ADVERTISEMENT

കോട്ടയം ജില്ലയിലെ കാർഷിക ഗ്രാമമായ മറ്റക്കരയിൽ വീണ്ടുമൊരു കൊയ്ത്തുപാട്ട്. വർഷങ്ങളായി തരിശു കിടന്നിരുന്ന പാടത്ത് നെൽകൃഷി ചെയ്ത് നൂറുമേനി വിളവ് കൊയ്യുകയാണ് ജീവൻ ജ്യോതി കൂട്ടായ്മയിലെ കർഷക സുഹൃത്തുക്കൾ. തരിശു കിടന്നിരുന്ന അഞ്ചരയേക്കർ സ്ഥലത്തെ നെൽക്കൃഷി നാലും വർഷം പിന്നിട്ടിരിക്കുന്നു. ഇന്നലെ കൊയ്ത്ത് തുടങ്ങുകയും ചെയ്തു.

തരിശുപാടങ്ങളിൽ കൃഷി ചെയ്യണമെന്ന സാമൂഹ്യ ബോധത്തിൽനിന്നാണ് ജീവൻ ജ്യോതിയിലെ അംഗങ്ങൾ നെൽകൃഷിയിലേക്കിറങ്ങിയത്. പരമ്പരാഗത നെൽക്കർഷക കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു കൂട്ടായ്മയിലുണ്ടായിരുന്നത് എന്നതുകൊണ്ടുതന്നെ കൃഷിയിറക്കൽ ബുദ്ധിമുട്ടായില്ല. കൂട്ടായ്മയോടെ വിത്തിറക്കിയപ്പോൾ വിളവെന്നും നൂറുമേനിയായിരുന്നു. പാലാ രൂപതയുടെ കീഴിലുള്ള പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കൃഷിയേയും കൃഷിക്കാരേയും പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി എസ്എച്ച് ഗ്രൂപ്പുകൾ രൂപീകരിച്ചപ്പോൾ മറ്റക്കര ഹോളി ഫാമിലി ചർച്ചിന്റെ കീഴിൽ രൂപീകൃതമായ സംഘമാണ് ജീവൻ ജ്യോതി.

വർഷം ഒരു തവണ മാത്രമാണ് ഇവരുടെ കൃഷി, അതും മഴയെ ആശ്രയിച്ചു മാത്രം. രണ്ടാം കൃഷി ചെയ്താൽ വിളവെടുപ്പു സമയമാകുമ്പോൾ പാടത്തു വെള്ളം നിറയും. വെള്ളത്തിൽ കൊയ്ത്ത് യന്ത്രമുപയോഗിച്ച് വിളവെടുപ്പ് അസാധ്യമാണ്. അതിനാലാണ് വർഷം ഒരു കൃഷി എന്ന രീതിയിൽ മുൻപോട്ടുപോകുന്നത്.

paddy-harvest
ജീവൻജ്യോതിയിലെ അംഗങ്ങൾ

നവംബർ അഞ്ചിന് വിതച്ച പാടം നാലു മാസം പിന്നിട്ടപ്പോൾ കൊയ്യാൻ പാകമായി. ഇന്നലെ മുതൽ കൊയ്ത്ത് ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കൊയ്ത്തിനു തടസമാകുമെന്നു ഭയന്നെങ്കിലും വലിയ വെല്ലുവിളിയായില്ലെന്ന് കർഷകർ പറയുന്നു. ശക്തമായ മഴ തുടർന്നും പെയ്തിരുന്നെങ്കിൽ നെല്ല് കൊയ്യാതെ ഉപേക്ഷിക്കുമായിരുന്നെന്നും കർഷകർ. നെല്ലിന്റെ വളർച്ചയ്ക്കാവശ്യമായ മൂലകങ്ങൾ എത്തിക്കുന്ന വിധത്തിൽ നാമമാത്രമായ രാസവളപ്രയോഗം മാത്രമാണ് ചെയ്തത്. സാധാരണ സിവിൽ സപ്ലൈസ് മുഖേനയാണ് വിൽപന.

തൊഴിലാളികളുടെ അഭാവം, വർധിച്ച കൂലി, സമയ നഷ്ടം മുതലായവ മറികടക്കാൻ യന്ത്രവൽകൃത കൃഷികൊണ്ടു മാത്രമേ സാധിക്കൂ. അതുകൊണ്ടുതന്നെ കൊയ്യാൻ യന്ത്രത്തെ ആശ്രയിക്കുന്നു. കൂലിച്ചെലവുവച്ചു നോക്കുമ്പോൾ യന്ത്രക്കൃഷിയാണ് മെച്ചം. ഇത്തവണ ഏക്കറിന് 2000 കിലോയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ നെല്ലിന് നല്ല താങ്ങുവിലയും പ്രോത്സാഹന സബ്സിഡികളും ഉള്ളതുകൊണ്ട് കൃഷി ലാഭകരമാണെന്നും ഈ കർഷകർ പറയുന്നു. കൃഷിപ്പണികൾ അംഗങ്ങൾ തനിച്ചും തൊഴിലാളികളെ ഉപയോഗിച്ചും നടക്കുന്നു.

കുര്യൻ വടക്കേടം, ജോൺ വടക്കേടം, ജോസഫ് വടക്കേടം, ടോജോ മലേക്കുന്നേൽ, മാത്യു മഞ്ഞളിൽ, ജോസ് വലിയപറമ്പിൽ എന്നിവരാണ് ജീവൻ ജ്യോതിയിലെ അംഗങ്ങൾ.

English summary: Paddy Harvesting in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com