കാട്ടുപന്നി കൃഷി നശിപ്പിച്ചു; വനപാലകർക്കെതിരെ പൊലീസിനെ സമീപിച്ച് കർഷകൻ

HIGHLIGHTS
  • പൊലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും
wild-boar
SHARE

കാട്ടുപന്നി കൃഷികൾ നശിപ്പിച്ചതിന് വനപാലകരുടെ പേരിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവ കർഷകൻ പൊലീസിൽ പരാതി നൽകി. മുക്കാലുമൺ മോടിയിൽ രാജേഷ് എസ്. ആനന്ദാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. 

കഴിഞ്ഞ 18ന് രാത്രി 2 മണിയോടെ രാജേഷിന്റെ കൃഷിയിടത്തിൽ പന്നിക്കൂട്ടം അതിക്രമിച്ചു കടന്ന് ഒരു വർഷമായ 16 തെങ്ങുകൾ, ഒരു ഏക്കർ സ്ഥലത്തെ മരച്ചീനി, വാഴ, കണ്ണൻ ചേമ്പ്, ചീമ ചേമ്പ്, കിഴങ്ങ് എന്നിവ നശിപ്പിച്ചിരുന്നു. ലക്ഷം രൂപയുടെ നഷ്ടം നേരിട്ടെന്നാണ് രാജേഷ് പറയുന്നത്. 

ഇതു ചൂണ്ടിക്കാട്ടി കരികുളം വനം സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർ, റാന്നി റേഞ്ച് ഓഫിസർ, വനം റാന്നി ഡിവിഷൻ ഓഫിസർ, പ്രിൻസിപ്പൽ മുഖ്യവനപാലകൻ, അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവർക്കെതിരെ പരാതിയുമായി രാജേഷ് നേരിട്ട് പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, പൊലീസ് പരാതി കൈപ്പറ്റിയില്ല. പിന്നീട് തപാലിൽ അയച്ചു കൊടുക്കുകയായിരുന്നു.

വനപാലകരുടെ നിയന്ത്രണ അധികാരത്തിലും ചുമതലയിലുമുള്ള മൃഗങ്ങളാണ് കൃഷിയിടത്തിൽ കടന്ന് നാശം വരുത്തിയതെന്നാണ് രാജേഷ് പരാതിയിൽ പറയുന്നത്. മുള്ളുവേലിക്കു പുറമേ വല, തുണി വേലികളും സ്ഥാപിച്ചു കൃഷി സംരക്ഷിച്ചിരുന്നു. അവ തകർത്താണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ എത്തിയത്. അവയെ നിയന്ത്രിക്കാനും കൃഷി സ്ഥലത്ത് കടക്കാതിരിക്കാനും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മുൻപ് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. 

എന്നാൽ, വനപാലകരുടെ നിയന്ത്രണത്തിലുള്ള മൃഗങ്ങൾക്ക് നാട്ടിലെ ഏതെങ്കിലും വ്യക്തികളുടെ ഭൂമിയിൽ അപകടം ഉണ്ടായാൽ ഭൂഉടമയ്ക്കെതിരെ കേസെടുക്കുന്ന സ്ഥിതിയാണെന്ന് പരാതിയിൽ പറയുന്നു. പന്നിക്കൂട്ടം കൃഷിയിടത്തിലെത്തി നാശം വിതയ്ക്കുന്നത് നേരിട്ടു കണ്ടിട്ടും അവയെ തടയാതിരുന്നത് ഇതുമൂലമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് രാജേഷിന്റെ തീരുമാനം.

English summary:  WildLife, Wild Boar, Kerala Farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA