ഏലക്കൃഷി തകരുന്നു, ചെലവിനേക്കാള്‍ കുറഞ്ഞ വില

HIGHLIGHTS
  • കര്‍ഷകര്‍ക്കു കിട്ടുന്ന വില കിലോഗ്രാമിന് 800 രൂപ
  • ഉല്‍പാദനച്ചെലവ് 1000 രൂപ വരെ
cardamom
SHARE

കര്‍ഷകര്‍ക്കു കിട്ടുന്ന വില കിലോഗ്രാമിന് 800 രൂപയിലേക്ക് താഴ്ന്നതോടെ ഏലക്കൃഷി മേഖലയാകെ തകര്‍ച്ചയിലേക്ക്. ഉല്‍പാദനച്ചെലവ് 1000 രൂപ വരെയുള്ളതിനാല്‍ ഇപ്പോള്‍ കിട്ടുന്ന വിലയ്ക്കു കൃഷി നഷ്ടമാണ്. പാട്ടത്തിനെടുത്തവര്‍ പാട്ടം ഒഴിയുന്ന സ്ഥിതി. അടുത്ത കാലത്ത് വന്‍ വിലയ്ക്ക് ഏലത്തോട്ടം വാങ്ങിയ വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിസന്ധിയിലും. 

വിലക്കയറ്റവും ഇറക്കവും

ഏലക്കയ്ക്ക് ഏതാനും മാസം മുന്‍പ് ശരാശരി 4000 രൂപ കര്‍ഷകനു ലഭിച്ചിരുന്നു. മികച്ച ഗുണനിലവാരത്തിന് പുറ്റടിയിലെ ലേലകേന്ദ്രത്തില്‍ ഓഗസ്റ്റില്‍ കിട്ടിയ 7000 രൂപയാണ് റെക്കോര്‍ഡ്. അക്കാലത്ത് കിലോയ്ക്ക് 6000 രൂപ വരെ കര്‍ഷകര്‍ക്കു കിട്ടിയിട്ടുമുണ്ട്. 

വില കേറിയപ്പോള്‍ കൂലിച്ചെലവിലും വര്‍ധനയുണ്ടായി. വളം, കീടനാശിനി വിലകളും കൂടുന്നതാണു പിന്നീട് കണ്ടത്. 50 കിലോയുടെ വളത്തിന് 700 രൂപ വരെ കൂടിയിട്ടുണ്ട്. മുന്‍പ് കിലോയ്ക്ക് 800 രൂപയായിരുന്ന ഉല്‍പാദനച്ചെലവ് 1000 രൂപയിലേക്കെത്തി.

പാട്ടക്കാര്‍ പിന്മാറുന്നു

ഏലത്തോട്ടം ഏക്കറിന് പാട്ടത്തുക 2 ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ വര്‍ധിച്ചു. പക്ഷേ, ഈ തുകയ്ക്ക് തോട്ടം എടുത്തവര്‍ പാട്ടം നല്‍കാന്‍ കഴിയാതെ കരാര്‍ റദ്ദാക്കേണ്ട സ്ഥിതിയിലാണ്.

ഭൂമിവില

ഏക്കറിന് 17 ലക്ഷം മുതല്‍ 20 ലക്ഷം വരെയുണ്ടായിരുന്ന ഏലത്തോട്ടത്തിന് 40 ലക്ഷം മുതല്‍ 50 ലക്ഷം വരെ വില വന്നു. കോവിഡ് മൂലം വിദേശത്തുനിന്നു മടങ്ങുന്നവര്‍ സമ്പാദ്യം ചെലവഴിച്ചും വായ്പയെടുത്തും ഈ വിലയ്ക്ക് തോട്ടം വാങ്ങി കടുത്ത പ്രതിസന്ധിയിലായി.

കര്‍ഷകര്‍ക്കു പറയാനുള്ളത്

ഏലക്കായുടെ ശരാശരി വില ലേലത്തില്‍ മനഃപൂര്‍വം ഇടിക്കുകയാണെന്ന് കര്‍ഷകര്‍ക്കു പരാതിയുണ്ട്.

കച്ചവടക്കാര്‍ ഏലക്ക കൈക്കാശ് കൊടുത്തു വാങ്ങിയിട്ട് ഗോഡൗണില്‍ കൊണ്ടുപോയി തരംതിരിച്ച് മികച്ച ഗുണനിലവാരമുള്ളത് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തുകയും മോശം നിലവാരമുള്ളവ ഇവിടെ ലേലത്തിനു വയ്ക്കുകയും ചെയ്യുന്നതിനാല്‍ ശരാശരി ലേലവില ഇടിയുന്നെന്നാണു പരാതി. ഈ കുറഞ്ഞ വിലയെ അടിസ്ഥാനമാക്കിയാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്കു നേരിട്ടു വില നല്‍കുന്നത്.

ഉല്‍പാദനം കൂടും, വിലയിടിവ് പ്രതീക്ഷിക്കാം

ഇക്കുറി നല്ല വേനല്‍മഴ കിട്ടിയതിനാല്‍ ഓഗസ്റ്റ് മുതല്‍ ജനുവരി വരെ ഏലം ഉല്‍പാദനം 10 ശതമാനമെങ്കിലും വര്‍ധിക്കുമെന്ന് ഏലം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ഐസിആര്‍ഐ) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. വാഡിരാജ് പറഞ്ഞു. വിപണിയിലെ ആവശ്യം വര്‍ധിക്കാതെ ഉല്‍പാദനം കൂടുന്നതു വീണ്ടും വിലയിടിവിനു കാരണമായേക്കാം.

English summary: Cardamom price touches all-time low

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA