ADVERTISEMENT

കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയെ ഞെരുക്കുമ്പോൾ പിടിച്ചുനിൽപിനുള്ള കൈത്താങ്ങ് കാർഷിക മേഖലയിൽനിന്നാകും ലഭിക്കുകയെന്ന് ധനമന്ത്രാലയം. ഏപ്രിലിലുണ്ടായ വലിയ തകർച്ചയിൽനിന്നു കരകയറുന്നതിന്റെ വ്യക്തമായ സൂചനകളുള്ളപ്പോഴും, കോവിഡ് കേസുകൾ വർധിക്കുന്നതും പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ തുടരുന്നതും ആശങ്കയുണ്ടാക്കുന്നുവെന്ന് ധനമന്ത്രാലയത്തിന്റെ സാമ്പത്തികകാര്യ വകുപ്പ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഏപ്രിൽ–മേയിൽ കൊയ്ത്തും കൃഷിയിറക്കലും തടസമില്ലാതെ നടന്നു. പ്രതീക്ഷിച്ചതിനെക്കാൾ 12 ദിവസം മുൻപ്, ജൂൺ 26നുള്ളിൽ ഇന്ത്യയാകെ തെക്കു പടിഞ്ഞാറൻ കാലവർഷം എത്തി. കഴിഞ്ഞ 2 വരെ രാജ്യത്താകെ 466.5 മില്ലിമീറ്റർ മഴ ലഭിച്ചു.  ഇതിനകം 26 സംസ്ഥാനങ്ങളിൽ മഴ സാധാരണ തോതിലോ അതിലധികമോ പെയ്തു. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ വളത്തിന്റെ വിൽപനയിൽ മേയിൽ 98 ശതമാനവും ജൂണിൽ 79.3 ശതമാനവും വർധനയുണ്ടായി. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ കാർഷിക മേഖലയിൽനിന്നുള്ള മൂല്യവിഹിതം വർധിക്കുന്നതിന്റെ സൂചനകളാണുള്ളത്. മൊത്തം 298.3 ദശലക്ഷം ടൺ ആണ് ഈ വർഷം ലക്ഷ്യമിടുന്ന ഭക്ഷ്യധാന്യ ഉൽപാദനം. 

കോവിഡും സംസ്ഥാനങ്ങളും 

സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്ന 12 സംസ്ഥാനങ്ങളിലാണ് കോവിഡ് പോസിറ്റിവ് കേസുകളിൽ 85 ശതമാനവും. അതിൽത്തന്നെ, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമാണ് 40% കേസുകളും. ഹരിയാനയിലും ഉത്തരാഖണ്ഡിലും തമിഴ്നാട്ടിലും ജൂണിൽ ചരക്ക്, സേവന നികുതി(ജിഎസ്ടി) വരുമാനത്തിൽ വലിയ ഇടിവുണ്ടായി. 

സംസ്ഥാനാന്തര ചരക്കുനീക്കം ജൂണിൽ ഏറെ മെച്ചപ്പെട്ടെന്നാണ് ഇ–വേ ബിൽ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ, ഏപ്രിലിൽ 53 ശതമാനവും, മേയിൽ 83.6 ശതമാനവും കുറവുണ്ടായെങ്കിൽ, ജൂണിൽ 17.7% വർധനയുണ്ടായി. കേരളത്തിൽ മൊത്തെ ഇ–വേ ബിൽ മൂല്യം മേയിൽ 15,571 കോടി രൂപയായിരുന്നു, ജൂണിലത് 20,679 കോടിയായി.  

കഴിഞ്ഞ വർഷത്തെക്കാൾ കുറവാണെങ്കിലും, വാഹന റജിസ്ട്രേഷൻ സ്ഥിതി മെച്ചപ്പെടുന്നു. മേയിൽ 2.1 ലക്ഷം വാഹനങ്ങൾ റജിസ്റ്റർ ചെയ്തെങ്കിൽ, ജൂണിൽ അത് 9.9 ലക്ഷമായി, 350 ശതമാനത്തിലേറെ വർധന. കേരളത്തിൽ മേയിൽ 15,644 വാഹനങ്ങൾ റജിസ്റ്റർ ‍ചെയ്തു, ജൂണിൽ 47,973. 

വർധിക്കുന്ന വായ്പ

കഴിഞ്ഞ മാസം 3വരെ കേന്ദ്ര സർക്കാർ വിപണിയിൽനിന്ന് 3.46 ലക്ഷം കോടിയാണ് വായ്പയെടുത്തത്. കഴിഞ്ഞ വർഷത്തേതിനെക്കാൾ 1.6 തവണ കൂടുതൽ. സംസ്ഥാനങ്ങളെടുത്ത വായ്പ 1.87 ലക്ഷം കോടി. കഴിഞ്ഞ വർഷത്തേതിനെക്കാൾ 1.8 തവണ കൂടുതൽ. ജൂൺ അവസാനമായപ്പോൾ 6.6 ലക്ഷം കോടിയാണ് ധനക്കമ്മി. ബജറ്റ് എസ്റ്റിമേറ്റിന്റെ(ബിഇ) 83.2 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ധനകമ്മി ബിഇയുടെ 61.4 ശതമാനമായിരുന്നു. കഴിഞ്ഞ 3 മാസത്തെ റവന്യു വരുമാനം ബിഇയുടെ 7.4% മാത്രമാണ്. കഴിഞ്ഞ വർഷമിത് 14.5%. നികുതി വരുമാനം ബിഇയുടെ 3.9%. കഴിഞ്ഞ വർഷമിത് 10.7%. വ്യക്തിഗത ആദായ നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.5% കുറവാണ്. എന്നാൽ, മൂലധനച്ചെലവ് 2.8%വർധിച്ചു. 

ആഗോള ചരക്ക് വ്യപാരത്തിൽ ജനുവരി – മാർച്ചിൽ 3% കുറവുണ്ടായെങ്കിൽ, ഏപ്രിൽ – ജൂണിൽ അത് 18.5% കുറയുമെന്നാണ് ലോക വ്യാപാര സംഘടനയുടെ വിലയിരുത്തൽ. വിതരണശൃംഖല തടസപ്പെട്ടതും ഡിമാൻഡ് കുറഞ്ഞതും തൊഴിൽ നഷ്ടവും ലോക്ഡൗണുമാണ് പ്രധാന കാരണങ്ങൾ.

English summary: Agriculture Role on Indian Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com