താൽപര്യമുള്ള 14 കുടുംബങ്ങൾ അണിചേർന്നു. 3 വയസുള്ള കുട്ടി മുതൽ 75 വയസുള്ള മുത്തച്ഛൻ അടക്കം 36 പേർ. കർഷകർ, വീട്ടമ്മമാർ, വിദ്യാർഥികൾ, എൻജിനിയർമാർ,  ബാങ്ക് മാനേജർ, അഡ്വക്കേറ്റ്സ്, അധ്യാപകർ, ബിഎസ്എൻഎൽ ഓഫിസർമാർ, ബിസിനസുകാർ അങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള കൃഷിയെ സ്നേഹിക്കുന്നവർ. അവരെ മുന്നിൽനിന്ന് നയിക്കാൻ റിട്ടയർ ചെയ്ത ഒരു കൃഷി ജോയിന്റ് ഡയറക്ടറും. 

thodupuzha-1
പണികൾക്കുശേഷം

തൊടുപുഴ കൃഷി അസിസ്റ്റന്റ് ഡയക്ടർ സെലീനാമ്മയെയും മുനിസിപ്പൽ കൃഷി ഓഫീസർ ജോഷ്വായെ ബന്ധപ്പെട്ടു. ‘ജീവനി ഹരിതസംഘം ഒളമറ്റം’ എന്ന സംഘം റജിസ്റ്റർ ചെയ്യുന്നതിന് എല്ലാ ഒത്താശയും അവർ ചെയ്തു. സംഘം റജിസ്റ്റർ ചെയ്തു.

ഒരാൾ പൊക്കത്തിൽ വളർന്ന കാടും ചെടികളും. പാണൽ ആയിരുന്നു വലിയൊരു പ്രശ്നം. അരയും തലയും മുറുക്കി അവരവരുടെ വീട്ടിലെ പണിയായുധങ്ങളായ തുമ്പയും കുന്താലിയും അരിവയും വാക്കത്തിയും ആയി ഓരോരുത്തരും ഇറങ്ങിയപ്പോൾ 4 ദിവസം കൊണ്ട് പറമ്പ് വൃത്തിയായി. പാറ പോലെ ഉറച്ച മണ്ണായിരുന്നു മറ്റൊരു വെല്ലുവിളി. അത് അവരെക്കൊണ്ടു കൂട്ടിയാൽ കൂടില്ല.  അതുകൊണ്ട് ജെസിബി വിളിച്ചെങ്കിലും ലോക്ക് ഡൗൺ ആയതുകൊണ്ട് വന്നില്ല .

എന്നാൽ അവരുടെ ഭാഗ്യം ഗ്രീൻ സോണിന്റെ രൂപത്തിൽ വന്നു. ഏപ്രിൽ 21ന് ലോക്ക് അഴിച്ച് ഇടുക്കി ഗ്രീൻ സോൺ ആയി. പണിയൊന്നുമില്ലാതെ വീട്ടിൽ ബോറടിച്ചിരുന്ന ജെസിബി പാഞ്ഞു വന്നു നാലു മണിക്കൂർ കൊത്തിക്കിളച്ച് ഉഴുതുമറിച്ച് 40 സെന്റിലെ കടുപ്പക്കാരിയെ വെണ്ണ തോൽക്കും ഉടലാക്കി. വിത്ത്, വളം, നടീൽ വസ്തുക്കൾ, ജെസിബി വാടക എന്നീ ഇനത്തിൽ രൂപ 14,000 പൊട്ടി. ഓരോ വീട്ടുകാരും ആയിരം രൂപ വീതം ഇട്ടു. പിന്നെ ചിട്ടയോടെ കൃഷി.

thodupuzha-3
ഒട്ടേറെ വിളകൾ

വാഴ, കപ്പ, ചേന, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നനകിഴങ്ങ്, അടതാപ്പ്, ഇഞ്ചി, മഞ്ഞൾ, മത്തൻ, കുമ്പളം, വെള്ളരി, കോവൽ, പാവൽ, പടവലം, വെണ്ട, വഴുതന, തക്കാളി, മുളക്, ചീര, പയർ, പപ്പായ, മുരിങ്ങ, കറിവേപ്പ് എന്നുതുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത വിളകൾ.

പാവൽ, കോവൽ, പയർ, പടവലം എന്നിവയ്ക്ക് അലസമായി കിടക്കുന്ന പരമ്പരാഗത പന്തലില്ല. പകരം,  പറമ്പിന്റെ നാലതിരിൽ കമ്പു നാട്ടി വലകെട്ടി പറമ്പിനു കാവൽ നിൽക്കുന്ന നിൽക്കുന്ന പന്തലിലാണ് ഇവ. അതായത് ലംബ കൃഷി രീതി.

പറമ്പ് ഒരുക്കലും നടീലും 10 ദിവസംകൊണ്ട് പൂർത്തിയായി. ഈ ദിവസങ്ങളിൽ ചൈതന്യയുടെ കമ്മ്യൂണിറ്റി കിച്ചൻ സജീവം. സാമൂഹിക അകലം പാലിച്ച് ചക്കയും ചിക്കനും കപ്പയും മീനും ചിക്കൻ ബിരിയാണയും ചോറും കറികളും പണിത് തളർന്നവർ ആവോളം കഴിച്ചു.

thodupuzha-2
കുശലം പറഞ്ഞ് ഭക്ഷണം തയാറാക്കൽ

കിച്ചൻ ചുമതല വനിതകൾക്കായിരുന്നു. ഒളമറ്റത്തെ പെണ്ണുങ്ങളുടെ രുചി പെരുമ കൊച്ചു കുഞ്ഞുങ്ങളെ പോലും കൃഷിയിടത്തെക്കടുപ്പിച്ചു.

500 മീറ്റർ പൊതു റോഡെങ്കിലും ടേൺ വച്ച് തൂത്തു വൃത്തിയാക്കും ചൈതന്യയിലെ താമസക്കാർ. അത് പണ്ടു മുതലേയുള്ള ഒരാചാരമാണ്. ഇനി ആ ചപ്പുചവറുകൾ ചെടികൾക്ക് പുതയും വളവുമായി മാറും.

thodupuzha-4
സ്ഥലം വൃത്തിയാക്കുന്നു

മുളപൊട്ടി കുഞ്ഞു നാമ്പുകൾ കണ്ണുചിമ്മിത്തുടങ്ങി. എല്ലാ ദിവസവും ഉറക്കം ഉണർന്നാൽ കൃഷിയിടത്തിലേക്കോടാൻ ധൃതിയുണ്ട് ഓരോരുത്തർക്കും. കോവിഡിന്റെ ആശങ്കകൾ അകറ്റുന്ന പ്രതീക്ഷയുടെ പുതു നാമ്പുകളാണ് ആ കൃഷിയിടത്തിൽ പൊട്ടിമുളയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com