ADVERTISEMENT

പുഴയിൽ ഒരു കുളം. കുളത്തിൽ നിറയെ മത്സ്യങ്ങൾ. ഗോതുരുത്തിലാണു കൂടുമത്സ്യക്കൃഷിയുടെ പുത്തൻ കാഴ്ച. സുഹൃത്തുക്കളായ ജൂഡ് റാഫേലിന്റെയും കെ.എൽ. ജോണിന്റെയും പരീക്ഷണമാണ്. മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയിടാതെ കൃഷി ചെയ്യാമെന്നതാണു പ്രധാന നേട്ടം. കോട്ടപ്പുറം കായലിൽ ഗോതുരുത്തു വടക്കുഭാഗത്തു പുഴയിൽ 140 അടി നീളത്തിലും 40 അടി വീതിയിലും കുളം നിർമിച്ച് ലോഹവല (മെഷ്) ഇട്ടിരിക്കുകയാണ്. അടിത്തട്ടു വരെ താഴ്ത്തിയ വലയുടെ വിടവുകളിലൂടെ പുഴവെള്ളം സുഗമമായി ഒഴുകും. നിർമിക്കുമ്പോൾ തന്നെ ഒട്ടേറെ മത്സ്യങ്ങൾ കുളത്തിലുണ്ടാകും. കരിമീനും ചെമ്പല്ലിയുമാണ് ഏറെ.

മത്സ്യങ്ങള്‍ക്കു ജീവിക്കാന്‍ ആവാസവ്യവസ്തയുള്ള, പ്രജനനം നടക്കുന്ന ഭാഗത്താണു കൃഷി ചെയ്യേണ്ടത്. മത്സ്യക്കുഞ്ഞുങ്ങൾക്കു പകരം കുറച്ച് ഇണമത്സ്യങ്ങളെ വാങ്ങി നിക്ഷേപിക്കും. ഇവയുടെ കുഞ്ഞുങ്ങള്‍ പുഴയിലെ കുളത്തിൽ വളരും. ലോഹവലയിലെ 3 ഇഞ്ച് വലുപ്പമുള്ള വിടവുകളിലൂടെ മത്സ്യകുഞ്ഞുങ്ങൾക്കു പുറത്തക്കും അകത്തേക്കും കടക്കാൻ കഴിയും. കുളത്തിൽ പിറക്കുന്ന കുഞ്ഞുങ്ങളിൽ കുറെ പുറത്തേക്കു പോകുന്നതു പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കും. പുഴയിലുള്ള കുഞ്ഞുങ്ങൾ അകത്തേക്കു വരുന്നതു കൃഷിയില്‍ നേട്ടമുണ്ടാക്കുമെന്നു ജൂഡ് റാഫേൽ പറഞ്ഞു.

ഒന്നര വർഷമായി സാധാരണ കൂടുമത്സ്യക്കൃഷി ചെയ്യുന്നുണ്ടെങ്കിലും ലാഭമില്ലെന്ന് ഇവർ പറയുന്നു. പണം മുടക്കി വാങ്ങി നിക്ഷേപിക്കുന്ന കുഞ്ഞുങ്ങളിൽ കുറെ ചത്തുപോകുകയാണ്. ചെറിയ കൂട്ടിൽ മത്സ്യങ്ങൾ കൂട്ടംകൂടി നിൽക്കുന്നതു പുഴവെള്ളത്തില്‍ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ചത്തുപോകാൻ കാരണമാകുന്നു. കുളം പോലെ നിർമിച്ചാൽ മത്സ്യങ്ങൾക്കു നീന്തിത്തുടക്കാൻ സ്ഥലം ലഭിക്കും. കൂടുകൃഷിയുടെ വല കീറുന്ന പ്രശ്നങ്ങൾ ലോഹവല ഇടുന്നതിലൂടെ പരിഹരിക്കാം. തൊഴിൽ എന്ന നിലയിൽ മാത്രമേ തങ്ങൾക്കു കൂടുമത്സ്യക്കൃഷി കാണാൻ കഴിയുന്നുള്ളൂ. സംരഭമായി കാണാ‍ൻ പറ്റാതിരുന്നതിനാലാണു പുതിയ രീതി പരീക്ഷിച്ചതെന്നു കെ.എൽ. ജോൺ പറഞ്ഞു.

കുളത്തിന്റെ കുറച്ചുഭാഗം വേർതിരിച്ചെടുത്തു ഞണ്ട് കൃഷി ചെയ്യുന്നുണ്ട്. ഒരുപരിധിവരെ വെള്ളം പൊങ്ങിയാലും മത്സ്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അടുത്തഘട്ടമായി കുളത്തിന്റെ മുകൾ ഭാഗം ലോഹവല ഉപയോഗിച്ചു മൂടും. ഡിസംബറിൽ ആദ്യ വിളവെടുപ്പ് നടത്തുകയാണു ലക്ഷ്യം. ലോഹവല മറിയാതിരിക്കാൻ പുഴയുടെ അടിത്തട്ടിൽ 2 അടിയിലേറെ താഴ്ത്തിയിട്ടുണ്ട്. ഒഴുക്കും ആഴവുമുള്ള സ്ഥലത്തു കൃഷി ചെയ്യുന്നതു മത്സ്യത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും. ചെറിയ മീനുകളും മീൻതീറ്റയുമാണു മത്സ്യങ്ങളുടെ പ്രധാന ഭക്ഷണം. കൃഷിയുടെ എല്ലാ കാര്യങ്ങളും പൂർത്തിയാകുമ്പോൾ ഏകദേശം 10 ലക്ഷം രൂപയോളം ചെലവു വരും. പുതിയ കൃഷിയെക്കുറിച്ച് ഫിഷറീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.

English summary: Cage culture in Aquaculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com