ADVERTISEMENT

മരച്ചീനി ഇലകളിൽ നിന്നു ജൈവകീടനാശിനി നിർമിക്കുന്നതിന് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ഐസിഎആർ) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്ക് ദേശീയ പേറ്റന്റ് ലഭിച്ചു. മരച്ചീനി‍‍യുടെ ഇല, തോൽ എന്നിവ ഉൾപ്പെടുന്ന ജൈവ മാലിന്യത്തിൽനിന്നും ജൈവ കീടനാശിനികൾ വേർ‍തിരിച്ചെടുക്കുന്നതിനുള്ള ഉപ‍കരണത്തിനും പ്രക്രിയ‍യ്ക്കുമാണ് ദേശീയ അംഗീകാരം ലഭിച്ചത്.  ഈ സംരംഭത്തിന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺ‍മെന്റാണ് (കെ‌എസ്‌‍സിഎസ്ടി‌ഇ) സാമ്പത്തിക സഹായം നൽകിയത്. 

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ്(വിള സംരക്ഷണ വിഭാഗം) ഡോ. സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2010ൽ മരച്ചീനി ഇലകളിൽനിന്നും ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.  സാധാരണയായി പോഷക വിരുദ്ധ ഘടകമായ സയ‍നോജന്റെ സാന്നിധ്യം കൂടുതലായതിനാൽ  മരച്ചീ‍നിയുടെ ഇലകൾ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. 

dr-jayaprakash
മരച്ചീനി ഇലകളിൽ നിന്നു ജൈവകീടനാശിനി നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ(ഐസിഎആർ)പ്രിൻസിപ്പൽ സയന്റിസ്റ്റ്(വിള സംരക്ഷണ വിഭാഗം) ഡോ. സി.എ. ജയപ്രകാശ്.

വിഎസ്‍എസ്‍സിയുടെ(ഐഎസ്ആർഒ) സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനി ഉൽപാദന യന്ത്രം വഴി, മരച്ചീനി ഇലകളിൽ അടങ്ങിയിരിക്കുന്ന, കീടങ്ങളെ നശിപ്പിക്കാൻ ഉതകുന്ന ജൈവ കണ‍ങ്ങൾ വേർതിരിച്ചെടുത്തു. ഇവ ഉപയോഗിച്ച് ‘നന്മ’, ‘മേ‍ന്മ’, ‘ശ്രേയ’എന്നീ ജൈവ കീടനാശിനികൾ രൂപം നൽകി. 

കേരളത്തിലെ വിവിധ ജില്ലകളിലെ കർഷകരുടെ വിളകളിൽ, പ്രത്യേകിച്ച് വാഴക്കൃഷിയിൽ മരച്ചീനി ഇലകളിൽനിന്നു നിർമിച്ച ജൈവ കീടനാശിനികൾ വ്യാപകമായി പരീക്ഷിച്ച് വിജയം കണ്ടു.  വാഴ‍കളിൽ കാണപ്പെടുന്ന തട‍പ്പുഴു എന്ന കീടം കർഷകർക്ക് എന്നും പേടി സ്വപ്നമായിരുന്നു. ഇതിനെതിരെ ‘മേ‍ന്മ’ എന്ന ജൈവ കീടനാശിനി അത്യുത്ത‍മ‍മാണെന്നു കർഷകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആധിക്യത്താൽ കർഷകരെ കൂടുതലായി ബാധിക്കുന്ന മീലിമൂട്ട, ഇല‍പ്പേനുകൾ, മുഞ്ഞ എന്നീ കീടങ്ങളെ അകറ്റാൻ, ജൈവ കീടനാശിനികളായ ‘നന്മ, ‘ശ്രേയ’ എന്നിവ അത്യുത്ത‍മമാണെന്നും കണ്ടെത്തി. 

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ വിദ്യാർഥി‍കളായിരുന്ന ജിത്തു, ശ്രീരാജ്, രാജേഷ്, അജേഷ് എന്നിവരുടെ സഹായവും ജൈവ കീടനാശിനി ഉൽപാദനത്തിനു പിന്നിലുണ്ടായിരുന്നു. കേരള കാർഷിക സർവകലാശാലയിലെ റിട്ട. പ്രഫ. പീതാംബരൻ, പ്രഫ. രഘു എന്നിവരും സംരം‍ഭത്തിൽ പങ്കാളിയായി. 

ജൈവകീടനാശിനി കർഷകർക്കിടയിൽ വ്യാപകമായി പരീക്ഷിക്കു‍ന്നതിനായി കേരളത്തിലെ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളും പങ്കു വഹിച്ചു.  മുംബൈയിലെ ബാബ ആ‍റ്റോമിക് റിസർച്ച് സെന്ററുമായി സഹകരിച്ച്, മരച്ചീനി ഇലകളിൽനിന്നും മറ്റു ജൈവ കണ‍ങ്ങളെ വേർ‍തിരിച്ചെടുക്കുന്നതിന്റെ ഗവേഷണത്തിലാണ് ഡോ. ജയപ്രകാ‍ശും സംഘവും.  ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന്റെ സാമ്പത്തിക സഹായത്തോടെ ഗോഡൗണുകളിലെ കീടങ്ങളെ നിയന്ത്രിക്കാനുള്ള ജൈവ പുക‍യെക്കുറിച്ചുള്ള ഗവേഷണവും പുരോഗമിക്കുന്നു.  

ജൈവ കീടനാശിനി വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ആക്ടിംഗ് ഡയറക്ടർ എം.എൻ. ഷീല പറഞ്ഞു. 

English summary: Bio-pesticides from tapioca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com