ADVERTISEMENT

കൃഷിയിലൂടെ കേരളത്തിലെ കരിമീന്‍ ഉല്‍പാദനം കൂട്ടുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം തേടി കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആര്‍-സിബ). ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീന്‍ ഉല്‍പാദനം വളരെ പിന്നിലാണെന്ന് സിബ ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്‍ പറഞ്ഞു. കേരളത്തിലെ കരിമീന്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷം 10,000 ടണ്‍ വേണ്ടിടത്ത് കേവലം 2000 ടണ്‍ മാത്രമാണ് സംസ്ഥാനത്ത് കരിമീന്‍ കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നതെന്നാണ് സിബയുടെ കണ്ടെത്തല്‍. ഏറെ ആവശ്യക്കാരുള്ളതും മികച്ച വിപണി മൂല്യവുമുള്ള (കിലോയ്ക്ക് ശരാശരി 500 രൂപ) കരിമീന്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിലൂടെ കരിമീന്‍ കര്‍ഷകര്‍ക്കും സംസ്ഥാനത്തിനും മികച്ച സാമ്പത്തിക നേട്ടം കൊയ്യാനാകുമെന്നും സിബയിലെ ഗവേഷകര്‍ വിലയിരുത്തുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഓരുജലാശയങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇത് ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് ഡോ. കെ.കെ. വിജയന്‍ ചൂണ്ടിക്കാട്ടി.

വിത്തുല്‍പാദനത്തിന് ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിര്‍മാണ കേന്ദ്രങ്ങളും ഒരുക്കല്‍, കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപരേഖ തയാറാക്കുകയാണെങ്കില്‍ സിബ ശാസ്ത്ര-സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയകൃഷിരീതികള്‍ അവലംബിക്കാത്തതും സംസ്ഥാനത്തെ കരിമീന്‍ കൃഷിയെ ദോഷകരമായി ബാധിക്കുന്നു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കൃഷിരീതികള്‍ ജനകീയമാക്കുകയാണ് വേണ്ടത്. ഇതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പങ്കാളിത്ത പദ്ധതികള്‍ ഗുണം ചെയ്യുമെന്നും വെബിനാര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍, കരിമീനിന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കുന്നതിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വളര്‍ച്ചാനിരക്ക് കൂട്ടുന്നതിനായി കരിമീനിന്റെ സെലക്ടീവ് ബ്രീഡിങ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും സിബ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

English summary: Innovative Initiative for the Large Scale Farming of Pearlspot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com