ADVERTISEMENT

സംസ്ഥാനവ്യാപകമായി ജില്ലാ വെറ്ററിനറി ഓഫീസുകളിലും തിരഞ്ഞെടുത്ത സര്‍ക്കാര്‍ മൃഗാശുപത്രികളിലും വിജിലന്‍സ് റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ ഒരേ സമയമായിരുന്നു സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തിയത്.

വെറ്ററിനറി മരുന്നുകള്‍ വാങ്ങുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായും ജില്ലാ വെറ്ററിനറി ഓഫീസ് വഴി വിതരണം ചെയ്യുന്ന ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ വെറ്ററിനറി ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

കൂടാതെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ അനുവദിച്ച സ്വകാര്യ പ്രാക്ടീസ് ചില ഡോക്ടര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകള്‍ ഈ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസിനുവേണ്ടി ഉപയോഗിക്കുന്നതായും മൃഗങ്ങളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പല പദ്ധതികളും നടപ്പിലാക്കുന്നില്ലായെന്നും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതി, മൃഗരോഗനിയന്ത്രണങ്ങള്‍ക്കുള്ള മറ്റ് പദ്ധതികളൊന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലായെന്നും മറ്റും വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അറിയുന്നതിനുവേണ്ടിയാണ് മൃഗാശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ മൃഗസംരക്ഷണം എന്ന പേരില്‍ ഇന്ന് നടന്ന പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകളും പങ്കെടുത്തു.

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാങ്ങുന്ന മരുന്നുകളുടെ വിതരണം നടത്തുന്ന റജിസ്റ്ററുകള്‍ ചില മൃഗാശുപത്രികളില്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും ചില ആശുപത്രികളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിലെ മടവൂര്‍, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എന്നീ മൃഗാശുപത്രികളില്‍ മരുന്നു വിതരണം ചെയ്യുന്ന റജിസ്റ്ററുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. 

മുന്‍ വര്‍ഷങ്ങളില്‍ ജില്ലാ ഓഫീസുകള്‍ മുഖേന വാങ്ങിയ മരുന്നുകള്‍ മതിയായ പത്രപ്പരസ്യങ്ങളോ, ടെന്‍ഡര്‍ നടപടികളോ നടത്താതെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ചില ജില്ലാ ഓഫീസുകള്‍ വാങ്ങിയതെന്നും കണ്ടത്തിയിട്ടുണ്ട്.

കോട്ടയം ഡിസ്ട്രിക്ട് വെറ്ററിനറി സെന്റര്‍ ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി ഓഫീസില്‍ കേരള ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ് ബോര്‍ഡില്‍നിന്നും സൗജന്യമായി നല്‍കിയ 51 ഇനം മരുന്നുകളില്‍ 34 ഇനം മരുന്നുകള്‍ രേഖകളില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇടുക്കി വണ്ണപ്പുറം മൃഗാശുപത്രിയില്‍ ഡോക്ടര്‍ 2500 രൂപ പുറത്തേക്ക് എറിഞ്ഞത് പിടിച്ചെടുത്തു.

മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രവൃത്തി സമയം പുറത്തേക്കു പോകുമ്പോള്‍ എഴുതി ഓഫീസില്‍ സൂക്ഷിക്കേണ്ട മൂവ്‌മെന്റ് റജിസ്റ്റര്‍ ചില മൃഗാശുപത്രികളില്‍ പരിപാലിക്കുന്നില്ലെന്നും ഇത് പ്രവൃത്തിസമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനുവേണ്ടിയാണെന്നും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന്റെ ഉത്തരവില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്. വെങ്കിടേഷ്, വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന കെ.ഇ. ബൈജു, വിജിലന്‍സ് തെക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് ജയശങ്കര്‍, മധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാര്‍, വടക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് സജീവന്‍ എന്നിവര്‍ മിന്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

ഇന്ന് നടന്ന മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് അയച്ചുകൊടുക്കുന്നുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു.

English summary: Vigilance raid in Veterinary Hospitals and offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com