ADVERTISEMENT

ഹരിതാഭയും കുളിരും അൽപംപോലും കളയാതെ തൃശൂരിലെ തോട്ടങ്ങളിൽ പ്രത്യേക വിധിപ്രകാരം തയാറാക്കിയ നേന്ത്രൻ വിഷുവിന് മുൻപ് ലണ്ടനിലും സ്കോട്ട്ലൻഡിലും എത്തും. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നാടിന്റെ രുചിയറിയാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം ഈ വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.

വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റി അയയ്ക്കുന്ന 10 ടൺ പച്ച നേന്ത്രക്കായ 20–25 ദിവസം കൊണ്ട് ലണ്ടനിലെ ഗേറ്റ് വേ തുറമുഖത്ത് എത്തും. കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.

banana-thalir
നേന്ത്രക്കായ പായ്ക്കറ്റിലാക്കിയപ്പോൾ

ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്. 

ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. 

English summary: Banana Export from Kerala to United Kingdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com