ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിഭാസത്തെ അതിജീവിക്കാതെ കൃഷി സാധ്യമല്ലാത്ത കാലമാണിത്. അറബിക്കടലിന്റെ ഉപരിതലത്തില്‍ ചൂടു കൂടുന്തോറും കേരളത്തിലെ കര്‍ഷകനും ഉള്ളു പൊള്ളേണ്ട സ്ഥിതിയാണ്. പ്രവചനാതീതമായ കാലാവസ്ഥയെ അതിജീവിക്കാന്‍ കര്‍ഷകനു തുണയാകേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൃഷി ഇന്‍ഷുറന്‍സാണ്. 

കൃഷി പഠിക്കുന്നതോടൊപ്പം ഇന്‍ഷുറന്‍സ് പദ്ധതി കൂടി അറിഞ്ഞില്ലെങ്കില്‍ നഷ്ടക്കണക്കു കൂട്ടേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ ഖാരിഫ് കാലത്തേക്കുള്ള ഇന്‍ഷുറന്‍സിന്റെ വിജ്ഞാപനം കഴിഞ്ഞ ദിവസം ഇറങ്ങി. ജൂലൈ 31 ആണ് അവസാന തീയതി. നെല്ല്, കപ്പ, വാഴ, പച്ചക്കറി, റബര്‍ എന്നി ജില്ലയിലെ പ്രധാന കൃഷികള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.  

നെല്ലിന്റെ പരിരക്ഷകള്‍

നെല്ലിനു വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ 3 കൃഷികള്‍ക്കും പരിരക്ഷ കിട്ടും. വിരിപ്പ് ഏപ്രില്‍-സെപ്റ്റംബര്‍ കൃഷിയും മുണ്ടകന്‍ ഒക്ടോബര്‍-ഡിസംബറിലും പുഞ്ച ജനുവരി-മാര്‍ച്ച് കൃഷിയുമാണ്. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകള്‍ക്കു മാത്രമാണ് ലഭിക്കുന്നത്. നെല്ലിന് 3 തരത്തിലുള്ള നഷ്ടത്തിനാണ് പരിഹാരം ലഭിക്കുക.

ആദ്യത്തേത് വിതച്ച് ഒരു മാസത്തിനുള്ളിലുണ്ടാകുന്ന നടീല്‍, വിത തടസപ്പെടല്‍, പ്രകൃതിക്ഷോഭം (വരള്‍ച്ച, വെള്ളപ്പൊക്കം, തുടര്‍ച്ചയായ വരണ്ട കാലാവസ്ഥ) എന്നിവയ്ക്ക് പരിരക്ഷ കിട്ടും. രണ്ടാമത്തേത് ഇടക്കാല നാശനഷ്ടത്തിനാണ്. വിതച്ച് ഒരു മാസത്തിനുശേഷം കൊയ്ത്തിന് 15 ദിവസം മുന്‍പ് വരെയാണ്. അടുത്തത് വ്യാപകമായ പ്രകൃതിക്ഷോഭം വന്നാലാണ്.

കൃഷി നശിച്ചില്ലെങ്കിലും പരിഹാരത്തിന് അര്‍ഹമാണ്. ഇവ മൂന്നിനും സര്‍ക്കാരിന്റെ വിജ്ഞാപനം ഇറങ്ങുകയും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉള്‍പ്പെടുന്ന ജില്ലാ ജോയിന്റ് കമ്മിറ്റി പരിശോധന നടത്തി നഷ്ടം തിട്ടപ്പെടുത്തുകയും ചെയ്യണം. ഹെക്ടറിന് 80,000 രൂപയാണ് ഇതിനു ലഭിക്കുക. 2% അഥവാ ഹെക്ടറിന് 1600 രൂപയാണ് പ്രീമിയം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് നെല്ലിന് ഒന്നേയുള്ളു.

നട്ട് അല്ലെങ്കില്‍ വിതച്ച് 15-45 ദിവസത്തിനകം ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. കുറഞ്ഞത് 25 സെന്റ് കൃഷി ഉണ്ടായിരിക്കണം. ഒരു സെന്റിന് ഒരു രൂപയാണ് പ്രീമിയം. കൊയ്യാറായ നെല്ലിനു സെന്റിന് 140 രൂപയും 30-45 ദിവസത്തിനുള്ളിലാണെങ്കില്‍ 60 രൂപയും ലഭിക്കും. നെല്ല് വെള്ളത്തില്‍ വളരുന്ന ചെടിയായതിനാല്‍ വെള്ളപ്പൊക്കം മൂലമുള്ള നഷ്ടത്തിനു പരിമിതിയുണ്ട്. പൂര്‍ണമായ നഷ്ടത്തിനു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു. 

ഏതു വാഴയ്ക്കും 

വാഴ ഏതിനമായാലും ഹെക്ടറിന് 3 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം കിട്ടും. 900 രൂപ മാത്രമാണ് പ്രീമിയം. ഇടക്കാല നഷ്ടത്തിനു മാത്രമാണ് പരിഹാരം ലഭിക്കുക. നഷ്ടം സംഭവിച്ചാല്‍ 3 ദിവസത്തിനകം അധികൃതരെ അറിയിക്കണം. പ്രകൃതിക്ഷോഭം നടന്ന പ്രദേശമെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നാല്‍ നഷ്ടം സംഭവിച്ചില്ലെങ്കിലും തുക ലഭിക്കും. 

വാഴയുടെ പ്രായവും ചെലവും കണക്കാക്കിയാണ് തുക നിശ്ചയിക്കുക. കൃഷിഭൂമിക്കു പരിധിയില്ല.  സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സില്‍ കുറഞ്ഞത് 10 വാഴയെങ്കിലും വേണം. 1-5 മാസത്തിനുള്ളില്‍ ഇന്‍ഷുര്‍ ചെയ്തിരിക്കണം. വാഴയൊന്നിന് 3 രൂപ പ്രീമിയം. കുലച്ച വാഴയ്ക്ക് 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപയും കിട്ടും. 

മരച്ചീനി

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഒരു ഹെക്ടറിന് 1,25,000 രൂപ വരെ ഇന്‍ഷുറന്‍സ് കിട്ടും. 3% (3750 രൂപ) ആണ് പ്രീമിയം തുക. വാഴയ്ക്കും മരച്ചീനിക്കും ഇടിമിന്നല്‍, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ആലിപ്പഴമഴ, മേഘവിസ്‌ഫോടനം എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തിനാണ് പരിഹാരം കിട്ടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ കുറഞ്ഞത് 5 സെന്റില്‍ കൃഷി വേണം. 1-5 മാസത്തിനുള്ളില്‍ അപേക്ഷിക്കണം. സെന്റിന് 3 രൂപ പ്രീമിയം അടച്ചാല്‍ 40 രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. 

പച്ചക്കറി

കുറഞ്ഞത് 10 സെന്റിലെങ്കിലും കൃഷിയുണ്ടായിരിക്കണം. കൃഷി തുടങ്ങി ഒരാഴ്ച മുതല്‍ ഒരു മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. 10 സെന്റിന് 10 രൂപ മാത്രമാണ് പ്രീമിയം. പന്തലിട്ടുള്ള കൃഷിയാണെങ്കില്‍ സെന്റിന് 160 രൂപയും അല്ലാത്തതിന് 100 രൂപയും കിട്ടും. 

തെങ്ങ്, റബര്‍

10 തെങ്ങ് പറമ്പിലുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കാം. ഒരു തെങ്ങില്‍നിന്നു വര്‍ഷം 30 തേങ്ങ കിട്ടുന്നതുമായിരിക്കണം. തെങ്ങൊന്നിന് 2 രൂപ പ്രീമിയം അടച്ചാല്‍ 2000 രൂപ വരെ കിട്ടും. റബര്‍ 25 എണ്ണമെങ്കിലും ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. ഒന്നിന് 3 രൂപ അടച്ചാല്‍ 1000 രൂപ വരെ കിട്ടും. പച്ചക്കറി, തെങ്ങ്, റബര്‍ എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് മാത്രമാണുള്ളത്. 

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്കും പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പ്രകാരമുള്ള ഇന്‍ഷുറന്‍സില്‍ ചേരാന്‍ കഴിയും. പ്രീമിയം അടച്ചാല്‍ 2 ഇന്‍ഷുറന്‍സിന്റെയും ആനുകൂല്യം ലഭിക്കും.  കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളെല്ലാം വടക്കേ ഇന്ത്യയിലെ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് കണക്കാക്കുന്നത്. ഇതില്‍നിന്നു കുറെ വ്യത്യാസങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകും. 

കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് ജില്ലയിലില്ല

പ്രകൃതിക്ഷോഭം മൂലമുള്ള വിള നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് കൂടാതെ കേന്ദ്രത്തിന്റെ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സും നിലവിലുണ്ടെങ്കിലും ജില്ലയില്‍ ഈ ഇന്‍ഷുറന്‍സ് ലഭ്യമല്ല. ഇവിടെ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം) ഇല്ലാത്തതാണു കാരണം. ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്യാത്തതിന്റെ നഷ്ടം അനുഭവിക്കുന്നത് കര്‍ഷകരാണ്.

മറ്റ് 12 ജില്ലകളിലും കേന്ദ്രസര്‍ക്കാരിന്റെ 2 ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും കിട്ടുന്നുണ്ട്. തിരുവല്ല, പെരുന്തേനരുവി എന്നിവിടങ്ങളില്‍ പുതിയ ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് ജില്ലയിലും ലഭിച്ചേക്കും. വന്യമൃഗങ്ങള്‍ കാരണം കൃഷിനഷ്ടമുണ്ടാകുമ്പോള്‍  കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല. എന്നാല്‍, ഇതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്.   

  • 'കാലാവസ്ഥ പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് എല്ലാ കൃഷിയും ഇന്‍ഷുര്‍ ചെയ്യുന്നതാണ് സുരക്ഷിതം. മിക്ക കര്‍ഷകരും പ്രകൃതിക്ഷോഭം സംഭവിച്ചുകഴിയുമ്പോഴാണ് ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിക്കുന്നത്.' - അനില മാത്യു (ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍)
  • 'കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവുമധികം ഇന്‍ഷുറന്‍സ് തുക ലഭിച്ചത് വാഴ കര്‍ഷകര്‍ക്കാണ്. 684 കര്‍ഷകര്‍ക്കായി 1.16 കോടി രൂപ നല്‍കി. നെല്ലിന് 48 പാടശേഖരങ്ങള്‍ക്കായി 12.55 ലക്ഷം രൂപയും ലഭിച്ചു. നെല്ലിന് 90% കര്‍ഷകരും ഇന്‍ഷുറന്‍സ് എടുക്കും. വാഴ ഉള്‍പ്പെടെ മറ്റു കൃഷികള്‍ക്ക് പകുതി പേര്‍ പോലും എടുക്കാറില്ല.' - ലൂയിസ് മാത്യു (ഡപ്യൂട്ടി ഡയറക്ടര്‍ (ക്രെഡിറ്റ്) കൃഷി വകുപ്പ്.)
  • 'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഷിക വിളകളുടെ പ്രകൃതിനാശത്തിനു മാത്രമാണ് ലഭിക്കുന്നത്. വിളകള്‍ക്ക് രോഗം വന്നാലോ മറ്റു നഷ്ടം ഉണ്ടായാലോ ഒരു പരിരക്ഷയുമില്ല. രോഗബാധ നഷ്ടം കൂടി ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുകയും സഹായധനം സമയബന്ധിതമായി നല്‍കുകയും വേണം.' -തോമസ് വര്‍ഗീസ് കാട്ടുനിലത്ത് പുത്തന്‍പുരയില്‍ നിരണം (കര്‍ഷകന്‍)

English summary: Understanding crop insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com