ലോക് ഡൗൺ കർശനം, ശീതീകരണ–സംസ്കരണ സംവിധാനങ്ങളില്ല: പാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ

HIGHLIGHTS
  • മുംബൈയിലെ എരുമ വളർത്തുന്ന ക്ഷീരകർഷകർ സാധാരണക്കാരാണ്
mumbai-milk-problem
പാൽ വിൽക്കാൻ കഴിയാതെവന്നതിനെത്തുടർന്ന് തീറ്റയിൽ ചേർക്കുന്നു.
SHARE

കോവിഡ്–19ന്റെ രണ്ടാം വരവിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുന്നതിനൊപ്പം പ്രതിസന്ധിയിലായത് കർഷകരും. മുബൈയിലെ ക്ഷീരകർഷകർ പാൽ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. 

പ്രതിദിനം രോഗികളുടെ എണ്ണം 60,000 ആയ സ്ഥിതിക്ക് കർശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യസാധനങ്ങളുടെ വിൽപനയ്ക്ക് ദിവസം 4 മണിക്കൂർ തുറന്നുകൊടുത്തിട്ടുമുണ്ട്. രാവിലെ 7 മുതൽ 11 വരെയാണ് ഇതിനുള്ള അവസരം. നിലവിൽ മേയ് 1 വരെയാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, പ്രതിദിനം ഉൽപാദിപ്പിക്കുന്ന പാൽ വിൽക്കാനാവാതെ ക്ഷീരകർഷകർ ബുദ്ധിമുട്ടുകയാണ്. മുംബൈയിലെ ആരേ കോളനിയിൽത്തന്നെ 450ൽപ്പരം ക്ഷീരകർഷകരുണ്ട്. ഇവർക്കുതന്നെ 17,000ൽപ്പരം കറവ‌യുള്ള എരുമകളുമുണ്ട്. രണ്ടു നേരമാണ് കറവ. കഴിഞ്ഞ 7 പതിറ്റാണ്ടുകളായി മുംബൈ നഗരത്തിലേക്കുള്ള ശുദ്ധമായ പാൽ ദിനംപ്രതി എത്തുന്നത് ഈ പ്രദേശത്തുനിന്നാണ്. ദിവസവും രണ്ടു നേരം ഉൽപാദിപ്പിക്കുന്ന പാൽ റീട്ടെയിൽ ഷോപ്പുകളിലൂടെ നേരിട്ടാണ് വിൽപന. എന്നാൽ, ഇപ്പോൾ സ്ഥിതി അതല്ല. രാവിലെ 4 മണിക്കൂർ മാത്രമാണ് കടകൾ തുറന്നു പ്രവർത്തിക്കുന്നത് എന്നതിനാൽ, കടയുടമകൾ പാൽ എടുക്കാൻ വിസ്സമ്മതിക്കുന്നു. പാൽ സംഭരിക്കാനും സൂക്ഷിക്കാനും പ്രത്യേക സൗകര്യങ്ങൾ കർഷകർക്ക് ഇല്ലാത്തതിനാലാണ് പ്രതിസന്ധി.

ശീതീകരണ, സംസ്കരണ സംവിധാനങ്ങളില്ല

മുംബൈയിലെ എരുമ വളർത്തുന്ന ക്ഷീരകർഷകർ സാധാരണക്കാരാണ്. നിത്യവും ഉൽപാദിപ്പിക്കുന്ന പാൽ നഗരത്തിലെ ചില്ലറവ്യാപാരികൾക്ക് മൊത്തമായി നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാൽ ശീതീകരിച്ച് സൂക്ഷിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ആവശ്യമായ സംവിധാനങ്ങൾ ഇവർക്കില്ല. രാവിലെ ഉൽപാദിപ്പിക്കുന്ന പാൽ ഏറെക്കുറെ വിൽക്കാൻ കഴിയുന്നുണ്ടെങ്കിലും ഉച്ചകഴിഞ്ഞുള്ളത് പാഴാവുകയാണ്.

എരുമക്കർഷകരുട മാത്രം അവസ്ഥയല്ലിത്. മുംബൈയിൽത്തന്നെ 10,000–15,000 ക്ഷീരകർഷകരുണ്ട്. എല്ലാവരുടെയും അവസ്ഥ ഇതുതന്നെ.

പാൽ സൗജന്യമായി വിതരണം ചെയ്യാൻ ശ്രമിച്ചാൽപോലും സാധിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. അതുകൊണ്ടുതന്നെ പലരും പാൽ പശുക്കൾക്കും എരുമകൾക്കും ഭക്ഷണത്തോടൊപ്പം ചേർത്തു കൊടുക്കുകയാണ്. 3–4 മണിക്കൂർ മാത്രം ഷെൽഫ് ലൈഫ് ഉള്ള പാൽ വെറുതെ കളയാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഉരുക്കൾക്കുതന്നെ കൊടുക്കുന്നതെന്നും കർഷകർ പറയുന്നു.

സമാന രീതിയിൽ വിൽപന പ്രതിസന്ധിയുണ്ടായതിനെത്തുടർന്ന് ഛത്തീസ്‌ഗഡ്ഡിലെ ക്ഷീരകർഷകർ പാൽ ഒഴുക്കിക്കളഞ്ഞ് പ്രതിഷേധിച്ചിരുന്നു. പാൽസംഭരണകേന്ദ്രം സംഭരിക്കില്ലായെന്ന് അറിയിച്ചതിനേത്തുടർന്നാണ് കർഷകർ പ്രതിഷേധിച്ചത്. നിത്യേന 1500ലധികം ലീറ്റർ പാൽ കർഷകർ ഒഴുക്കിക്കളഞ്ഞിരുന്നു.

കഴിഞ്ഞ വർഷം കേരളത്തിലും സമാന അവസ്ഥയുണ്ടായിരുന്നു. മലബാർ മിൽമ സംഭരണം നിർത്തിവച്ചപ്പോൾ കർഷകർ പാൽ ഒഴുക്കിക്കളഞ്ഞു പ്രതിഷേധിച്ചിരുന്നു. ചിലർ മറ്റുള്ളവർക്ക് വെറുതെ നൽകുകയും ചെയ്തിരുന്നു.

English summary: No cold storage, facilities: Mumbai dairy farmers struggle as supply falls amid fresh Covid curbs

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA