ADVERTISEMENT

ഏകനായകവും കൊടുവേലിയും വീട്ടില്‍ ഇഷ്ടം പോലെ, സര്‍വസുഗന്ധി പടര്‍ന്നു കയറിയിരിക്കുന്നു, പനിക്കൂര്‍ക്ക പറമ്പിലുണ്ട് ആവോളം... സ്വന്തം ആവശ്യം കഴിഞ്ഞ് ഇതൊക്കെ എന്തിനു കൊള്ളാം? വെറുതേ പാഴാക്കിക്കളയേണ്ടതിന്റെ നിരാശയിലാണോ നിങ്ങള്‍? എങ്കില്‍ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്ന സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഓണ്‍ കോള്‍ ഹെല്‍പ് സെന്ററിലേക്ക് നിങ്ങള്‍ക്കു വിളിക്കാം. 

ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്നവരില്‍ പലര്‍ക്കും അതിന്റെ വിപണിയുടെ സാധ്യതകള്‍ കൃത്യമായി അറിയില്ലെന്നു മനസിലാക്കിയാണ് കോള്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ 46 പേരാണു സംശയങ്ങളുമായി ഇവിടെ വിളിച്ചത്. തങ്ങളുടെ വിളകള്‍ക്കു വിപണി എപ്പോഴാണ് എവിടെയാണ് എന്നതായിരുന്നു പ്രധാന സംശയമെന്ന് സയന്റിസ്റ്റ് ഡോ. എ.വി. രഘു പറഞ്ഞു. 

മഹാഗണി, കറ്റാര്‍വാഴ, ഇലഞ്ഞി തുടങ്ങി പലതിന്റെയും ഔഷധമൂല്യം അറിയില്ല പല കര്‍ഷകര്‍ക്കും. പേക്കടുക്ക, ചിറ്റരത്ത, തമ്പകം തുടങ്ങി കണ്ടാല്‍ പോലും തിരിച്ചറിയാത്തതും പേരറിയാത്തതുമായ സസ്യങ്ങള്‍ പല പറമ്പുകളിലുമുണ്ട്. ഇവയുടെയെല്ലാം സാധ്യതകള്‍ ഹെല്‍പ് സെന്ററില്‍ നിന്നു പറഞ്ഞുതരും. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള സംശയങ്ങളാണ് തീര്‍ത്തു കൊടുക്കുന്നതെങ്കിലും ഔഷധ വ്യവസായത്തിനല്ല, പ്രഥമ പരിഗണന കര്‍ഷകര്‍ക്കു തന്നെയാണ്.

തുളസിക്ക് ഔഷധ വിപണിയില്‍ കിലോക്ക് 25 രൂപയും പൂജാവിപണിയില്‍ 125 രൂപയുമാണെങ്കില്‍ ഇക്കാര്യം കര്‍ഷകര്‍ക്ക് കൃത്യമായി പറഞ്ഞുകൊടുക്കും. ചില ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ട സീസണ്‍ ഇതല്ല എന്നുള്ള വിവരവും കര്‍ഷകരെ ബോധ്യപ്പെടുത്തും. കര്‍ഷകന്‍ ചൂഷണത്തിനു വിധേയനാവുന്ന അവസ്ഥ അവസാനിപ്പിക്കുക തന്നെയാണ് സെന്ററിന്റെ പ്രധാന ലക്ഷ്യം എന്നു ചുരുക്കം.

വിവിധ സര്‍ക്കാര്‍, സര്‍ക്കാരേതര ഏജന്‍സികള്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ യഥാസമയം കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും കൃഷിയുമായി ബന്ധപ്പെട്ട അറിവുകള്‍ ശേഖരിക്കുന്നതിനും ആ അറിവുകള്‍ ഭാവിയിലേക്കു ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ പദ്ധതികള്‍ തയാറാക്കാനുമുള്ള സഹായം നല്‍കുക  എന്നിവയും പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നുണ്ട്. ഔഷധസസ്യ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏത് വിള തിരഞ്ഞെടുക്കണം, അനുയോജ്യമായ രീതികള്‍ എന്തൊക്കെ എന്നതും മനസ്സിലാക്കാം. വിളവെടുപ്പ്, സംസ്‌കരണം, സംഭരണം എന്നിവയില്‍ എന്തൊക്കെ ശ്രദ്ധിക്കണം, എവിടെ വില്‍ക്കാന്‍ സാധിക്കും, സാമ്പത്തിക സഹായം ലഭ്യമാണോ, പദ്ധതി രൂപീകരണം ആവശ്യമെങ്കില്‍ എങ്ങനെ തുടങ്ങിയ നിരവധി സംശയങ്ങള്‍ക്കു പരിഹാരം തേടിയും ബന്ധപ്പെടാം. കാര്‍ഷിക സര്‍വകലാശാല ഗവേഷണ കേന്ദ്രങ്ങള്‍, ആയുര്‍വേദ വ്യവസായ മേഖല, കേന്ദ്ര സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് തുടങ്ങിയ മേഖലയിലെ വിദഗ്ധരുടെ സഹായവും സംശയനിവാരണത്തിന് ഉണ്ടാകും. 

വിളിക്കേണ്ട നമ്പര്‍ 0487 2690333

English summary: Call Center for Medicinal Plant Information

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com