ADVERTISEMENT

സ്വാശ്രയ ഇന്ത്യ സാമ്പത്തിക പാക്കേജിൽ കാർഷിക മേഖലയ്ക്കായി ഇന്നലെ നടത്തിയ പ്രഖ്യാപനങ്ങൾ വേണ്ടത്രയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ എത്ര നൽകിയാലും മതിയാവില്ലെന്നും ആവുന്നതു ചെയ്യാനാണു ശ്രമമെന്നും മന്ത്രി വ്യക്തമാക്കുന്നു. 

കർഷകർ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് ഇന്നലത്തെ പ്രഖ്യാപനങ്ങൾ പരിഹാരമാകില്ലെന്ന വാദത്തെ മന്ത്രി ഖണ്ഡിക്കുന്നില്ല. പകരം, മാർച്ച് അവസാനവാരത്തിൽ പ്രഖ്യാപിച്ച പാക്കേജിലെ പിഎംകിസാൻ, വിള ഇൻഷുറൻസ് പദ്ധതികളിലായി നൽകിയ തുക പരിഗണിക്കണമെന്നാണ് നിലപാട്.  

നിയമങ്ങൾ മാറ്റുന്നു

ചില കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി കാർഷികോൽപന്ന വിപണിയിൽ ഉദാരവൽകരണം സാധ്യമാക്കുകയാണ് സർക്കാർ. എന്തു കൃഷി ചെയ്യണമെന്ന തീരുമാനത്തിൽ ഉൽപന്നങ്ങൾ വാങ്ങുന്ന വൻകിട കമ്പനികൾക്കും പങ്ക് അനുവദിക്കുന്നു. 

65 വർഷം പഴക്കമുള്ള അവശ്യസാധന നിയമത്തിൽ ഭക്ഷ്യോൽപന്നങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഭേദഗതിയിലൂടെ ഒഴിവാക്കാനാണ് തീരുമാനം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ഒഴിവാക്കാനെന്നോണമാണ് ഉൽപന്നങ്ങൾ വ്യാപാരി വാങ്ങിസൂക്ഷിക്കുന്നതിന്റെ തോതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഉൽപാദനം വലിയ തോതിൽ വർധിച്ചിരിക്കുമ്പോൾ നിയന്ത്രണം തുടരുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും കർഷകർക്ക് ന്യായവില ലഭിക്കില്ലെന്നുമാണ് നിതി ആയോഗും ഇത്തവണ സാമ്പത്തിക സർവേയും വാദിച്ചത്. അടിയന്തര സാഹചര്യത്തിലേക്കു മാത്രമായി ഇനി സർക്കാരിന്റെ ഇടപെടൽ ചുരുങ്ങും.

ഉൽപന്നങ്ങൾ കാർഷികോൽപന്ന മാർക്കറ്റിങ് സമിതികളുടെ (എപിഎംസി) ലൈസൻസ് ഉള്ളവർക്കു മാത്രം വിൽക്കണമെന്ന വ്യവസ്ഥ കർഷകർക്കു ഗുണകരമല്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നിയമത്തിലൂടെ സ്വതന്ത്ര വ്യാപാരത്തിന് അവസരമൊരുക്കുന്നത്. കൃഷി സംസ്ഥാന വിഷയമെന്ന നിലയ്ക്ക് സംസ്ഥാനങ്ങൾ എതിർക്കാം. എന്നാൽ, അന്തർ–സംസ്ഥാന വ്യാപാര വിഷയത്തിൽ നിയമമുണ്ടാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് കേന്ദ്ര നിലപാട്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ വ്യാപാരം പ്രോത്സാഹിപ്പിക്കുമ്പോൾ ഒരു രാഷ്ട്രം – ഒരു വിപണിയെന്ന ആശയത്തിനാണ് ഊന്നൽ. 

വിളയ്ക്കു ലഭിക്കാവുന്ന വിലയെക്കുറിച്ച്, വിത്തിറക്കുംമുൻപേ ധാരണയുണ്ടാക്കാൻ കർഷകനെ സഹായിക്കുന്നതെന്നാണ് നിയമവുമായി ബന്ധപ്പെട്ട മൂന്നാമത്തെ നടപടിയെ മന്ത്രി വിശേഷിപ്പിച്ചത്.

സ്വകാര്യ മുതൽമുടക്ക് വലിയ തോതിൽ വരുമെന്നും വിത്തുൾപ്പെടെയുള്ള കാര്യങ്ങളിൽ നിക്ഷേപകർക്ക് ഇടപെടാമെന്നും മന്ത്രി സൂചിപ്പിക്കുന്നു. കർഷകരും നിക്ഷേകരുമായുള്ള പങ്കാളിത്തം നീതിപൂർവകവും സുതാര്യവുമാക്കാനുള്ളതാണ് ഉദ്ദേശിക്കുന്ന നിയമം. 

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ

  • പശു, ആട്, എരുമ, പന്നി തുടങ്ങിയവയ്ക്ക് വാക്സിനേഷനു 13,343 കോടി.
  • പാൽ സംസ്കരണം, മൂല്യവർധന, കാലിത്തീറ്റ ഉൽപാദനം എന്നിവയ്ക്ക് സ്വകാര്യ മുതൽമുടക്ക് പ്രോത്സാഹിപ്പിക്കാനുൾപ്പെടെ 15,000 കോടിയുടെ വികസന നിധി.
  • ഔഷധ സസ്യക്കൃഷി വികസനത്തിന് 4,000 കോടി. 2 വർഷത്തിനകം 10 ലക്ഷം ഹെക്ടറിൽ ക‍ൃഷി വികസനം.
  • തേനീച്ച വളർത്തൽ മേഖലയിൽ ഉൽപാദനം, സംഭരണം, മാർക്കറ്റിങ് തുടങ്ങിയവയ്ക്ക് 500 കോടി.
  • വിതരണ ശൃംഖല തകർന്നതിനാലുള്ള പ്രതിസന്ധി നേരിടാൻ പഴങ്ങളും പച്ചക്കറികളും ലഭ്യത കൂടുതലുള്ള വിപണിയിൽനിന്നു കുറവുള്ളിടത്തേക്കു നീക്കുന്നതിനുള്ള ചെലവിനും ശീതീകരണി ഉൾപ്പെടെയുള്ള സൂക്ഷിക്കൽ സംവിധാനങ്ങൾക്കും 50% സബ്സിഡി. നിലവിൽ, തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയ്ക്കുള്ള പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com