ADVERTISEMENT

കയറ്റിറക്കങ്ങൾ പൈനാപ്പിൾ വിലയിൽ പുതുമയല്ല. ഏറ്റവും കുറഞ്ഞ വില 6 രൂപ വരെ എത്തിയിട്ടുണ്ട്. 65 രൂപയ്ക്കും പൈനാപ്പിൾ വിറ്റുപോയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ ഇതുവരെ പൈനാപ്പിള്‍ വില ഉൽപാദനച്ചെലവിന്റെ അടുത്തുപോലും എത്തിയിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പൈനാപ്പിൾ കയറ്റുമതി നിലയ്ക്കുകയും പിന്നീട് പൈനാപ്പിൾ വാങ്ങാനാളില്ലാത്ത സ്ഥിതിയുണ്ടായതും  തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്കു മടങ്ങുകയും പ്രളയമുണ്ടാക്കിയ വിപണി നഷ്ടവുമൊക്കെയായി 60,000 ടൺ പൈനാപ്പിളാണ് വിളവെടുക്കാൻ പോലുമാകാതെ നശിച്ചു പോയത്. കുറെ പൈനാപ്പിൾ മാർക്കറ്റിൽ കിടന്നും ചീഞ്ഞുപോയി. 

പൈനാപ്പിൾ കർഷകരെ രക്ഷിക്കാൻ നാട്ടുകാരും പൈനാപ്പിൾ വ്യാപാരികളുമൊക്കെ ചേർന്ന് പൈനാപ്പിൾ ചാലഞ്ചൊക്കെ സംഘടിപ്പിച്ചെങ്കിലും ഈ വർഷം ഇതുവരെ 400 കോടിയുടെ നഷ്ടമാണ് പൈനാപ്പിൾ മേഖലയിലുണ്ടായിരിക്കുന്നത്.  ഉള്ളതെല്ലാം വിറ്റുപെറുക്കിയും വായ്പയെടുത്തും പൈനാപ്പിൾ കൃഷി ചെയ്ത സാധാരണ പൈനാപ്പിൾ കർഷകരിലൊരാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കാലാമ്പൂർ കെ.കെ. അനിൽ. കടം പെരുകിയപ്പോൾ ആത്മഹത്യയില്ലാതെ മറ്റു മാർഗമില്ലായിരുന്നു മുന്നിലെന്നാണ് അദ്ദേഹത്തിന്റെ അവസാന ഫോൺ സന്ദേശത്തിലൂടെ  സുഹൃത്തിനെ അറിയിച്ചത്.  അനിലിനെ പോലെ കൃഷി വരുത്തിവച്ച കടബാധ്യതകളെക്കുറിച്ചോർത്ത് നീറി നീറി കഴിയുന്ന നൂറുകണക്കിനു കർഷകരാണ് പൈനാപ്പിൾ കാർഷിക മേഖലയിലുള്ളത്. 

