ADVERTISEMENT

ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ അധികൃതരും കയ്യൊഴിഞ്ഞ ഗൃഹനാഥൻ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റിലെ ഫാക്ടറി ഓഫീസർ എസ്എൻവി വീട്ടിൽ സി. ജയ്മോൻ (55) ആണ് മരിച്ചത്. നാശനഷ്ടം തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ടു തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫീസിൽ അപേക്ഷയുമായി എത്തിയിരുന്നു. എന്നാൽ, ഇതുസംബന്ധമായ അപേക്ഷ സ്വീകരിക്കുന്നതിനു കഴിയില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞെന്നാണ് ആരോപണം. ഇതോടെ ധനസഹായം ലഭിക്കാൻ പോലും സാധ്യതയില്ലെന്ന് ജയ്മോൻ അറിയിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. 

ഇന്നലെ പുലർച്ചെ ശാരീരിക അസ്വസ്തതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ജയ്മോന്റെ കോഴിക്കാനം 26 പുതുവലിലെ ഏലത്തോട്ടം പൂർണമായും നശിച്ചിരുന്നു. വിളവെടുക്കാൻ പാകമായിരുന്ന തോട്ടമായിരുന്നു ഇത്.

ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാമ്പനാർ എസ്എൻ സ്കൂൾ ട്രഷറർ, വണ്ടിപ്പെരിയാർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

സംസ്കാരം നടത്തി. ഭാര്യ: മിനി (പ്രിൻസിപ്പൽ, എസ്എൻ സ്കൂൾ പാമ്പനാർ). മക്കൾ: അർജുൻ ജയ് (അബുദാബി), ആദർശ് ജയ്.

എന്നാൽ, കൃഷി നശിച്ചു എന്ന പരാതിയുമായി കർഷകൻ നേരിട്ടു സമീപിച്ചിട്ടില്ലെന്നും അപേക്ഷ സ്വീകരിക്കില്ലെന്ന് മറ്റ് ഉദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഏലപ്പാറ വില്ലേജ് ഓഫീസർ പി.എൻ. ബീനാമ്മ പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com