ADVERTISEMENT

ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിൽ ഡോണയും ഡോളിയും ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി സല്യൂട്ട് നൽകിയാണ് 2 പേരും ഇന്നലെ മുതൽ ജോലിയിൽ പ്രവേശിച്ചത്. പ്രളയ ബാധിത മേഖലകളിലും ദുരന്തഭൂമിയിലും രക്ഷാപ്രവർത്തനത്തിനു സഹായിക്കാനാണു ജില്ലാ പൊലീസ് സേനയുടെ ഡോഗ് സ്ക്വാഡിലേക്കു ഡോണ എത്തിയത്. ഡോളിയുടെ നിയമനം ബോംബ് സ്ക്വാഡിലേക്കാണ്. 2 പേരും തൃശൂർ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പുസ്വാമി, എഎസ്പി സുരേഷ്, നർകോട്ടിക് ഡിവൈഎസ്പി എ.ജി. ലാൽ, ഡോഗ് സ്‌ക്വാഡ് ഇൻചാർജ് റോയി തോമസ്, പരിശീലകരായ 14 പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നിയന്ത്രണം.

മോഷണ, കൊലപാതക കേസുകളിൽ അന്വേഷണം നടത്തുന്ന ജനി, സ്റ്റെഫി എന്നീ നായ്ക്കളും സ്‌ഫോടകവസ്തു കേസുകളിൽ സഹായിക്കുന്ന ചന്തുവും നർകോട്ടിക് കേസുകളിൽ അന്വേഷണ പങ്കാളികളാകുന്ന ലെയ്ക്കയും ബ്രൂസുമാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ മറ്റു പൊലീസ് നായ്ക്കൾ. മോഷണക്കേസുകൾ തെളിയിക്കാൻ സഹായിച്ചിരുന്ന സ്വീറ്റിയും ബോംബ് സ്‌ക്വാഡിലെ ഫിഡോയും കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 2 പുതിയ അംഗങ്ങൾ എത്തിയത്.

ഡോളിക്കു കുട്ടിക്കളി; ഡ്യൂട്ടിയിൽ പെർഫെക്ട്

ബീഗിൾ ഇനത്തിൽപെട്ട നായയാണ് ഡോളി. ഒരു വയസു മാത്രം പ്രായമായതിനാൽ കുട്ടിക്കളി കൂടുതലാണ്. എന്നാൽ, സ്ഫോടക വസ്തു കണ്ടെത്താൻ ഡോളിക്കു കഴിവ് കൂടുതലാണെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചെറു ശരീരമായതിനാൽ വാഹനങ്ങളുടെ കീഴിലും മറ്റും ഡോളിക്കു കയറി പരിശോധിക്കാം. മണം പിടിക്കാൻ കൂടുതൽ കഴിവുണ്ട്. പ്രായം കുറവായതിനാൽ സ്ക്വാഡിലേ മറ്റ് അംഗങ്ങൾക്കൊപ്പം കളിക്കാനാണ് താൽപര്യം. എന്നാൽ ജോലിക്കിറക്കിയാൽ മട്ടു മാറും. പൊലീസ് സേനയിൽ 352 എന്ന നമ്പറാണു ഡോളിക്കു നൽകിയിരിക്കുന്നത്. ജുബിൻ വി. ജോസഫും ആർ .ബിനുവുമാണ് ഹാൻഡ്‌ലർമാർ.

ഡോണ സീരിയസാണ്...

വന്നിട്ട് ഒരാഴ്ചയായെങ്കിലും ഇന്നലെ ഡ്യൂട്ടിക്കെത്തിയപ്പോൾ ഡോണ ഗൗരവക്കാരിയായിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ മണ്ണിനടിയിൽപെടുന്ന മനുഷ്യരെയും മൃഗങ്ങളെയും മണത്തു കണ്ടുപിടിക്കാനാണു ഡോണയുടെ സേവനം ഉപയോഗിക്കുന്നത്. പഞ്ചാബിൽനിന്ന് എത്തിയ ലാബ്രഡോർ ഇനത്തിൽപെട്ട ഡോണ പെട്ടിമുടിയിൽ തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് സേനയിൽ 362 എന്ന നമ്പറാണ് ഡോണയ്ക്കു നൽകിയിരിക്കുന്നത്. പി. പ്രദീപും ടി.ആർ. അനീഷുമാണ് ഹാൻഡ്‌ലർമാർ.

English summary: Idukki Police dog Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com