ADVERTISEMENT

പരിസ്ഥിതി സംരക്ഷണത്തില്‍ വന്യജീവി സംരക്ഷണത്തിനു നിര്‍ണായക പങ്കാണുള്ളത്. വന്യജീവി സംരക്ഷണനിയമം 1972ല്‍ ആണ് പാര്‍ലമെന്റ് പാസാക്കിയത്. പിന്നീട് അതിനു പല ഭേദഗതികളുമുണ്ടായി. വന്യജീവികളില്‍ ഏതെല്ലാം ഉള്‍പ്പെടുമെന്ന് നിയമത്തിലെ അനുബന്ധ പട്ടികകളില്‍ പറഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രനിയമമാണെങ്കിലും ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനങ്ങളെയും അധികാരപ്പെടുത്തിയിട്ടുണ്ട്. 1978ല്‍ കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടങ്ങളാണ് ഇവിടെ പ്രാബല്യത്തിലുള്ളത്. 1972ലെ വന്യജീവി സംരക്ഷണനിയമം അനുസരിച്ച് ഉണ്ടാക്കിയതാണ് ഈ ചട്ടങ്ങള്‍. 

വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. എന്നാല്‍, കേരള സര്‍ക്കാര്‍  1980ല്‍ അതിനു ചട്ടങ്ങള്‍ ഉണ്ടാക്കി. 1972ലെ ആക്ടിന്റെ ഒന്നാം പട്ടികയില്‍ കൊടുത്തിട്ടുള്ള വന്യമൃഗങ്ങള്‍ കൂടാതെ രണ്ടാം പട്ടികയില്‍ രണ്ടാം ഭാഗത്തു കൊടുത്തിട്ടുള്ള  ജീവികളും വന്യമൃഗം എന്ന നിര്‍വചനത്തില്‍പ്പെടും. ഈ മൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവനോ വസ്തുവകകള്‍ക്കോ നഷ്ടമുണ്ടായാല്‍ നിശ്ചിത തുക സൗജന്യ(ex-gratia)മായി കൊടുക്കാന്‍ ചട്ടങ്ങളില്‍ വ്യവസ്ഥചെയ്തിരിക്കുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യത അല്ല. ചട്ടം അനുസരിച്ചുള്ള പരമാവധി തുക താരതമ്യേന കുറവുമാണ്. ഈ സൗജന്യം കിട്ടുന്നതിന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍,  വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ കൊടുക്കാം. എന്നാല്‍ ഭൂമി കയ്യേറ്റക്കാര്‍ക്കും വിള സംരക്ഷിക്കുന്നതിനായി തോക്കിനു ലൈസന്‍സുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. സ്വയരക്ഷയ്‌ക്കോ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനോ വേണ്ടി വന്യമൃഗങ്ങളെ കൊല്ലുകയോ മുറി പ്പെടുത്തുകയോ ചെയ്യുന്നത് അനുവദനീയമാണെന്ന് 1972ലെ ആക്ട് 11(2)-ാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. 

വന്യമൃഗങ്ങളുടെ ഉടമ സര്‍ക്കാര്‍ ആണെന്നു പറയാമോ, ഏതെല്ലാം സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ സര്‍ക്കാരിന്റെ വകയായി പരിഗണിക്കാം എന്നൊക്കെ 1972ലെ ആക്ട് 39-ാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെ കരടി കടിച്ച് മാരകമായിമുറിപ്പെടുത്തി. അതിനു നഷ്ടപരിഹാരം കിട്ടുന്നതിന് സര്‍ക്കാരിനെതിരെ കേസ് കൊടുത്തു. ആ കേസില്‍ എല്ലാ വന്യമൃഗങ്ങളുടെയും ഉടമ സര്‍ക്കാരാണെന്നു പറയാന്‍ നിവൃത്തിയില്ലെന്നാണ് ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ നഷ്ടപരിഹാരം കിട്ടുന്നതിനു സര്‍ക്കാരിനെതിരെ സിവില്‍ കോടതിയില്‍ വ്യവഹാരപ്പെടാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉപേക്ഷയോ വീഴ്ചയോ നിമിത്തമാണ് വന്യമൃഗങ്ങളില്‍നിന്ന് ആക്രമണം ഉണ്ടായതെന്നും മുറിവു പറ്റാനിടയായതെന്നും കേസു കൊടുക്കുന്ന ആള്‍ കോടതിയില്‍ തെളിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിവില്‍കോടതിയില്‍നിന്ന് ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം അനുവദിച്ചു കിട്ടാനുള്ള സാധ്യത വളരെ പരിമിതമാണെന്നു സാരം. 

പരിസര സംരക്ഷണവും പരിസ്ഥിതി സന്തുലനവും മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. വന്യജീവി സംരക്ഷണം പ്രകൃതി സംരക്ഷണത്തിന്റെ ഭാഗവുമാണ്. പൊതുനന്മയ്ക്കുവേണ്ടി ഏര്‍പ്പെടുത്തുന്ന നിയമവ്യവസ്ഥകള്‍, വ്യക്തിപരമായ അവകാശങ്ങളില്‍ ന്യായയുക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവകാശലംഘനമായി കാണാനാവില്ല. 1978ലെ 44-ാം ഭരണഘടനാഭേദഗതിയോടു കൂടി സ്വകാര്യ സ്വത്തവകാശം മൗലികാവകാശമല്ലാതെ ആയി. 300 എ വകുപ്പനുസരിച്ച് വെറും ഭരണഘടനാപരമായ അവകാശമാണ് സ്വകാര്യ സ്വത്തവകാശം. സ്വകാര്യസ്വത്ത് ന്യായമായി വിനിയോഗിക്കാനും ഉപയോഗപ്പെടുത്താനുമുള്ള അവകാശം പൊതുനന്മ ലാക്കാക്കിയുള്ള മറ്റു നിയമങ്ങള്‍ക്ക് വിധേയമാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്നു പറയാനാവില്ല. അലഞ്ഞുതിരിഞ്ഞു  നടക്കുന്ന വന്യമൃഗങ്ങളുടെ ഉടമ സര്‍ക്കാര്‍ ആണെന്നു പറയാനും നിവൃത്തിയില്ല.

വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് വിള നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് പിന്നെ എന്താണ് പോംവഴിയെന്നല്ലേ? സര്‍ക്കാരിനെക്കൊണ്ട് കര്‍ശനമായ സുരക്ഷാനടപടികള്‍ സ്വീകരിപ്പിക്കുക. ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് 1980ലെ  നഷ്ടപരിഹാരച്ചട്ടങ്ങള്‍ കാലോചിതമായി ഭേദഗതി ചെയ്യുന്നതിനു സര്‍ക്കാരില്‍  സമ്മര്‍ദം ചെലുത്തുക. നിയമപരമായ ബാധ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ധാര്‍മികബാധ്യതയുണ്ട്.

പ്രകൃതിക്ഷോഭം മൂലം വമ്പിച്ച നാശനഷ്ടങ്ങളുണ്ടാകുമ്പോഴും കൂട്ട അപകടങ്ങളുണ്ടാകുമ്പോഴും സര്‍ക്കാര്‍ ധനസഹായം നല്‍കാറുണ്ട്. അത് ഉടമ എന്ന നിലയ്ക്കുള്ള ബാധ്യതകൊണ്ടല്ല. Ex gratia  എന്നാണ് ആ സഹായത്തിന് പറയുന്നത്. അതായത്, അവകാശമായിട്ടല്ലാതെ, അനഭാവപൂര്‍വമായി നല്‍കുന്ന ആനുകൂല്യം. കാട്ടുമൃഗങ്ങളില്‍നിന്നു വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായാലും ശരീരത്തിനോ  ജീവനോ  അപകടമുണ്ടായാലും സര്‍ക്കാര്‍ നല്‍കുന്നത് ഇത്തരം സഹായം മാത്രമാണ്. ഈ ധനസഹായ പദ്ധതി 1980-ലെ നഷ്ടപരിഹാരം ചട്ടങ്ങള്‍ അനുസരിച്ച് നടപ്പാക്കിയിട്ടുള്ളതും യഥാകാലങ്ങളില്‍ നഷ്ട പരിഹാരത്തുകയില്‍ ഭേദഗതി വരുത്തിയിട്ടുള്ളതുമാണ്.

English summary:  Compensation for crop damage due to wild life attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com