ADVERTISEMENT

മനുഷ്യന് ഭീഷണിയായ കാട്ടുപന്നിയെ ഒരു വര്‍ഷത്തേക്ക് ശല്യജീവിയായി പ്രഖ്യാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടണമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും നാഷനല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ സംസ്ഥാന വനം വകുപ്പ് പൂഴ്ത്തി. 

കാട്ടുപന്നിയെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടിയാല്‍ വനം വകുപ്പിന്റെ അധികാരം നഷ്ടപ്പെടുമോ എന്ന ചില ഉദ്യോഗസ്ഥരുടെ ആശങ്കയെത്തുടര്‍ന്നാണ് ശുപാര്‍ശ മുക്കിയത്.  

കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് നിലവില്‍ അനുമതി. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗമാണ് കാട്ടുപന്നിയെ ശല്യജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രത്തിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്നു വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കത്തയച്ചു.  

എന്നാല്‍, 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചും തദ്ദേശ ഭരണ സ്ഥാപനങ്ങളെ സഹകരിപ്പിച്ചു കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാമെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം ശുപാര്‍ശ മടക്കി. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നത് പ്രായോഗികമല്ലെന്നാണ് വനംവകുപ്പിലെ ഒരു വിഭാഗത്തിന്റെ വാദം. അതേസമയം, ഭിന്നതയില്ലെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വീണ്ടും കത്തയയ്ക്കാന്‍ തീരുമാനിച്ചെന്നും വനം വകുപ്പ് അറിയിച്ചു.  

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം ക്ഷുദ്രജീവി പ്രഖ്യാപനം

മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ജീവികളെ ഒരു വര്‍ഷം, 6 മാസം, 3 മാസം എന്നീ കാലയളവിലേക്ക് ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുകയാണ് പതിവ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുക. ആറു മാസത്തിനിടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് 94 കാട്ടുപന്നികളെ സംസ്ഥാനത്ത് കൊന്നെന്നാണ് കണക്ക്.

English summary: Wild Boar Problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com