മലയോര കര്‍ഷകരും വനംവകുപ്പും തമ്മില്‍ തുടര്‍ന്നുപോരുന്ന സംഘര്‍ഷങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം വാര്‍ത്തയില്‍ ഇടംപിടിച്ചത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീടിന് കതകുണ്ടാക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് വെട്ടിയ വീട്ടമ്മയ്‌ക്കെതിരേയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തത്. തടിയും പിടിച്ചെടുത്തു.

റാന്നി റേഞ്ചിലെ കണമല ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ചരിവുകാലായില്‍ റുക്കിയ ബീവിക്കാണ് ഈ ദുരവസ്ഥ. പത്താം ക്ലാസില്‍ പഠിക്കുന്ന മകളും പ്ലസ് ടു കഴിഞ്ഞ മകനുമാണ് റുക്കിയയ്‌ക്കൊപ്പം ഈ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടില്‍ താമസിക്കുന്നത്. വീടിന് അടച്ചുറപ്പുള്ള വാതില്‍ നിര്‍മിക്കാനായി പ്ലാവ് മുറിച്ച വീട്ടമ്മയ്‌ക്കെതിരേ കേസെടുത്തതില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്തുയര്‍ന്നത്. ഇന്നലെ വൈകുന്നേരം ആറിന് പമ്പാവാലി തുലാപ്പള്ളിയില്‍ കര്‍ഷക പ്രതിരോധ സദസ് കര്‍ഷക സംഘടനകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

കര്‍ഷക പ്രക്ഷോഭങ്ങളുടെ ഒട്ടേറെ ചരിത്രം പറയാനുണ്ട് പമ്പാവാലിക്ക്. പമ്പാവാലി ജനത നേടിയതൊന്നും ആരുടെയും ഔദാര്യമല്ല, പാരുതി നേടിയതാണ്. അതെല്ലാം ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്. നേത്യത്വം കൊടുക്കാന്‍ ചങ്കുറപ്പുള്ള ഒരാള്‍ മുന്നില്‍ വന്നാല്‍ ജാതിമത വര്‍ഗവര്‍ണ രാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടയായി കൂടെ നില്‍ക്കും. ഒരു കാളവണ്ടി പോലും എത്താത്ത കിഴക്ക്-പടിഞ്ഞാറ് പമ്പയാറും തെക്ക്-വടക്ക് അഴുതയാറും കുറുകെ കടന്ന് നടന്നു വന്നിരുന്ന കാലമുണ്ടായിരുന്നു പമ്പാവാലിക്കാര്‍ക്ക്, ഏതാണ്ട് 1995 വരെ.
നേത്യത്വം കൊടുക്കാന്‍ ഫാ. വടക്കേമുറി (മലനാടച്ചന്‍) വന്നതോടെ മൂന്ന് പാലങ്ങളും ഏതാണ്ട് 18 കിലോമീറ്റര്‍ റോഡും ടാറിട്ട് പണിതവര്‍ (ഏഷ്യയിലെ ആദ്യത്തെ ഏറ്റവും നീളം കൂടിയ റബ്ബറൈസ്ഡ് റോഡ്). വൈദ്യുതി ഇല്ലാത്ത കാലത്ത് സ്വന്തമായി ഡാം നിര്‍മ്മിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ച് 800 കുടുംബങ്ങള്‍ക്ക് വെളിച്ചം എത്തിച്ചവര്‍.

പാറത്തോട്ടില്‍ ഡാം കെട്ടി കുടിയൊഴിപ്പിക്കല്‍ ഭീഷണി വന്നപ്പോള്‍ സമരങ്ങളിലൂടെ പദ്ധതി തടഞ്ഞവര്‍. 2014ല്‍ കേരളം ശ്രദ്ധിച്ച തടിവെട്ട് സമരം നടത്തി കര്‍ഷകന്റെ ഭൂമിയിലെ തടി കര്‍ഷകന്റെ മാത്രമാണന്ന് മലയോര കര്‍ഷകരെ ഉത്‌ബോധിപ്പിച്ചവര്‍. ഈ കര്‍ഷകര്‍ ഒരുമിച്ചു പറയുന്നു, ഞങ്ങള്‍ ഇവിടെ ഇവിടെ ജീവിക്കാനായി ജനിച്ചവരാണ്, ഇവിടെത്തന്നെ ജീവിക്കും. വനനിയമം വനത്തിനുള്ളതാണ്. ഇവിടെ താമസിക്കുന്ന ഞങ്ങള്‍ റവന്യൂ ഭൂമിക്ക് പട്ടയം ലഭിച്ചവരാണ്. അതു ഞങ്ങളുടെ സ്വത്താണ്. അത് സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ സ്വത്ത് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും.
English summary: Farmers and Forest Department Conflict