ADVERTISEMENT

സുഭിക്ഷ കേരളം- സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാസമ്പന്നരായ യുവാക്കൾക്കും, വനിതകൾക്കും, വിദ്യാർഥികൾക്കുമായി കൃഷിവകുപ്പിൽ ആറുമാസത്തെ കാർഷിക പരിചയ -പരിശീലന പരിപാടികൾക്കായി അവസരം. പരമാവധി യുവജനങ്ങളെയും, വിദ്യാർഥികളെയും കാർഷിക സംസ്‌കൃതി എന്തെന്ന് പഠിപ്പിക്കാനും കാർഷിക വ്യവസായ മേഖലയിലെ സാധ്യതകൾ മനസിലാക്കി നൽകുന്നതിനുമാണീ പദ്ധതി നടപ്പിലാക്കുന്നതെന്ന് കൃഷിവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

കൃഷി അധിഷ്ഠിത ബിരുദധാരികൾ, വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ് ഉള്ളവർ, മാനേജ്‌മെന്റ്, സോഷ്യൽ വർക്ക്, മറ്റു ബിരുദധാരികൾ, സോഷ്യൽ വെൽഫെയർ ഡിപ്ലോമക്കാർ, മാനേജ്‌മെന്റ് ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഡിപ്ലോമക്കാർ എന്നിവർക്കെല്ലാം ഈ പരിശീലന പരിപാടിയുടെ ഭാഗമാകാം. ആറു മാസ പരിശീലന കാലയളവിൽ കർഷകരുമായി സംവദിക്കുന്നതിനും, വിളവിവരം, വിള ആരോഗ്യം, വിളവെടുപ്പ്, വിപണി വിഭവസമാഹരണം, സാങ്കേതിക സഹായങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനും സാധ്യമാകുന്നു. ഇതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, ഡാറ്റാ എൻട്രി, വിജ്ഞാന വ്യാപനം തുടങ്ങിയ മേഖലകളിൽ പരിചയം സൃഷ്ടിക്കുന്നതിനും സാധ്യമാകുന്നു.

കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ഇവരുടെ പ്രവർത്തനം സഹായകമാകും. പരിശീലന കാലയളവിൽ കൃഷിഭവൻ, ബ്ലോക്ക് തല കൃഷിഅസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, ജില്ലാ കൃഷിഓഫീസ്, കൃഷിവകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും സേവനം നടത്തുന്നതിനും അവസരമുണ്ടായിരിക്കും. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് പ്രത്യേക സർട്ടിഫിക്കറ്റും നൽകും.

സന്നദ്ധ പ്രവർത്തകർക്കും കൃഷി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും കാർഷിക മേഖലയിലെ സാധ്യതകൾ അറിയുന്നതിനും അവസരമൊരുക്കും. ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനുള്ള യജ്ഞത്തിൽ പങ്കെടുക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com