ADVERTISEMENT

ആന്ധ്രയിൽനിന്നു പന്നികളെ കേരളത്തിലേക്ക് കൂട്ടത്തോടെ എത്തിച്ച് വിൽപന നടത്തുന്നതായി പരാതി. കേരളത്തിൽ നല്ലരീതിയിൽ വളർത്തുന്ന ഒട്ടേറെ പന്നിഫാമുകൾ ഉള്ളപ്പോൾ ആന്ധ്രപ്രദേശിൽനിന്നും മറ്റും കാനകളിലെ ഭക്ഷണം കഴിച്ചു വളരുന്ന പന്നികളെയാണ് ചില കച്ചവടക്കാർ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് കർഷകർ ആരോപിക്കുന്നത്. ഇത്തരത്തിൽ പന്നികളെ എത്തിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ണൂരിലെ കർഷകർ സംഘടിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. മെലിഞ്ഞുണങ്ങിയവയും ചത്തതുമായ പന്നികൾ കൂട്ടിൽ കിടക്കുന്നു. ഇങ്ങനെ എത്തിക്കുന്ന പന്നികളെ കോൾഡ് സ്റ്റോറേജുകൾ വഴിയാണ് വിൽക്കുന്നതെന്ന് കേരള പിഗ് ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹിയായ ടി.എം. ജോഷി കർഷകശ്രീയോടു പറഞ്ഞു.

ആന്ധ്രാപ്രദേശിൽനിന്ന് കർണാടക വഴിയാണ് കണ്ണൂരിൽ പന്നികളെ എത്തിച്ചത്. വലിയ തോതിൽ കൊണ്ടുവരുന്ന പന്നികളെ ഇവിടെ പാർപ്പിച്ചശേഷം ആവശ്യാനുസരണം കൊന്ന് വിൽക്കുകയാണ് ചെയ്യുക. ഇപ്പോഴത്തെ റീട്ടെയിൽ മാർക്കറ്റ് വില 260–280 രൂപയാണ്. കേരളത്തിലെ കർഷകർ കോൾഡ് സ്റ്റോറേജുകൾക്ക് പന്നിയിറച്ചി നൽകുന്നത് 240 രൂപയ്ക്കാണ്. എന്നാൽ, ഇത്തരം വരവ് പന്നികൾ കോൾഡ് സ്റ്റോറേജിൽ എത്തുന്നത് 180–200 രൂപയ്ക്കാണ്. അതുകൊണ്ടുതന്നെ കോൾഡ് സ്റ്റോറേജ് ഉടമകൾക്കു പ്രിയം ഇത്തരം വരവ് പന്നികളുടെ ഇറച്ചിയാണെന്നും ജോഷി പറയുന്നു.

pig-farmers-problem-1
ഇതര സംസ്ഥാനത്തുനിന്നെത്തിച്ച പന്നികളെ കൂട്ടത്തോടെ പാർപ്പിച്ചിരിക്കുന്നു

വിലയിടിവ് ഉണ്ടാകുന്നതിനേക്കാളേറെ ഇത്തരത്തിലുള്ള പന്നികളിലൂടെ രോഗങ്ങളും ഇങ്ങോട്ടേക്ക് കടന്നുവരുന്നതിനാലാണ് ഇത്തരം പ്രവണതയെ കർഷകർ എതിർക്കുന്നത്. ഇന്ന് കർഷകർ ഉപരോധിച്ച പന്നികളെ സൂക്ഷിക്കുന്ന കേന്ദ്രത്തിൽ ചത്തതും ചാവാറായതും രോഗബാധയുമുള്ള മുപ്പതിലധികം പന്നികളുണ്ടായിരുന്നതായും ജോഷി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ വൻതോതിൽ പന്നികളെ കൊന്നൊടുക്കിയിരുന്നു. അടുത്തിടെ കേരളത്തിൽ വിൽപനയ്ക്കായി എത്തിച്ച പന്നികളിൽനിന്ന് കുളമ്പുരോഗം പടർന്നുപിടിച്ച് ഒരു ഫാം പൂർണമായും അടച്ചുപൂട്ടേണ്ട സ്ഥിഥി വന്നിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് യാതൊരു പരിശോധനയുമില്ലാതെ പന്നികളെ ഇവിടേക്ക് കടത്തിക്കൊണ്ടുവരുമ്പോൾ പന്നിക്കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ഒട്ടേറെ കർഷകരുടെ ജീവിതം വഴിമുട്ടുമെന്ന ഭീതിയിലാണ് കർഷകർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com