ADVERTISEMENT

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങിൻതൈ വളർന്ന് നിറഞ്ഞ കായ്ഫലത്തോടെ നിൽക്കുന്നത് കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'കേരശ്രീ' ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ 18 കുലകൾ നിറയെ തേങ്ങകളുമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ നിൽക്കുന്നത്. 

2016 സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡനിൽ തെങ്ങിൻതൈ നട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു. 

ഇതിനുപുറമേ കഴിഞ്ഞ അഞ്ചുവർഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാർഡനിൽ തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി ഫലവൃക്ഷത്തൈകളും നട്ടിരുന്നു. ഇത്തരത്തിൽ നട്ട കോട്ടൂർക്കോണം മാവും മികച്ച രീതിയിൽ വളർന്നുവരുന്നുണ്ട്.

ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ഇന്ന് സെക്രട്ടേറിയറ്റ് ഗാർഡനിൽ എത്തിയപ്പോഴാണ് ആദ്യമായി ഇതേ ഗാർഡനിൽ നട്ട തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. തെങ്ങ് വളർന്നതും 18 കുലയോളം തേങ്ങയുമായി നിൽക്കുന്നത് കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്.

cm-1
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള ജനകീയ കമ്പയിനാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. പദ്ധതിയിൽ 50 ലക്ഷം പച്ചക്കറി വിത്തുപായ്ക്കറ്റുകളും 1.5 കോടി പച്ചക്കറിത്തൈകളും കൃഷിഭവനുകളിലൂടെ വീടുകളിലെത്തും. വീട്ടമ്മമാർ, വിദ്യാർഥികൾ, കർഷകർ, സന്നദ്ധ സംഘടനകൾ, കർഷക സംഘങ്ങൾ എന്നിവരുടെ സമ്പൂർണ പങ്കാളിത്തം പദ്ധതിക്കുണ്ടാകും. ഓണത്തിനൊരു മുറം പച്ചക്കറി  പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഗാർഡനിലെ മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. എല്ലാ വർഷവും മികച്ച വിളവെടുപ്പാണ് പച്ചക്കറികൃഷിയിലൂടെ സെക്രട്ടേറിയറ്റ് ഗാർഡനിൽ ഉണ്ടാകാറുള്ളത്.

English summary: Kerala Chief Minister and Coconut Tree, Onathinu oru muram pachakkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com