മത്സ്യമേഖലയില്‍ സ്ത്രീശക്തിയുടെ വിജയഗാഥയുമായി രാജിയും സ്മിജയും

HIGHLIGHTS
  • വനിതാദിനാഘോഷ ചടങ്ങില്‍ സിഎംഎഫ്ആര്‍ഐ ആദരിക്കും
smija-raji
SHARE

മത്സ്യമേഖലയില്‍ സ്ത്രീശക്തീകരണത്തിന്റെ വിജയഗാഥ രചിച്ച് മാതൃകയാകുകയാണ് രാജി ജോര്‍ജും എം.ബി. സ്മിജയും. മത്സ്യക്കൃഷി ഉള്‍പ്പെടെയുള്ള സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയില്‍ സ്വയം സംരംഭകരായി സാമ്പത്തിക വിജയം നേടിയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ശാസ്ത്രീയ കൃഷിരീതികള്‍ക്കൊപ്പം മാനേജ്‌മെന്റ് പാടവവും പുറത്തെടുത്ത് കരുത്ത് തെളിയിച്ച രണ്ടുപേരെയും രാജ്യാന്തര വനിതാദിനമായ ഇന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ആദരിക്കും.

raji
ക്വാറിയില്‍ സ്ഥാപിച്ച മീന്‍ വളര്‍ത്തല്‍ ഫാമില്‍ രാജി ജോര്‍ജ്

മീന്‍-പച്ചക്കറിക്കൃഷികള്‍, കോഴി-താറാവ്-കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്ല് കൃഷി എന്നിവ സംയോജിപ്പിച്ചാണ് അങ്കമാലി സ്വദേശിനിയായ രാജി ജോര്‍ജ് സംരംഭകയായി മികവ് തെളിയിച്ചത്. സിഎംഎഫ്ആര്‍ഐയുടെയും എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പരിശീലനത്തിനു ശഷം 60 അടിയോളം താഴ്ചയുള്ള കരിങ്കല്‍ ക്വാറിയില്‍ മീന്‍ വളര്‍ത്തല്‍ യൂണിറ്റായ 'അന്നാ അക്വാ ഫാം' സ്ഥാപിച്ചാണ് രാജിയുടെ സംരംഭകത്വ ശ്രമങ്ങളുടെ തുടക്കം. തിലാപ്പിയ, വാള, കട്ല, രോഹു, മൃഗാള്‍ തുടങ്ങിയ മീനുകള്‍ എട്ട് കൂടുകളിലായാണ് അന്നാ അക്വാഫാമില്‍ കൃഷി ചെയ്യുന്നത്. ഹോം ഡെലിവറിയിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയുമാണ് മീനുകള്‍ വിപണനം നടത്തുന്നത്. 'അന്നാ അഗ്രോ ഫാം' എന്ന് നാമകരണം ചെയ്ത പച്ചക്കറിത്തോട്ടത്തില്‍ തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞള്‍, കോളിഫ്ളവര്‍, കാബേജ്, കപ്പ തുടങ്ങിയവയാണ് പ്രധാന കൃഷി. മുന്നൂറോളം കോഴിയും അത്രതന്നെ കാടയും കൂടാതെ താറാവ് പശു, ആട് എന്നിവയെയും രാജി ജോര്‍ജ് വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തുന്നുണ്ട്. സുസ്ഥിര കൃഷിരീതിയിലൂടെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കി സ്ത്രീശക്തി തെളയിച്ചതിനാണ് രാജി ജോര്‍ജിന് സിഎംഎഫ്ആര്‍ഐയുടെ അംഗീകാരം ലഭിക്കുന്നത്.

smija
കൂടുമത്സ്യകൃഷി യൂണിറ്റില്‍ സ്മിജ മീനുകള്‍ക്ക് തീറ്റ നല്‍കുന്നു

കൂടുമത്സ്യകൃഷിയിലൂടെ വിജയകരമായ കരിയര്‍ കണ്ടെത്തുകയും നാട്ടുകാര്‍ക്കിടയില്‍ കൂടുകൃഷിയുടെ പ്രചാരകയായി മാറുകയും ചെയ്തതിനാണ് എന്‍ജിനീയര്‍ കൂടിയായ മൂത്തകുന്നം സ്വദേശിനി എം.ബി. സ്മിജയ്ക്ക് ആദരം. പെരിയാറിലാണ് കൂടുകൃഷി നടത്തുന്നത്. പെരിയാര്‍ ആക്ടിവിറ്റി ഗ്രൂപ്പ് എന്ന സ്വയം സഹായക സംഘത്തിന് നേതൃത്വം നല്‍കുന്നതും സ്മിജയാണ്. സിഎംഎഫ്ആര്‍ഐയുടെ പരിശീലനം നേടിയാണ് സ്മിജ കൂടുമത്സ്യകൃഷി ആരംഭിക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ധാരാളം കൂട്ടായ്മകള്‍ രൂപീകരിച്ച് കൂടുമത്സ്യകൃഷി വിപുലമാക്കാന്‍ സ്മിജയുടെ നേതൃപാടവത്തിനായി. നിരവധി കുടുംബങ്ങള്‍ക്ക് വരുമാനം കണ്ടെത്താന്‍ കഴിയുംവിധം 60ല്‍പ്പരം കൂടുമത്സ്യകൃഷി യൂണിറ്റുകള്‍ സ്മിജയുടെ നേതൃത്വത്തില്‍ പെരിയാറില്‍ നടന്നുവരുന്നു. കൂടുകൃഷിയില്‍ പങ്കാളിയാകുന്നതിനൊപ്പം മറ്റുള്ളവരെ പരിശീലിപ്പിക്കാനും സ്മിജ സമയം കണ്ടെത്തുന്നു.

സിഎംഎഫ്ആര്‍ഐയിലെ വിമന്‍ സെല്ലാണ് ഇരുവരെയും ആദരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ ഇരുവര്‍ക്കും അംഗീകാരപത്രവും ഉപഹാരവും നല്‍കി ആദരിക്കും. നടി സുബി സുരേഷ് മുഖ്യാതിഥിയാകും. ഡോ. മിറിയം പോള്‍ ശ്രീറാം, ഡോ. സന്ധ്യ സുകുമാരന്‍ എന്നിവര്‍ പ്രസംഗിക്കും.

English summary: Successful Women Fish Farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA