ADVERTISEMENT

ഉൾനാടൻ ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലത്ത് പെരിയാർ തീരത്തും സമീപ തോടുകളിലും അനധികൃത ഊത്തമീൻ പിടിത്തം വ്യാപകം. കൂവപ്പടി പഞ്ചായത്തിലെ കോടനാട് കേന്ദ്രീകരിച്ചാണ് മീൻപിടിത്തം വ്യാപകമായിരിക്കുന്നത്. 

മുൻപ് ചാക്കു കണക്കിനു മീൻ ജൂൺ, ജൂലൈ മാസങ്ങളിൽ പിടിച്ചെടുത്തിരുന്നു. മഴക്കാലമായതോടെ സംഘങ്ങൾ വീണ്ടും സജീവമായി. കുറിച്ചിലക്കോടും  കോടനാടും അതിർത്തി പങ്കിട്ടൊഴുകുന്ന പുഞ്ചക്കുഴി തോട് കേന്ദ്രീകരിച്ചാണ് കുടുതൽ മീൻപിടിത്തവും.

ഉൾനാടൻ ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലമാണ്  ജൂണും ജൂലൈയും. പ്രജനനത്തിനു വേണ്ടി തയാറാകുന്ന പെൺ മത്സ്യങ്ങളാണ് ഊത്തമീൻ എന്നറിയപ്പെടുന്നത്. പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും കൂട്ടത്തോടെ മത്സ്യങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ വിവിധ മാർഗങ്ങൾ ഉപയോഗിച്ചു അവയെ പിടി കൂടുകയാണ് രീതി.

fishing-3

പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പോട്ട, ചീക്, പുല്ലൻ കുറുവ, മഞ്ഞക്കൂരി, കോലാൻ, പള്ളത്തി, മനഞ്ഞിൽ, ആറ്റുവാള , തൂളി തുടങ്ങിയ മീനുകളാണ് ഊത്തക്കൂട്ടമായി കാണുന്നത്. ഇവയെ കൂട്ടത്തോടെ വേട്ടയാടുന്നതിനാൽ വംശവർധനയില്ലാതെ ഭീഷണി നേരിടുകയാണ്. 

ചെറിയ പരൽ ഇനത്തിൽപ്പെട്ട മീൻ  പോലും രക്ഷപെടാതിരിക്കാൻ ഒഴുക്കു മാർഗങ്ങൾ ഇരുമ്പുഗ്രിൽ സ്ഥാപിച്ച് അടയ്ക്കുകയും മധ്യഭാഗത്ത് ഇരുമ്പു കമ്പികളും  വലകളും വെൽഡ് ചെയ്തു സ്ഥാപിക്കുന്ന പെരുംകൂടുകളും ഉപയോഗിച്ചാണ് മീൻപിടിത്തം. ഫിഷറീസ് വകുപ്പ് നിരോധിച്ചതാണ് ഇത്തരം മാർഗങ്ങൾ. ചാട്ടക്കാരായ മത്സ്യങ്ങളെ  പിടിക്കാൻ മുകളിൽ വലകളും സ്ഥാപിക്കും. 

fishing-2

പാടശേഖരങ്ങളിൽ കൃഷിക്ക് ജലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സ്ഥാപിച്ച  ഇറിഗേഷൻ പദ്ധതിയുടെ തൂണുകളിലാണ് മീൻപിടിത്ത കൂടുകൾ സ്ഥാപിച്ചിരിക്കുന്നത്.  വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ചു പുഴയിൽനിന്നും തിരിച്ചും കൂടു സ്ഥാപിക്കാൻ കഴിയുംവിധമാണ് നിർമാണം. അതിനു വേണ്ടി തോട്ടിൽ വലിയ കമ്പികളും സ്ഥാപിച്ചിട്ടിട്ടുണ്ട്‌.

നിരോധനം മുൻപേ

പുഴകളും തോടുകളും അഴികളുമുൾപ്പെടെയുള്ള ജലാശയങ്ങളിൽ മത്സ്യപ്രജനന സമയങ്ങളിൽ സഞ്ചാരപഥങ്ങളിൽ തടസം വരുത്തി അവയെ പിടിച്ചെടുക്കുന്നതും (ഊത്തപ്പിടുത്തം), അനധികൃത ഉപകരണങ്ങൾ (പത്താഴം), വൈദ്യുതി (ഇൻവെർട്ടർ/ലൈൻ ടാപ്പിങ്)  ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 പ്രകാരം നിരോധിച്ചതാണ്.  ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന വ്യക്തികൾക്ക് 15,000 രൂപ പിഴയും കുറ്റം ആവർത്തിച്ചാൽ 6 മാസം വരെ തടവും ലഭിക്കും. ഇത്തരം പ്രവർത്തനങ്ങൾ കണ്ടാൽ ഫിഷറീസ്, പൊലീസ്, റവന്യു വകുപ്പുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നടപടി സ്വീകരിക്കാം. 

fishing-1

അധികാരികളുടെ  ശ്രദ്ധയിൽപ്പെടാത്ത സ്ഥലങ്ങളിലാണ് ഇത്തരം സംഘങ്ങൾ  മത്സ്യക്കൊള്ള നടത്തുന്നത്. പുഞ്ചക്കുഴി തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത മത്സ്യബന്ധനമാർഗങ്ങൾ നീക്കം ചെയ്ത് സഞ്ചാരപാത സുഗമമാക്കി മത്സ്യങ്ങളെ വംശനാശത്തിൽനിന്നു സംരക്ഷിക്കണമെന്നു പരിസ്‌ഥിതി പ്രേമികളും നാട്ടുകാരും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com