പഴം–പച്ചക്കറി തറവില പദ്ധതിക്ക് ഈ വർഷം 35 കോടി രൂപ

HIGHLIGHTS
  • കാർഷിക ഇൻഷുറൻസ് എടുത്തവരെ മാത്രമേ പരിഗണിക്കൂ
  • പരമാവധി 2 ഹെക്ടർ സ്ഥലത്തിനാണ് ആനുകൂല്യം
vegetable-support-price
SHARE

പച്ചക്കറി: ഉൽപാദനച്ചെലവിന്റെ 20% കൂട്ടി തറവില

പച്ചക്കറി ഉൽപാദനച്ചെലവിനെക്കാൾ വിപണിവില താഴ്ന്നാൽ അടിസ്ഥാനവില പ്രഖ്യാപിച്ചു സംഭരിക്കാനുള്ള പദ്ധതിക്കു സംസ്ഥാന സർക്കാർ ഈ വർഷം 35 കോടി രൂപ ചെലവഴിക്കും. ഓരോ വിളയുടെയും ഉൽപാദനച്ചെലവിനൊപ്പം 20% കൂടി ചേർത്താകും തറവില നിശ്ചയിക്കുക. ഓരോ വർഷവും ഇതു പുതുക്കും. രാജ്യത്തുതന്നെ ആദ്യമായി നടപ്പാക്കുന്ന പദ്ധതി നവംബർ ഒന്നിനു നിലവിൽ വരും.

കർഷകരെ സഹായിക്കാൻ 16 വിളകൾക്കു സർക്കാർ നിശ്ചയിക്കുന്ന തറവിലയ്ക്കു കരടുരൂപമായി. 14 ഇനം പച്ചക്കറികൾക്കു പുറമേ വിലയിൽ കാര്യമായ ചാഞ്ചാട്ടമുള്ള നേന്ത്രൻ, കൈതച്ചക്ക എന്നീ പഴവർഗങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. രണ്ടാഴ്ചയ്ക്കു ശേഷം മന്ത്രിതല യോഗം ഇതിന് അംഗീകാരം നൽകും. മന്ത്രി വി.എസ്. സുനിൽ കുമാർ കോവിഡ് പോസിറ്റീവ് ആയതിനാൽ തീരുമാനം വൈകാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മന്ത്രിതലയോഗം തറവില ചർച്ച ചെയ്തെങ്കിലും ചില വിളകളുടെ കാര്യത്തിൽ ധാരണയായില്ല. തദ്ദേശ, ധന മന്ത്രിമാർ കൂടി ചർച്ച ചെയ്താകും തീരുമാനമെന്നു കൃഷിമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തിരഞ്ഞെടുക്കുന്ന വിഎഫ്പിസികെ മാർക്കറ്റുകളിൽ വിളകളുടെ സംഭരണവില തറവിലയെക്കാൾ കുറഞ്ഞാൽ, തറവില പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിക്കും. തുടർന്ന് ഓരോ വിളയുടെയും വില വ്യത്യാസം (ഗ്യാപ് ഫണ്ട്) കർഷകർക്കു സർക്കാർ നേരിട്ടു നൽകും. ഒരു കർഷകനു ഒരു സീസണിൽ പരമാവധി 2 ഹെക്ടർ സ്ഥലത്തിനാണ് ആനുകൂല്യം. വിളകൾക്ക് ഓരോ ഹെക്ടറിലെയും ഉൽപാദനം കണക്കാക്കിയിട്ടുണ്ട്. കൈതച്ചക്കയ്ക്ക് ഒരു ഹെക്ടറിൽ 14 ടൺ ആണ് ഉൽപാദനക്ഷമത; അതിനാൽ ഒരു ഹെക്റിൽ 14 ടണ്ണിനേ തറവില ലഭിക്കൂ.

സംസ്ഥാനത്തെ 1647 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ 400 സംഘങ്ങൾ പദ്ധതിയിൽ പങ്കെടുക്കും. വിഎഫ്പിസികെയുടെ 261 കാർഷിക വിപണികൾക്കു പുറമേ ഹോർട്ടികോർപ്, കൃഷിവകുപ്പിനു കീഴിലെ വിപണികൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയും പങ്കാളികളാകും.

പദ്ധതിയിൽ ചേരാൻ

കർഷകർ വിതയ്ക്കുന്ന സീസണു മുൻപായി കൃഷിവകുപ്പിന്റെ അഗ്രികൾചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ (www.aims.kerala.gov.in) റജിസ്റ്റർ ചെയ്യണം. വിശദാംശങ്ങൾ പരിശോധിച്ച് കൃഷി അസിസ്റ്റന്റും കൃഷി ഓഫിസറും ചേർന്നു റജിസ്ട്രേഷന് അംഗീകാരം നൽകും. കാർഷിക ഇൻഷുറൻസ് എടുത്തവരെ മാത്രമേ പരിഗണിക്കൂ.

English summary: Minimum Support Price for Vegetables and Fruits

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA