ADVERTISEMENT

വെറ്ററിനറി സര്‍ജന്‍മാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആന്‍ഡ് കോവിഡ് സെന്റിനല്‍സ് ആയി നിയമിച്ചതിന്റെ അപാകത ചൂണ്ടിക്കാട്ടി കേരള ഗവണ്‍മെന്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിവിഒഎ). വെറ്ററിനറി സര്‍ജന്മാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആയി നിയമിക്കുമ്പോള്‍ കര്‍ഷകര്‍ക്കു ലഭിക്കേണ്ട സേവനം ലഭിക്കാതെ വരികയും അത് മൃഗസംരക്ഷണ മേഖലയില്‍ വലിയ വെല്ലുവിളിയാകുകയും ചെയ്യുമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിക്ക് കെജിവിഒഎ ജനറല്‍ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ തടയുന്നതിനുംവേണ്ടിയാണ് വെറ്ററിനറി ഡോക്ടര്‍മാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആയി നിയമിച്ചിട്ടുള്ളത്. എന്നാല്‍, ഓരോ പഞ്ചായത്തിലും ഒരു വെറ്ററിനറി ആശുപത്രിയും അവിടെ ഒരു വെറ്ററിനറി സര്‍ജനും മാത്രമാണ് ഉണ്ടായിരിക്കുക എന്നതിനാല്‍ ഇവരുടെ അഭാവം കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായി മാറും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കാണ് നിലവില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ളത്. ജില്ലാ ഭരണകൂടമാണ് ഇവരെ ചുമതലപ്പെടുത്തുക.

സര്‍ക്കാര്‍ മൃഗാശുപത്രികളില്‍നിന്ന് ഡോക്ടര്‍മാര്‍ മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു ജില്ലാ ഭരണകൂടങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് പദവിയില്‍നിന്ന് നീക്കിയിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്നുമാത്രം ഇരുപതിലധികം വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് രണ്ടു മാസത്തേക്ക് ഇടവിട്ട ദിവസങ്ങളിലും ചിലയിടങ്ങളില്‍ തുടര്‍ച്ചയായും സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല നല്‍കിയിട്ടുണ്ട്. ഇതൊഴിവാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കെജിവിഒഎ മൃഗസംരക്ഷണ വകുപ്പിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. ചുമതല മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചികിത്സാ സംവിധാനം ഉറപ്പുവരുത്തുന്നതിന് താല്‍ക്കാലിക ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കണമെന്നും കത്തിലുണ്ട്.

KGVOA Letterpad.pmd

വെറ്ററിനറി ഡോക്ടര്‍മാര്‍ പുതിയ ചുമതലയില്‍ മൃഗാശുപത്രികളില്‍നിന്ന് മാറിനില്‍ക്കേണ്ടിവരുമ്പോള്‍ കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ടാകും. അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യത്തില്‍ ഡോക്ടറുടെ അഭാവം കര്‍ഷരെ രോഷാകുലരാക്കും. മാത്രമല്ല, അത്തരം സാഹചര്യത്തില്‍ കര്‍ഷര്‍ക്ക് തങ്ങളുടെ വളര്‍ത്തുമൃഗം നഷ്ടപ്പെട്ടാല്‍ പഴി കേള്‍ക്കേണ്ടിവരുന്നത് വെറ്ററിനറി ഡോക്ടര്‍മാര്‍ മാത്രമായിരിക്കും. കോവിഡ്-19 മഹാമാരി എല്ലാ മേഖലയും തകര്‍ത്തപ്പോള്‍ സാധാരണക്കാര്‍ പിടിച്ചുനിന്നത് വളര്‍ത്തുമൃഗങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ, സാധാരണക്കാരുടെ വരുമാനമാര്‍ഗം നഷ്ടപ്പെടാതെ കാക്കാന്‍ സര്‍ക്കാരിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉത്തരവാദിത്തവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com