ADVERTISEMENT

തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനു കീഴില്‍ പാലപ്പിള്ളി റേഞ്ചില്‍ രണ്ടു ടാപ്പിങ് തൊഴിലാളികളെ ആന ചവിട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പൊലീസില്‍ പരാതി. കര്‍ഷകസംഘടനയായ കിഫയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജോസ് വര്‍ക്കി വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പാലപ്പിള്ളി റേഞ്ച് ഓഫീസര്‍, ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കേരള സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലക്കുറ്റത്തിനും, ഇന്ത്യന്‍ ശിക്ഷാനിയമം 34 പ്രകാരം സംഘം ചേര്‍ന്നുള്ള മനപ്പൂര്‍വമായ ഗൂഢാലോചനയ്ക്കും കേസെടുത്തു ശിക്ഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. 

കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട സൈനുദീനും പീതാംബരും വേണ്ടി 2 പരാതികളാണ് പൊലീസില്‍ നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 30നാണ് ഇരുവരെയും ഏകദേശം നാലു കിലോമീറ്റര്‍ ദൂരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിച്ച് മറ്റ് നിയമനടപടികളിലേക്ക് ഉടനെ കടക്കുമെന്നും കിഫ പ്രവര്‍ത്തകര്‍ അറിയിച്ചു. 

കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം മനുഷ്യജീവനും സ്വത്തിനും ഹാനികരമാകുന്ന ഏതു ജീവിയേയും വേട്ടയാടാനുള്ള  ഉത്തരവിടാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടായിട്ടും പാലപ്പള്ളി വരന്തരപ്പിള്ളി മേഖലയില്‍ ആറു പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് പ്രദേശവാസികളെ കുടിയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതേണ്ടിയിരിക്കുന്നുവെന്നും കിഫ പ്രവര്‍ത്തകര്‍ പറയുന്നു. തൃശൂര്‍ ജില്ലയില്‍ എട്ടു മാസത്തിനിടെ എട്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ മരണമടഞ്ഞു. 

കൊലയാളി മൃഗങ്ങളെ വനത്തില്‍ തടഞ്ഞുനിര്‍ത്തുന്നതിനു നടപടി സ്വീകരിക്കാത്ത, അവയെ ബന്ധിച്ചു നിര്‍ത്താത്ത, കൊല്ലാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് ടാപ്പിങ് തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി. കൊലപാതകം നേരിട്ടു ചെയ്താലും മൃഗങ്ങളെവച്ചു ചെയ്താലും ഒരേ ഉത്തരവാദിത്തമാണെന്നും കിഫ ചൂണ്ടിക്കാട്ടി.

വന്യജീവി ആക്രണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതകര്‍ക്കുള്ള നഷ്ടപരിഹാരത്തുക 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍, 4 ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ലെന്നുള്ളതും അധികൃതരുടെ നിഷ്‌ക്രിയത്തമാണ് വെളിവാക്കുന്നതെന്ന് കിഫ ചെയര്‍മാന്‍ കര്‍ഷകശ്രീയോടു പറഞ്ഞു.

English summary: Police complaint against forest officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com