ADVERTISEMENT

താമരശേരിയിൽ വെറ്ററിനറി ആശുപത്രിയിൽ ആടിന്‌ ചികിത്സ വൈകിയതുമായി ബന്ധപ്പെട്ട്  ഡോ. കെ.വി.  ജയശ്രീയെ സസ്‌പെൻഡ് ചെയ്തതിൽ സംസ്ഥാനവ്യാപകമായി വെറ്ററിനറി ഡോക്ടർമാരുടെ സംഘടന കെജിവിഒഎ കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും പോസ്റ്ററുകൾ പതിച്ചും നടപടിക്കെതിരെ ഡോക്ടർമാർ പ്രതിഷേധിച്ചു. ഡോ. ജയശ്രീയെ തിരിച്ചെടുക്കുന്നതു വരെ എല്ലാ  ജില്ലകളിലുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും ആയിരത്തോളം ഡോക്ടർമാർ ക്വിറ്റ് ചെയ്തു. നാളെ (ജൂലൈ 15) ജില്ലയിലെ ഡോക്ടർമാർ അവധിയെടുക്കുകയും കർഷകർക്ക് സേവനം നിഷേധിക്കാതെ ജോലി ചെയ്യുകയും ചെയ്ത് പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചതായി കെജിവിഒഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രാമീണമേഖലയിൽ ഏറ്റവും നന്നായി സേവനം നൽകികൊണ്ടിരുന്ന വനിതാ ഡോക്ടറെയാണ്  ഇന്നലെ മൃഗസംരക്ഷണവകുപ്പ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യകാരണങ്ങളാൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന ഡോക്ടറെ സസ്‌പെൻഡ് ചെയ്തതിൽ സംസ്ഥാനമൊട്ടുക്കും പ്രതിഷേധം ശക്തമായിരുന്നു.

ആത്മാർഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെ  മനോവീര്യം തകർക്കുന്ന നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ മൃഗസംരക്ഷണ മേഖലയിൽ ഉണ്ടാക്കുമെന്ന് കെജിവിഒഎ ജില്ലാ പ്രസിഡന്റ് ഡോ. സി.കെ. ഷാജിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അറിയിച്ചു. സങ്കീർണ ശസ്ത്രക്രിയ പ്രാഥമിക വെറ്റിനറി കേന്ദ്രത്തിൽ നടത്താൻ കഴിയില്ല എന്നിരിക്കെ വെറ്ററിനറി ഡോക്ടറെ സസ്പെൻഡ് ചെയ്തത് അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കൊടുവള്ളി ബ്ലോക്ക് ഉൾപ്പെടെ പല ബ്ലോക്കുകളിലും  വൈകീട്ട് മുതൽ ഉള്ള എമർജൻസി സർവീസിൽ  ഡോക്ടർമാരുടെ ഒഴിവ് നികത്താത്തതിനാൽ പഞ്ചായത്ത് ആശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയം കഴിഞ്ഞും ചികിത്സകൾ ചെയ്യേണ്ടി വരികയാണ്. കുടൽ മാല പുറത്തുവന്നതുപോലെയുള്ള സങ്കീർണ ശസ്ത്രക്രിയകൾ നടത്തേണ്ടത് സർജറിയിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാരുള്ള സ്ഥാപനങ്ങളിളാണ്. നിലവിൽ പൂക്കോട് വെറ്ററിനറി കോളേജിൽ മാത്രമാണ് സർജറിക്ക് മാത്രമായി ഒരു വിഭാഗമുള്ളത്. കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൊണ്ടുവരുന്ന മൃഗങ്ങൾക്ക് പോലും  സങ്കീർണ ശസ്ത്രക്രിയ നടത്തുന്നതിന് ഒരു സർജറി സ്പെഷ്യലിസ്റ്റിന്റെ പോസ്റ്റോ വിഭാഗമോ ഇല്ല. മൊബൈൽ സർജറി യൂണിറ്റുകൾ താലൂക്ക് അടിസ്ഥാനത്തിൽ ആരംഭിച്ച്‌ വലിയ മൃഗങ്ങൾക്ക് അടക്കം അടിയന്തിര ശസ്ത്രക്രിയ സേവനം നൽകി വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ്  വേണ്ടതെന്നും കെജിവിഒഎ പറയുന്നു.

നിരവധി കർഷകരാണ് ഓരോ ദിവസവും വെറ്ററിനറി ആശുപത്രികളിൽ എത്തുന്നത്. നിയമനമാകാതെ നിൽക്കുന്ന വെറ്റിനറി ഡോക്ടർമാരെ OP അറ്റൻഡ് ചെയ്യാൻ ഇത്തരം അവസരങ്ങളിൽ താൽക്കാലികമായി നിയമിക്കുന്ന സംവിധാനം മൃഗസംരക്ഷണ വകുപ്പിലില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട ആശുപത്രിയിൽ  അഡ്‌ഡിഷണൽ ചാർജ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതേ പോലെ തിരക്കുള്ള മറ്റൊരു ആശുപത്രിയിലെ ഡോക്ടർക്ക് മുഴുവൻ സമയ സേവനം നൽകാൻ സാധിക്കില്ല എന്നിരിക്കെ പ്രദേശത്തുള്ള കർഷകർക്ക് വലിയ നഷ്ടങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവുക. യോഗത്തിൽ സെക്രട്ടറി ഡോ. പി.പി. ബിനീഷ്, ട്രഷറർ ഡോ. നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.

English summary: Veterinary Doctor Suspended for Denying Treatment in Kozhinkode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com