ADVERTISEMENT

വെള്ളമില്ലാത്തതിന്റെ പേരിൽ ദുരിതമനുഭവിച്ച് മിണ്ടാപ്രാണികൾ. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് ജിൽസന്റെ ഫാമിലെ പന്നികളും മുയലുകളുമാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. ഒരു പന്നി കഴിഞ്ഞ ദിവസം ചാകുകയും ചെയ്തു. ഇതേത്തുടർന്ന് സമീപത്തുള്ള മറ്റു കർഷകർ രംഗത്തെത്തിയതാണ് സംഭവം പുറംലോകമറിയാൻ കാരണം.

250ൽപ്പരം പന്നികളും 50ൽപ്പരം മുയലുകളുമാണ് ഈ ഫാമിലുള്ളത്. ഉടമ ജിൽസൺ കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ പ്രതിയാണ്. കഴിഞ്ഞ മാസം കാട്ടുപോത്തിനെ വേട്ടയാടുകയും ഇതറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നായ്ക്കളെ തുറന്നുവിട്ട് ഒളിവിൽ പോയ വ്യക്തിയാണ് ജിൽസൺ. മതിൽ ചാടിക്കടന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ പോലീസിൽ വിവരമറിയിക്കുകയും പോലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി 50 കിലോയോളം ഉണങ്ങിയ പോത്തിറച്ചിയും തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജിൽസന്റെ കൂട്ടുപ്രതികളിൽ മൂന്നു പേർ പിടിയിലാകുകയും ചെയ്തിരുന്നു.

ജിൽസൺ ഒളിവിൽപോയതോടെയാണ് ഫാമിലെ പ്രവർത്തനങ്ങൾ അവതാളത്തിലായത്. ഫാമിലെ മൃഗങ്ങൾക്കൊപ്പം ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. സമീപത്തെ കാട്ടിൽനിന്ന് പൈപ്പിട്ടാണ് ഫാമിലേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ, അത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് അധികൃതർ പൈപ്പ് ലൈൻ നശിപ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായതിന്റെ പേരിൽ കർഷക സംഘടനകൾ ഇടപെട്ട് കഴിഞ്ഞ ദിവസം വീണ്ടും പൈപ്പ് ഇട്ടിരുന്നു. എന്നാൽ, ഇതും അധികൃതർ നശിപ്പിച്ചെന്ന് കർഷകർ പറയുന്നു. കുടിവെള്ളവും ചൂട് ശമിപ്പിക്കാനും കുളിപ്പിക്കാനും ആവശ്യമായ വെള്ളം ലഭിക്കാതെ വന്നതോടെ മൃഗങ്ങൾ ദുരതത്തിലാണെന്നം കർഷകർ പറയുന്നു. ഫാമിലെ ഒരു പന്നിയും 5 മുയലുകളും ഇതിനോടകം ചത്തു. ഒട്ടേറെ പന്നികൾ ക്ഷീണിതരുമാണ്.

പതിറ്റാണ്ടുകളായി ഇത്തരത്തിലാണ് ഇവിടെ വെള്ളമെത്തിച്ചിരുന്നതെന്ന് പന്നിക്കർഷക–ലൈവ്സ്റ്റോക്ക് ഫാർമേഴ്സ് കൂട്ടായ്മകൾ കർഷകശ്രീയോടു പറഞ്ഞു. വനത്തിൽനിന്ന് ഇത്തരത്തിൽ വെള്ളമോ മറ്റുൽപന്നങ്ങളോ എടുക്കാൻ അവകാശമില്ലെന്നിരിക്കേ ജിൽസൺ ചെയ്തത് തെറ്റാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, ജിൽസൺ മാത്രമല്ല ഒട്ടേറെ കർഷകർ കാട്ടിൽനിന്നാണ് ഇവിടെ കൃഷിക്കാവശ്യമായ വെള്ളമെടുക്കുന്നതെന്നും ജിൽസന്റെ ഫാമിലേക്കുള്ള ലൈൻ മാത്രമാണ് അധികൃതർ നശിപ്പിച്ചതെന്നുമാണ് കർഷകരുടെ ആരോപണം. 

ജിൽസൺ ചെയ്ത പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് കർഷക കൂട്ടായ്മകളും സമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് തുടക്കത്തിൽ മറ്റു കർഷകർ ഇതിൽ ഇടപെടാത്തതിനും ഫാമിലെ വിവരങ്ങൾ പുറംലോകം അറിയാത്തതിനും കാരണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. എന്നാൽ, ഉടമ ചെയ്ത തെറ്റിന്റെ പേരിൽ ഫാമിലെ മിണ്ടാപ്രാണികളെ ദ്രോഹിക്കരുതെന്നാണ് കർഷകരുടെ അപേക്ഷ. മലമുകളിൽ പ്രവൃത്തിക്കുന്ന ഫാം ആയതിനാൽ വാഹനത്തിൽ വെള്ളമെത്തിക്കുക എന്നത് പ്രായോഗികമല്ലെന്നും കർഷകർ പറയുന്നു. അതുകൊണ്ടുതന്നെ വനത്തിൽനിന്നുള്ള കുടിവെള്ള സംവിധാനം തടസപ്പെടുത്താതിരിക്കണമെന്ന അപേക്ഷയുമായി വനം–ക്ഷീരവികസന വകുപ്പ് മന്ത്രിയെ കാണാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ പന്നിക്കർഷക കൂട്ടായ്മ.

livestock
ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ വനം മന്ത്രി കെ. രാജുവിന് സമർപ്പിച്ച നിവേദനം
livestock-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com