ADVERTISEMENT

പൊതുസ്ഥലങ്ങളിൽ കൂട്ടമായി പ്രത്യക്ഷപ്പെടുന്ന തേനീച്ചകളെ സംരക്ഷിക്കാനായി മുന്നിട്ടിറങ്ങി തേനീച്ചക്കർഷകരായ മാള അംബഴക്കാട് സ്വദേശി വിനു മംഗലവും തൃശൂർ അംബല്ലുർ സ്വദേശി ലിനേഷും. കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും വാസമുറപ്പിക്കുന്ന പെരുന്തേനീച്ചകളെ (apis dorsata) കൊന്നൊടുക്കല്ലേ എന്ന അഭ്യർഥനയുമായി സഞ്ചരിക്കുകയാണിവർ.  ബോധവൽക്കരണം മാത്രമല്ല, തേനീച്ചക്കൂട് മനുഷ്യവാസത്തിന് ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഈച്ചകൾക്കു യാതൊരു വിധത്തിലുമുള്ള നാശമുണ്ടാക്കാതെ ഒഴിപ്പിക്കുന്ന ദൗത്യവും ഇവർ ഏറ്റെടുക്കും. ഈ പ്രവർത്തനം അൽപം സാഹസികമാണെങ്കിൽ കൂടി തേനീച്ചകളെ സംരക്ഷിക്കേണ്ടത് മനുഷ്യധർമമായി കണ്ടാണ് ഈ കർഷകർ ദൗത്യം ഏറ്റെടുക്കുന്നത്. പ്രകൃതിയിലെ സസ്യങ്ങളിലെ പരാഗണത്തിന്റെ 85 ശതമാനവും തേനീച്ചകൾ വഴിയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഭൂമുഖത്തുനിന്ന് തേനീച്ചകൾ അപ്രത്യക്ഷമായാൽ ഭൂമിയിൽ ജീവൻ വെറും നാലു വർഷമേ ഉണ്ടാകൂ എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്.

ഇതിനോടകം എറണാകുളത്തും തൃശൂരുമായി അഞ്ഞൂറിൽപ്പരം തേനീച്ചക്കൂടുകൾ ഇവർ മാറ്റികൊടുത്തിട്ടുണ്ട്. മനുഷ്യവാസത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കൂടുകൾ മാത്രമാണ് ഒഴിപ്പിക്കുക. 

ലോക്‌ഡൗൺ കാലത്ത് നഗരങ്ങളിലെ കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും തേനീച്ചകൾ വന്നു ചേക്കേറുന്ന പ്രവണത ഏറിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഇവയെ കടന്നലാണെന്നു കരുതിയും ആക്രമിക്കുമോ എന്ന് ഭയന്നും പലരും തീ വച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കൂട്ടമായി നശിപ്പിക്കപ്പെടുന്നതിനാൽ ഇവ വംശമറ്റു പോകാനും സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു . 

bee-1
വിനു മംഗലവും ലിനേഷും

തേനീച്ചകൾ പൊതുവെ ശാന്ത സ്വഭാവമുള്ളവരാണ്. പ്രകോപനമില്ലാതെ അവ ആരെയും ആക്രമിക്കില്ല. അതേ മനോഭാവത്തോടെ ഇവയെ കൈകാര്യം ചെയ്താൽ എത്ര വലിയ തേനീച്ചക്കൂടും മാറ്റിയെടുക്കാൻ അനായാസം കഴിയും. 

ഖാദി ആൻഡ് വില്ലജ് ഇൻഡസ്‌ട്രീസ്‌ പുനെയിൽനിന്നു മാസ്റ്റർ ഇൻ ബീകീപ്പിങ് പഠനത്തിനു ശേഷമാണ് ഇരുവരും തേനീച്ചവളർത്തലിലേക്കിറങ്ങിയത്. 

ഫോൺ: 9539283111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com