റബറിൽ ചെലവ് കുറയ്ക്കുകയും ഉൽപാദനക്ഷമത കൂട്ടുകയും വേണം: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

rubber
SHARE

രാജ്യത്തെ ആഭ്യന്തര ഉപഭോഗത്തിന് വേണ്ടുന്നത്ര റബര്‍ ഉൽപാദിപ്പിക്കാനാകാത്തതിനാലും റബറിന്‍റെ വിലക്കുറവുമൂലവും റബര്‍കൃഷിമേഖല ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ചെറുകിട റബര്‍കര്‍ഷകരുടെ ഇടയില്‍ സ്വയം ടാപ്പിങ്ങും ഇടവേളകൂടിയ ടാപ്പിങ്ങും പ്രോത്സാഹിപ്പിക്കുന്നതിന് റബര്‍ബോര്‍ഡ് നടത്തുന്ന തീവ്രപ്രചാരണ പരിപാടി(കാംപെയ്ന്‍ 2020)ക്ക് തുടക്കം കുറിച്ചുകൊണ്ടു നടത്തിയ ഫെയ്സ്ബുക്ക് ലൈവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര വിപണിയില്‍ വിലക്കുറവില്‍ റബര്‍ ലഭ്യമാകുന്ന അവസ്ഥയെ തരണം ചെയ്യുന്നതിന് കൃഷിച്ചെലവുകള്‍ കുറയ്ക്കുകയും ഉൽപാദനക്ഷമത കൂട്ടുകയുമാണ് പോംവഴിയെന്നും ഇതിന് സ്വയം ടാപ്പിങ് പോലുള്ള നടപടികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിലയിടിവാണ് റബര്‍കൃഷിമേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കേരള കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഏകദേശം 10 ലക്ഷം ടണ്‍ റബര്‍ ഉൽപാദിപ്പിക്കാനാകുന്നത്ര റബർത്തോട്ടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം ആകെ ഉൽപാദിപ്പിക്കാന്‍ കഴിഞ്ഞത് 7.12 ലക്ഷം ടണ്‍ റബര്‍ മാത്രമായിരുന്നു. ഉയര്‍ന്ന ഉൽപാദനച്ചെലവും വിലക്കുറവും തൊഴിലാളികളുടെ ദൗര്‍ലഭ്യവും മൂലം 24 ശതമാനത്തോളം തോട്ടങ്ങളില്‍ ടാപ്പിങ് നടക്കാതെവന്നതാണ് ഉൽപാദനക്കുറവിനുള്ള പ്രധാന കാരണങ്ങള്‍. ഈ അവസ്ഥ മാറണമെങ്കില്‍ ചെറുകിട കര്‍ഷകര്‍ അവരുടെ മരങ്ങള്‍ സ്വയം ടാപ്പുചെയ്യാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

റബറിന്റെ ഉൽപാദനച്ചെലവിലെ ഏറ്റവും വലിയ ഘടകം 60 ശതമാനത്തിനു മുകളില്‍ വരുന്ന ടാപ്പിങ് ചെലവാണ്. റബര്‍മരങ്ങള്‍ സ്വയം ടാപ്പു ചെയ്യുന്നതിലൂടെയും ടാപ്പിങ്ങുകള്‍ക്കിടയിലുള്ള ഇടവേള കൂട്ടിയും ഈ വലിയ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന് റബര്‍ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. ചെറുകിട കര്‍ഷകരില്‍ നല്ലൊരു ശതമാനം ഇടവേള കൂടിയ ടാപ്പിങ് രീതികള്‍ സ്വീകരിക്കുകയും സ്വയം ടാപ്പു ചെയ്യുകയും ചെയ്താല്‍ വിദഗ്ധരായ റബ്ബര്‍ടാപ്പര്‍മാരുടെ സേവനങ്ങള്‍ ടാപ്പര്‍ ബാങ്ക് പോലുള്ള സംവിധാനങ്ങളിലൂടെ കൂടുതല്‍ ഉത്പാദനപരമായും മികച്ച രീതിയിലും പ്രയോജനപ്പെടുത്താന്‍ കഴിയും. വിളവെടുക്കാതെ കിടക്കുന്ന കൂടുതല്‍ തോട്ടങ്ങള്‍ ടാപ്പു ചെയ്യുന്നതിനും രാജ്യത്ത് റബറിന്റെ മൊത്തത്തിലുള്ള ഉൽപാദനം വർധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെയും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെയും റബര്‍ബോര്‍ഡിന്റെ 100 ഫീല്‍ഡ് സ്റ്റേഷനുകളിലാണ് പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചത്. ഈ വര്‍ഷത്തെ പ്രചാരണ പരിപാടിയില്‍ കുറഞ്ഞത് 50,000 കര്‍ഷകരെയെങ്കിലും ഉള്‍പ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA