ADVERTISEMENT

കുട്ടനാട്ടിലും മറ്റു നെൽകൃഷി മേഖലയിലും കൊയ്ത്ത് അവസാന ഘട്ടത്തിലാണ്. വേനൽമഴ ഇത്തവണയും വിലങ്ങനെയുണ്ട്. ഈർ‍പ്പത്തിന്റെ പേരിലുള്ള കിഴിവിനെപ്പറ്റി കർഷകർക്ക് ഏറെ പരാതിയുണ്ട്. ഈർപ്പത്തിന്റെ പേരിൽ കുട്ടനാട്ടിൽ ചിലയിടങ്ങളിൽ നെല്ലു സംഭരണം നടക്കുന്നില്ല. കൊയ്തു 10 ദിവസത്തിലേറെയായ 50 ലോഡിലേറെ നെല്ല് പാടങ്ങളിൽ കിടക്കുന്നു. പുളിങ്കുന്ന്, തലവടി, നെടുമുടി ഭാഗങ്ങളിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്.

മഴ തുടരുന്നതിനാൽ ഈർപ്പത്തിന്റെ അളവ് 20 – 28% അധികമായി കാണുന്നുണ്ടെന്നാണ് പാഡി മാർക്കറ്റിങ് അധികൃതർ പറയുന്നത്. 17% വരെ ഈർപ്പത്തിന്റെ അളവ് സ്വീകാര്യമാണെന്നും കൂടുതലുണ്ടെങ്കിൽ വീണ്ടും ഉണക്കി നൽകിയാലേ നെല്ല് സംഭരിക്കൂ എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കർഷകർ പറയുന്നത് ഈർപ്പം 17% ആണെങ്കിലും 10 കിലോഗ്രാമോളം അധിക തൂക്കം നെല്ല് ആവശ്യപ്പെടുന്നെന്നാണ്.

അതിലേറെ ഈർപ്പമുണ്ടെങ്കിൽ ഓരോ കിലോഗ്രാം വീതം കൊടുക്കണം. ഉൾപ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ സംഭരണമാണ് നീളുന്നത്. ഫെബ്രുവരി അവസാനം ആരംഭിച്ച കൊയ്ത്ത് ഇതുവരെ പൂർത്തിയായിട്ടില്ല. ഇനി മുട്ടാർ, വെളിയനാട്, രാമങ്കരി, നെടുമുടി, തകഴി, വീയപുരം, ഹരിപ്പാട്, ചെന്നിത്തല, മാന്നാർ എന്നിവിടങ്ങളിലായി 4,000 ഹെക്ടറോളം കൊയ്യാനുണ്ട്.

മഴയാണു തടസ്സം. അതു സംഭരണത്തെയും ബാധിക്കാൻ ഇടയുണ്ട്. വൈകുന്നേരങ്ങളിലെ മഴ മൂലം നെൽച്ചെടികൾ വീഴുന്നു. നെല്ല് ഉണക്കാൻ വലിയ ചെലവും വരുന്നു. ഇതിനു പുറമെയാണ് കിഴിവെന്ന നഷ്ടം. ഈർപ്പത്തിന്റെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ നെല്ല് ഇടനിലക്കാർ തട്ടിയെടുക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.

നെല്ല് കൂട്ടിയിരിക്കുന്ന സ്ഥലങ്ങളിൽ പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ഈർപ്പം പരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം. സംഭരിച്ച നെല്ലിന്റെ പിആർഎസ് ഈസ്റ്ററും തിരഞ്ഞെടുപ്പും കാരണം വൈകിയിട്ടുമുണ്ട്. നെല്ലു നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും പണം അക്കൗണ്ടിൽ കിട്ടാത്ത ഒട്ടേറെ കർഷകരുണ്ട്.

‌‌വേനൽമഴയുടെ കൊയ്ത്ത്

വേനൽ മഴയിൽ ബുധനൂരിലെ 100 ഹെക്ടറിൽ, കൊയ്യാറായ നെല്ലു നശിച്ചു. രണ്ടാം വാർഡിലെ നെല്ലിക്കുഴി, പുതുശേരിക്കുഴി, മുരമ്പിൽഭാഗം പ്രദേശങ്ങളിലാണു കൃഷി വെള്ളത്തിലായത്. വേനൽമഴയും പുലിയൂർ പഞ്ചായത്തിലൂടെയുള്ള കുരണ്ടിച്ചാൽ – ഒറ്റപ്പാലം തോട്ടിൽ നിന്നുള്ള വെള്ളവുമാണ് ചതിച്ചത്. കുറച്ചു ദിവസം കഴിഞ്ഞാൽ കൊയ്യാൻ പാകമായിരുന്നു. ആളെയിറക്കി കൊയ്യാമെന്നു കരുതിയെങ്കിലും കൊയ്ത്തുകാരെ കിട്ടാത്തതും കർഷകരെ വലയ്ക്കുന്നു.

അമിതമായ കൂലിക്കായാലും കിട്ടുന്നതു കൊയ്തെടുക്കാനാണ് അവരുടെ ശ്രമം. കൃഷി അധികൃതരെത്തി നഷ്ടത്തിന്റെ കണക്കെടുക്കണമെന്നു പാടശേഖര സമിതി പ്രസിഡന്റ് സോമക്കാരണവരും സെക്രട്ടറി ഭാസ്കരൻ നായരും ആവശ്യപ്പെട്ടു. അടുത്ത മഴയ്ക്കു മുൻപ് അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.  ചെന്നിത്തല, മാന്നാർ, ബുധനൂർ, പള്ളിപ്പാട് മേഖലകളിലാണ് ഇപ്പോൾ കൊയ്ത്ത് നടക്കുന്നത്. 

സംഭരണകേന്ദ്രമില്ല

കഴിഞ്ഞ രണ്ടാം കൃഷി സമയത്ത് മില്ലുടമകൾ സംഭരണത്തിൽനിന്നു വിട്ടുനിന്നപ്പോൾ സഹകരണ സംഘങ്ങൾ വഴി സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിനായി സംഭരണ കേന്ദ്രങ്ങൾ അന്വേഷിക്കുകയും ചെയ്തു. പക്ഷേ, അതു ഫലം കണ്ടില്ല. തർക്കം തീർന്നതോടെ മില്ലുടമകൾ സംഭരണം തുടങ്ങി. അതോടെ ഗോഡൗൺ അന്വേഷണവും നിലച്ചു.

കൃഷി മേഖലയിൽ തർക്കമോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ മാത്രം പൊന്തിവരികയും പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്യുന്ന ആശയങ്ങളിൽ ഒന്നായി ഈ നീക്കവും മാറി. മറ്റു പ്രഖ്യാപനങ്ങൾ: അത്യാധുനിക സംവിധാനമുള്ള മില്ലുകൾ, ഗുണനിലവാര പരിശോധനാ കേന്ദ്രം, നെല്ലു സംഭരണ കേന്ദ്രം, കുട്ടനാട് പാക്കേജ്, പാടങ്ങൾക്കു ശല്യമായ പോള ഉപയോഗിച്ച് ജൈവവളം നിർമിക്കാൻ പദ്ധതി.5 മാസം മുൻപാണ് ഗോഡൗണുകൾ കണ്ടെത്തൽ യജ്ഞം തുടങ്ങിയത്.

അടുത്ത രണ്ടാം കൃഷി ഒരു മാസത്തിനകം തുടങ്ങും. വിളവെടുപ്പിനു മുൻപ് മഴക്കാലവും വെള്ളപ്പൊക്കവും വരാം. അതിനെ അതിജീവിച്ച് വിളവു വരെയെത്തിക്കുന്ന നെല്ല് കൊയ്യാനും മില്ലുടമകൾ സംഭരിച്ചില്ലെങ്കിൽ കർഷകർക്കു നഷ്ടം വരാതിരിക്കാൻ ഇപ്പോഴും ഒരു സംവിധാനവുമില്ല.സഹകരണ സംഘങ്ങൾ ഗോഡൗൺ കണ്ടെത്തണമെന്നായിരുന്നു നിർദേശം.

ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് സംഭരിക്കേണ്ട കുട്ടനാട്ടിൽ സംഭരണ കേന്ദ്രങ്ങൾ കണ്ടെത്താൻ പ്രയാസമാണ്.കുട്ടനാട്ടിൽ 26 സഹകരണ സംഘങ്ങളാണ് ഉള്ളത്. 10 സംഘങ്ങൾക്കേ ചെറിയ ഗോഡൗൺ എങ്കിലുമുള്ളൂ. അവിടെയെല്ലാം കൂടി 9,000 ടൺ സംഭരണശേഷി മാത്രം. ഈ ഗോഡൗണുകൾ മിക്കതും വളം സൂക്ഷിക്കുന്നതാണ്.

നെല്ലു സംഭരിക്കാൻ യോജിച്ചതല്ല. 2019–20 ൽ രണ്ടാം കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടും കുട്ടനാട്ടിൽ 3,000 ഹെക്ടറിലേറെ വിളവെടുപ്പ് നടന്നു.18,000 ടൺ നെല്ലെങ്കിലും ലഭിക്കുകയും ചെയ്തു. ഇത്തവണ 10,000 ഹെക്ടറിലേറെ രണ്ടാം കൃഷിയിറക്കും. സഹകരണ സംഘങ്ങൾ നെല്ലു സംഭരിച്ചാൽ സപ്ലൈകോയുടേതു പോലെ കാര്യക്ഷമമാകുമോ എന്ന ആശങ്ക കർഷകർക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com