ADVERTISEMENT

ലോക്ഡൗൺ സമയത്ത് കൃഷി പ്രോത്സാഹിപ്പിക്കാനായി പി.ജെ. ജോസഫ് എംഎൽഎ തുടക്കമിട്ട അഗ്രി ചാലഞ്ച് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.  സ്വദേശത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം ഇതിൽ പങ്കാളികളായിക്കഴിഞ്ഞു.

 

കൃഷിയിറക്കി സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവയ്ക്കാനുള്ള വെല്ലുവിളിയാണ് പരിപാടി. ചാലഞ്ചുകൾ  സമൂഹമാധ്യമങ്ങളില്‍  സജീവമാണെങ്കിലും അഗ്രി ചലഞ്ച് വീണ്ടും മണ്ണിലേയ്ക്കിറങ്ങാനുള്ള പ്രേരണ കൂടിയാണ്. പറമ്പില്‍ പ്ലാവിന്‍ തൈ നട്ട് കോവിഡ്-1 എന്ന പേരുമിട്ടാണ് ജോസഫ് ചാലഞ്ച് തുടങ്ങിയത്. 

 

ജോസഫിന്റെ  അഗ്രി ചാലഞ്ച്  ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളള ജനപ്രതിനിധികളും ഏറ്റെടുത്തു. ഒരു ലക്ഷത്തിലധികം പേർ അഗ്രി ചലഞ്ചിൽ പങ്കാളികളായി. ചാലഞ്ച് ഏറ്റെടുക്കുന്നവർ സ്വന്തം കൃഷിയിടത്തിൽ തൈകൾ നട്ടതിനു ശേഷം ചിത്രങ്ങളും കൃഷി വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കണം. ഇവരുടെ ചിത്രങ്ങളും മറ്റും പി.ജെ. ജോസഫിന്റെ ഔദ്യോഗിക പേജിലൂടെയും ഷെയർ ചെയ്യുന്നുണ്ട്.

 

ഗാന്ധിജി സ്റ്റഡി സെന്റർ ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ അഗ്രി ചാലഞ്ചിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മാണി സി. കാപ്പൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, പി.ടി. തോമസ്, മോൻസ് ജോസഫ്, ഐ.സി. ബാലകൃഷ്ണൻ, നടന്മാരായ റിയാസ് ഖാൻ, ബിനീഷ് ബാസ്റ്റിൻ, പിന്നണിഗായകരായ അഫ്സൽ, ജോത്സ്ന തുടങ്ങി നിരവധി പേർ പങ്കാളികളായി. എംജി യൂണിവേഴ്സിറ്റി വൈസ് ചാലൻസലർ ഡോ. സാബു തോമസ് പി.ജെ. ജോസഫിന്റെ ഉദ്യമത്തെ അഭിനന്ദിച്ചു. 

 

കൊറോണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, കാർഷിക മേഖലയുടെ പ്രസക്തി പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുക, കൊറോണ ഭീതിയിൽ വീടിനുള്ളിൽ  അടച്ചിരിക്കുന്നവർക്ക് പ്രകൃതിയോട് ചേർന്ന് മാനസിക ഉല്ലാസത്തിന് അവസരമൊരുക്കുക എന്നിവയാണ് അഗ്രി ചലഞ്ചിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, പാളയം ഇമാം മൗലവി തുടങ്ങി കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കലാ സാംസ്കാരിക സാമുദായിക മേഖലകളിലുള്ള നിരവധി പ്രമുഖരാണ് അഗ്രി ചാലഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചത്.

 

കൃഷിയും കന്നുകാലി വളർത്തലും മുമ്പു തന്നെ ജീവിതത്തിന്റെ ഭാഗമാക്കിയ പി.ജെ. ജോസഫ് കൂടുതൽ സമയവും ഇപ്പോൾ കൃഷിയിടത്തിലാണ്. വിവിധയിനം പച്ചക്കറികൾ, പപ്പായകൾ, വാഴകൾ എന്നിവയ്ക്കു പുറമേ വിയറ്റ്‌നാം പ്ലാവ്, അപ്പാച്ചെ പുതിയ ഇനങ്ങളും പരീക്ഷിച്ചു വരികയാണ് എംഎൽഎ. വള്ളിപ്പയർ, തട്ടപ്പയർ, വെണ്ട, ചീര, കോവൽ, പാവൽ, മുളക്, വഴുതന, തക്കാളി തുടങ്ങി പി.ജെ. ജോസഫിന്റെ പച്ചക്കറികളുടെ പട്ടിക ഇനിയും നീളും. ജൈവകൃഷിയും മാലിന്യ മുക്തമായ കേരളവുമൊക്കെ വർഷങ്ങൾക്കു മുൻപേ പഠിപ്പിച്ചു തുടങ്ങിയതാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com