പുഴയിൽ രാസവസ്തുക്കൾ കലക്കാൻ നാടോടി സംഘം കേരളത്തിലേക്ക്

HIGHLIGHTS
  • രാസവസ്തുക്കൾ കലർത്തിയ സംഘം എത്തിയത് കർണാടകയിൽനിന്ന്
  • വിഷം കലർത്തിയാൽ അധികം വൈകാതെ മത്സ്യങ്ങളുടെ കാഴ്ച നഷ്ടപ്പെടും
fishing
കേരളത്തിലേക്ക് കുട്ടവ​ഞ്ചിയുമായി എത്തിയ കർണാടക റജിസ്ട്രേഷനിലുള്ള ലോറി. ഇതിൽ കുടുംബസമേതമാണ് ഇത്തരത്തിൽ മത്സ്യബന്ധനത്തിനായി സംഘങ്ങൾ എത്തുന്നത്
SHARE

കേരളത്തിലെ പുഴകളിൽനിന്ന് മത്സ്യങ്ങളെ പിടിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ഒട്ടേറെ തദ്ദേശീയർ നമുക്കിടയിലുണ്ട്. ഇവർക്കൊപ്പം മത്സ്യങ്ങളെ വലയിലാക്കാൻ വർഷാ വർഷം ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ സംഘങ്ങൾ എത്താറുമുണ്ട്. കുടുംബത്തോടെ പുഴക്കരയിൽ തമ്പടിക്കുന്ന ഇക്കൂട്ടർ കുട്ടവഞ്ചിയുമായി പുഴയിലേക്കിറങ്ങിയാൽ ചാകരയുമായിട്ടായിരിക്കും തിരികെ കയറുക. ഉടക്കുവലയും വീശുവലയും ചൂണ്ടയുമൊക്കെയായി മത്സ്യബന്ധനത്തിനിറങ്ങുന്ന കേരളത്തിലെ ഉൾനാടൻ മത്സ്യബന്ധനത്തൊഴിലാളികൾക്ക് ഇവരുടെ മത്സ്യബന്ധന കഴിവിൽ അതിശയപ്പെടാറുമുണ്ട്.

എന്നാൽ, ഇത്തരം സംഘങ്ങൾ മത്സ്യബന്ധനം നടത്തുമ്പോൾ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഓരോ പ്രദേശവും മാറിമാറി സഞ്ചരിക്കുന്നതിനാൽ ഇവർക്ക് കൃത്യമായ ഒരു താവളമില്ല. പലപ്പോഴും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇവർ ഒഴിഞ്ഞുപോകാറുമുണ്ട്. 

കേരളത്തിലേക്ക് കുട്ടവഞ്ചിയുമായി ഇതര സംസ്ഥാന സംഘങ്ങൾ എത്തിയിട്ടുണ്ടെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് മത്സ്യക്കർഷകരുടെ വാട്സാപ് കൂട്ടായ്മകളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ മുവാറ്റുപുഴയിൽ നാട്ടുകാർ ഇടപെട്ട് ഇത്തരത്തിലൊരു സംഘത്തെ പോലീസിന് കൈമാറിയത്. പുഴയിൽ രാസവസ്തുക്കൾ കലർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവരെ നാട്ടുകാർ തടഞ്ഞത്.

fishing-1
വിഷം കലർത്തി മീൻ പിടിച്ചവരെ നാട്ടുകാർ ത‍ടഞ്ഞ് പൊലീസിനു കൈമാറിയപ്പോൾ

മൂവാറ്റുപുഴയാറിൽ രാസവസ്തുക്കൾ കലർത്തിയ സംഘം എത്തിയത് കർണാടകയിൽനിന്നാണ്. ആദ്യം രാസമിശ്രിതം വെള്ളത്തിൽ നിക്ഷേപിക്കും. മണിക്കൂറുകൾ കാത്തിരുന്ന ശേഷം ചത്തു പൊങ്ങുന്ന മീനുകളെ കുട്ടവഞ്ചി തുഴഞ്ഞ് വലയിൽ ശേഖരിക്കുന്നു. രാസവസ്തുക്കൾ കലക്കി മീൻ പിടിക്കുന്നതിനാൽ ചെറുമീനുകളും മറ്റു ജലജീവികളും വലിയതോതിൽ നശിക്കുന്നതായി പരിസ്ഥിതി സംഘടനകൾ ആരോപിച്ചിരുന്നു. 

ഇതിനു പിന്നാലെയാണ് മുറിക്കൽ പാലത്തിനു സമീപം ഇത്തരത്തിൽ മീൻ പിടിക്കുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞത്.

വലിയ മീനുകളെ മാത്രം ശേഖരിച്ച് ബാക്കിയുള്ളവയെ ആറ്റിൽ ഉപേക്ഷിച്ചാണ് സംഘം മടങ്ങുന്നത്. പിടികൂടുന്ന മീൻ റോ‍ഡരികിലും മറ്റും നിരത്തിയിട്ടു വിൽപന നടത്തുകയാണ് രീതി. വില കുറച്ചു വിൽക്കുന്നതിനാൽ അതിവേഗം മീൻ വിറ്റു തീരും. മുൻവർഷങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘം ഇത്തരത്തിൽ മീൻപിടിത്തം നടത്തിയിരുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് സംഘത്തെ തടയുകയായിരുന്നു. 

ഓരോ ദിവസവും മീൻപിടിക്കുന്ന സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇവരെ കണ്ടെത്തി മുന്നറിയിപ്പു നൽകാൻ കഴിയുന്നില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.

കണ്ണു പൊട്ടിക്കുന്ന വിഷം

കീടനാശിനിയും തുരിശും മണ്ണെണ്ണയും കലർന്ന മിശ്രിതമാണ് വെള്ളത്തിൽ കലർത്തുന്നത്. വിഷം കലർത്തിയാൽ അധികം വൈകാതെ മത്സ്യങ്ങളുടെ കാഴ്ച നഷ്ടപ്പെടുമെന്നും ചുവന്നു പൊട്ടുമെന്നും പറയുന്നു. ഇവയെ കുട്ടവഞ്ചി തുഴഞ്ഞു വലയിലാക്കാൻ എളുപ്പമാണ്. വേനൽ ശക്തി പ്രാപിച്ചതോടെ പുഴയിൽ ജലനിരപ്പ് താഴ്ന്നത് പ്രയോജനപ്പെടുത്തിയാണു മീൻപിടിത്തം. രാസപദാർഥങ്ങൾ കലക്കി മീൻപിടിക്കുന്നത് ജലസ്രോതസ്സുകൾ മലിനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA