ADVERTISEMENT

കോവിഡ്-19 രണ്ടാം വരവിന്റെ ഭീതിയും തീറ്റവിലവര്‍ധനയും ഇറച്ചിക്കോഴി മേഖലയില്‍ വരുത്തുന്ന ആഘാതം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞുങ്ങളുടെ വില 10 രൂപയിലേക്ക് എത്തിയെങ്കില്‍ ഇന്നലെ ഇറച്ചിക്കോഴിയുടെ ഫാം റേറ്റ് കുറഞ്ഞത് 24 രൂപയാണ്. ശരാശരി 96 രൂപയില്‍ നിന്ന വില ഇന്നലെ വൈകുന്നേരം 72ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

നോമ്പുകാലമായതിനാല്‍ വില്‍പനയില്‍ ഇടിവുണ്ടായിട്ടുണ്ട് അതിനൊപ്പം വില വര്‍ധിക്കുകയും ചെയ്തു. അതാണ് വില ഇടിയാന്‍ കാരണം. എന്നാല്‍, പെട്ടെന്നുള്ള ഇടിവിനെത്തുടര്‍ന്ന് വിപണിയില്‍ വില്‍പനത്തരംഗം ഉണ്ടായെങ്കിലും കര്‍ഷകര്‍ കോഴികളെ വില്‍ക്കാന്‍ മടിച്ചു. കാരണം, കഴിഞ്ഞ ആഴ്ച വരെ ഒരു കുഞ്ഞിന് 55 രൂപയായിരുന്നു വില. ആ വിലയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി തീറ്റ നല്‍കി 35 ദിവസത്തോളം വളര്‍ത്തുമ്പോള്‍ത്തന്നെ കര്‍ഷകര്‍ക്ക് 100 രൂപയ്ക്കു മുകളില്‍ ചെലവ് വരുന്നുണ്ട്. 

ശരാശരി എഫ്‌സിആര്‍ 1.6 (ഒരു കിലോ തൂക്കം വയ്ക്കാന്‍ കോഴി എടുക്കുന്ന തീറ്റയുടെ അളവാണ് എഫ്‌സിആര്‍) ആണെങ്കില്‍ത്തന്നെ ഒരു കിലോ ഇറച്ചി ഉല്‍പാദിപ്പിക്കാന്‍ തീറ്റച്ചെലവ് ഇനത്തില്‍ കര്‍ഷകന് 50 രൂപയ്ക്കു മുകളില്‍ ചെലവ് വന്നിട്ടുണ്ട്. കുഞ്ഞിന്‌റെ വിലകൂടി കണക്കാക്കിയാല്‍ ശരാശരി 105 രൂപ ചെലവ് വരും. ഈ സാഹചര്യത്തിലാണ് വില 72 രൂപയിലേക്ക് ഇടിഞ്ഞത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കാതെ കോഴികളെ പിടിച്ചുവച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇന്ന് വില ഉയരാന്‍ സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ കണക്കുകൂട്ടുന്നു.

ഈ മാസം 15നു ശേഷം തീറ്റവിലയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. സ്റ്റാര്‍ട്ടറിന് 100 രൂപയും ഫിനിഷറിന് 75 രൂപയും ഉയര്‍ന്നു. ചിലയിടങ്ങളില്‍ 50 കിലോ ചാക്കിന് 2000 രൂപയോട് അടുത്ത് വില വന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ത്തന്നെ പറയുന്നു. തീറ്റവില ഉയര്‍ന്നതും കോവിഡിന്റെ രണ്ടാം വരവുണ്ടാക്കിയ ഭീതിയും കോഴിക്കര്‍ഷകരെ കുഞ്ഞുങ്ങളെ എടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വില താഴേക്കാണ്. നഷ്ടം സഹിച്ചും കിട്ടിയ വിലയ്ക്കു വില്‍ക്കാനായിരുന്നു ഹാച്ചറികളുടെ ശ്രമം. ഇറച്ചിക്കോഴി ഹാച്ചറികളുടെ കേന്ദ്രമായ തമിഴ്‌നാട്ടിലെ പല്ലടത്ത് കോഴിക്കുഞ്ഞുങ്ങളുടെ വില ഇന്നലെ 10 രൂപയിലെത്തി. എന്നാല്‍, ഇന്ന് വില അല്‍പം കയറി 14 രൂപയായി.

ലാഭവും നഷ്ടവും ഒരുപോലെ പ്രതീക്ഷിക്കാവുന്ന മേഖലയാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. രണ്ടു സീസണ്‍ ലാഭമായാല്‍ രണ്ടു സീസണ്‍ നഷ്ടത്തിലാകും. ഇത് വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന പ്രവണതയാണെന്ന് കര്‍ഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ലാഭവും നഷ്ടവും പ്രതീക്ഷിച്ച് ഈ മേഖലയിലേക്ക് ഇറങ്ങുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ എന്നും കര്‍ഷകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com