45,000 ഏക്കർ കൃഷി

കേരളത്തിലാകെ 45,000 ഏക്കറിലാണ് പൈനാപ്പിൾ കൃഷി ചെയ്യുന്നത്. പ്രതിദിനം 1000 ടൺ പൈനാപ്പിൾ ഉൽപാദിപ്പിക്കുന്നുണ്ട്.  മധ്യകേരളത്തിൽ മാത്രം ആയിരക്കണക്കിന് ഏക്കർ സ്ഥലത്താണ് വാഴക്കുളം, മൂവാറ്റുപുഴ മേഖലകളിലുള്ള കർഷകർ പൈനാപ്പിൾ കൃഷി ഇറക്കിയത്. ഭൂരിഭാഗം കർഷകരും സ്വന്തമായി സ്ഥലമില്ലാത്തവരാണ്. ഇവരിൽ പലരും ബാങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും വൻ തുക വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തുമാണ് കൃഷിയിക്കിയത്. 50000 മുതൽ 60000 രൂപ വരെയാണ് ഒരു ഏക്കറിന് പാട്ടത്തുക. ഇതിനു പുറമെ വളം, കൂലി എന്നിവയടക്കം കണക്കു കൂട്ടുമ്പോൾ ഒരു കിലോഗ്രാം  പൈനാപ്പിളിന് 20 രൂപയെങ്കിലും ലഭിച്ചാലെ കർഷകനു പിടിച്ചു നിൽക്കാനാകൂ. ഏറ്റവും കൂടുതൽ വില ലഭിക്കുന്ന വേനൽക്കാലത്തും  റമസാൻ കാലത്തുമൊക്കെ പൈനാപ്പിൾ വിൽക്കാൻ കഴിയാത്ത വിധത്തിൽ ലോക് ഡൗൺ പ്രഖ്യാപനം വന്നു. തുടർന്ന് കോവിഡ് വ്യാപനമുണ്ടായതോടെ പൈനാപ്പിളിനു വിപണിയിൽ വലിയ തളർച്ചയാണ് നേരിട്ടത്. കയറ്റുമതി മൂന്നിലൊന്നായി ചുരുങ്ങി.  ഇതിനിടെ പ്രളയവും വലിയ തിരിച്ചടി സൃഷ്ടിച്ചു. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ സീസണിൽ 50 രൂപയ്ക്ക് മുകളിൽ വില ലഭിക്കുമായിരുന്ന പൈനാപ്പിൾ എ ഗ്രേഡിന് ഇപ്പോൾ വില 14 രൂപയിൽ താഴെയാണ്.

മോറട്ടോറിയം കാലാവധി അവസാനിച്ചാൽ 

പൈനാപ്പിൾ കർഷകരിപ്പോൾ പിടിച്ചു നിൽക്കുന്നത് ബാങ്കുകളിലെ വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിനാലാണ്. എന്നാൽ ഈ മാസത്തോടെ മോറട്ടോറിയം കാലാവധി അവസാനിക്കുകയാണെന്നുള്ള അറിയിപ്പ് പല കർഷകർക്കും എത്തിക്കഴിഞ്ഞു. ഇത് കർഷകർക്ക് കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുക. വർഷങ്ങളായി സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തുമെക്കെ കൃഷി ചെയ്യുന്ന കർഷകർക്ക് പൊതുമേഖല ബാങ്കിൽ മാത്രം 650 കോടിയുടെ വായ്പയുണ്ടെന്നാണ് പൈനാപ്പിൾ കർഷ സംഘടനകൾ നൽകുന്ന വിവരം. കൂടാതെ കൊള്ളപ്പലിശക്കാരിൽ നിന്നു വായ്പ എടുത്തവരുമുണ്ട്. കർഷകർക്ക് ആശ്വാസകരമാകുന്ന ഒരു പ്രഖ്യാപനവും സർക്കാരിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കർഷകരുടെ ദുരിതം പരിഹരിക്കുന്നതിന് എന്താണ്  പരിഹാരമെന്ന ചോദ്യത്തിന് ആരുടെ പക്കലും ഉത്തരവുമില്ല.

  • അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും ഇര

ആത്മഹത്യ ചെയ്ത  അനിൽ പൈനാപ്പിൾ കൃഷി മേഖലയിലുണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും ഇരയാണ്. പൈനാപ്പിൾ കർഷകരുടെ ക്ഷേമത്തിനായി ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും  ഒന്നും നടപ്പായിട്ടില്ല. പൈനാപ്പിൾ മിഷൻ അനുവദിച്ച തുക പോലും എവിടെപ്പോയെന്ന് കർഷകർക്കറിയില്ല. അടിസ്ഥാനപരമായി പ്രശ്നങ്ങൾ മനസിലാക്കാതെയുള്ള പ്രഖ്യാപനങ്ങളും പദ്ധതികളൊന്നും കാർഷിക മേഖലയ്ക്കു ഗുണകരമാകില്ല. നിലവിൽ നൂറുകണക്കിനു കർഷകർ കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിലാണ്. ആദ്യം മോറട്ടോറിയം കുറച്ചു മാസത്തേക്കു കൂടി നീട്ടാനും ഒരു വർഷത്തെയെങ്കിലും പലിശയിളവു നേടിക്കൊടുക്കാനുമാണ് പൈനാപ്പിൾ കർഷകരോടും കാർഷിക മേഖലയോടും ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളും അധികാരികളും ശ്രമിക്കേണ്ടത്. – ബേബി ജോൺ പേടിക്കാട്ടുകുന്നേൽ (പൈനിപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കേരള പ്രസിഡന്റ്)

