ADVERTISEMENT

ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് വേൾഡ് വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ അന്താരാഷ്ട്ര ലോക വെറ്ററിനറി ദിന പുരസ്കാരത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ - കേരള ഘടകം അർഹമായി. ലോക വെറ്ററിനറി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടികൾ വിലയിരുത്തി ലോക വെറ്ററിനറി അസോസിയേഷൻ അംഗങ്ങളായുള്ള അസോസിയേഷനുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ് അവാർഡ്. 2500 അമേരിക്കൻ ഡോളർ (ഏകദേശം 2 ലക്ഷം രൂപ) സമ്മാനത്തുകയും, സർട്ടിഫിക്കറ്റും, ഫലകവും അടങ്ങിയതാണ് അവാർഡ്.

തൊണ്ണൂറോളം രാജ്യങ്ങളിൽ നിന്നുള്ള വെറ്ററിനറി അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ലോക വെറ്ററിനറി അസോസിയേഷൻ. മുൻവർഷങ്ങളിൽ അമേരിക്ക, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വെറ്ററിനറി അസോസിയേഷനുകളാണ് ലോക വെറ്ററിനറി ദിന അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്. ഏഷ്യയിൽനിന്ന് ആദ്യമായാണ് ഒരു അസോസിയേഷൻ ഈ നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു അസോസിയേഷന് അവാർഡ് ലഭിക്കുന്നതും ആദ്യമായാണ്. 

1978ൽ സ്ഥാപിതമായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ - കേരള ഘടകത്തിന് 2016 ലാണ് ലോക വെറ്ററിനറി അസോസിയേഷനിൽ അംഗത്വം ലഭിച്ചത്. സ്വന്തമായി ശാസ്ത്ര ജേർണൽ, മുഖമാസിക, മൊബൈൽ ആപ് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ സ്വന്തമായുള്ള രാജ്യത്തെ ഏക വെറ്ററിനറി അസോസിയേഷനാണ് ഐവിഎ കേരള.

പരിസ്ഥിതി സംരക്ഷണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യ സംരക്ഷണത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ സെമിനാറുകൾ, വിവിധ തരം മത്സരങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, ക്യാമ്പയിനുകൾ, പഠന ക്ലാസ്സുകൾ തുടങ്ങി അത്യധികം വിപുലമായ രീതിയിലാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം ഈ വർഷം ലോക വെറ്ററിനറി ദിനം ആചരിച്ചത്. സംസ്ഥാന തലത്തിൽ നടത്തിയ പരിപാടികളുടെ സംഘാടനം ഐവിഎ മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല, കേരള സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ, തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പരിപാടികളിൽ പങ്കാളികളായിരുന്നു.

2021 ഏപ്രിലിൽ തായ്‌വാനിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന ലോക വെറ്ററിനറി അസോസിയേഷൻ കോൺഗ്രസ് കോവിഡ്–19 ഭീഷണി മൂലം മാറ്റിവച്ച സാഹചര്യത്തിൽ മറ്റൊരു ചടങ്ങിലായിരിക്കും അവാർഡ് വിതരണം നടത്തുക.

അസോസിയേഷനെ ഈ നേട്ടത്തിലേക്ക് നയിച്ച അംഗങ്ങൾക്കും, ഭാരവാഹികൾക്കും, പരിപാടികളുമായി സഹകരിച്ച വിവിധ സ്ഥാപനങ്ങൾക്കും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഡോ. എം.കെ. മുഹമ്മദ് അസ്‌ലം എന്നിവർ നന്ദി അറിയിച്ചു. വെറ്ററിനറി പ്രൊഫഷന്റെയും സംസ്ഥാനത്തെ മൃഗസമ്പത്തിന്റെയും ഉന്നമനത്തിനു വേണ്ടി കൂടുതൽ കാര്യപ്രാപ്തിയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.

English summary: Indian Veterinary Association - Kerala wins the international World Veterinary Day Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com