  • പിടിച്ചു നിൽക്കാനുള്ള അവസാന ആശ്രയമാണില്ലാതായത്

നാട്ടുകാരും ബന്ധുക്കളും പുച്ഛിച്ചു തള്ളുമ്പോഴും കർഷകനാണെന്ന അഭിമാനമായിരുന്നു പ്രതിസന്ധി കാലഘട്ടത്തിലും. എന്നാൽ കർഷകനാകാൻ വഴിതെളിച്ച അച്ഛൻ കൃഷി വരുത്തിവച്ച കടബാധ്യത മൂലം ആത്മഹത്യയിൽ എല്ലാം അവസാനിപ്പിച്ചപ്പോൾ പിടിച്ചു നിൽക്കാനുള്ള അവസാന ആശ്രയമാണില്ലാതായത്. കർഷക ആത്മഹത്യ എന്ന് കേൾക്കുമ്പോൾ അത് കേവലം രാഷ്ട്രീയ മുതലെടുപ്പും ആത്മഹത്യ ചെയ്യാൻ ഇവനൊക്കെ വട്ടാണോ എന്ന് പുച്ഛിച്ചു തള്ളുകയുമായിരുന്നു പതിവ്. മുഴുവൻ സമയ കർഷകനായി മാറിയവപ്പോഴാണ്  ഞാൻ കാർഷിക മേഖലയിലെ  ബുദ്ധിമുട്ട് നേരിട്ടറിയുന്നത്. 365 ദിവസവും വെയിലും മഞ്ഞും മഴയും കൊണ്ട് കൃഷിചെയ്തെടുക്കുന്ന വിളകൾക്ക് വില ലഭിക്കാതെ വരുമ്പോൾ ഉള്ള നെഞ്ചിടിപ്പ് ഇപ്പോഴാണ്  മനസിലാക്കുന്നത്. കർഷകൻ ആത്മഹത്യക്ക് മുതിരുന്നതിന്റെ കാരണം മനസിലാക്കുന്നത്. കേരളത്തിൽ ഇനിയും  കർഷക ആത്മഹത്യകളുണ്ടാകും. മാറി മാറി വരുന്ന സർക്കാരുകൾക്കും  ശീതീകരിച്ച  മുറിയിലെ കറങ്ങുന്ന കസേരയിലെ ഉദ്യോഗസ്ഥർക്കും ഇത് എന്നും ഒരു തമാശ മാത്രം. അഭിജിത് അനിൽ (ആത്മഹത്യ ചെയ്ത അനിലിന്റെ മകൻ)

  • അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം

പൈനാപ്പിൾ കാർഷിക മേഖലയിലെ കർഷകരുടെ  ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. പൈനാപ്പിൾ കർഷകരെടുത്തിരിക്കുന്ന കാർഷിക വായ്പകളുടെ പലിശ എഴുതിത്തള്ളണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. പൈനാപ്പിൾ സംഭരണം കാര്യക്ഷമമാക്കാനും പൈനാപ്പിളിനു താങ്ങുവില നിശ്ചയിക്കാനും നടപടിയുണ്ടാകണം. പ്രതിഷേധം ശക്തമാകുമ്പോൾ മാത്രം കണ്ണിൽ പൊടിയിടാൻ നടത്തുന്ന പൊടിക്കൈകൾ കൊണ്ടുമാത്രം പൈനാപ്പിൾ കർഷകരെ രക്ഷിക്കാനാകില്ല. കർഷകരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികളുണ്ടായില്ലെങ്കിൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ‌ജോസ് പെരുമ്പിള്ളിക്കുന്നേൽ (പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്)

English summary: Pineapple Farmers in Kerala Under deep Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com