ADVERTISEMENT

ക്ഷീരസഹകരണസംഘങ്ങളിൽ കർഷകർ ഒത്തുചേർന്ന് സമരജ്വാല തെളിയിച്ച സമാനകളില്ലാത്ത ക്ഷീരകർഷക പ്രതിഷേധത്തിനായിരുന്നു ഇക്കഴിഞ്ഞ ദിവസം സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രാഥമിക ക്ഷീരസഹകരണസംഘങ്ങളെ ആദായനികുതി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര ഉത്തരവിനെതിരെയായിരുന്നു ക്ഷീരകർഷകരുടെ പ്രതിഷേധം. സഹകരണ ക്ഷീര വിപണന ഫെഡറേഷനും മേഖലാ യൂണിയനുകളും ചേർന്ന് നേതൃത്വം നൽകിയ പ്രതിഷേധ ജ്വാലയിൽ കർഷകർ മാത്രമല്ല, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം പങ്കുചേർന്നു. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡെൽഹി അതിർത്തികളിൽ കർഷകർ സമരം തുടങ്ങിയിട്ട് രണ്ട് വർഷത്തോളമാവുന്ന വേളയാണിത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അഞ്ചു ലക്ഷത്തോളം കർഷകർ അണിനിരന്ന കർഷകരുടെ മഹാസംഗമം നടന്നത് രണ്ടു ദിവസം മുമ്പ് ഉത്തർപ്രദേശിലെ മുസഫർനഗറിലായിരുന്നു. ഇതേ രീതിയിലുള്ള കർഷക മഹാസംഗമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് കർഷകസംഘടനകൾ. കർഷകവിരുദ്ധ നയനിലപാടുകൾക്കെതിരെ രാജ്യമെങ്ങും ചെറുതും വലുതുമായ ചെറുത്തുനിൽപ്പുകളും സമരങ്ങളും കൊടുമ്പിരികൊള്ളുന്ന ഈ കാലത്ത് കേരളത്തിൽ നടന്ന ക്ഷീരകർഷകരുടെ കൂട്ടായ പ്രതിഷേധത്തിന് മാനങ്ങൾ ഏറെയുണ്ട്.

dairy-farming-1

പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളുടെ കഴുത്തിൽ കത്തിവയ്ക്കരുത് 

ഇക്കഴിഞ്ഞ മാർച്ചിൽ ആദായനികുതിനിയമത്തിൽ കേന്ദ്രസർക്കാർ കൂട്ടിച്ചേർത്ത 194 ക്യു എന്ന വകുപ്പിന്റെ മറവിലാണ് പ്രാഥമിക പാലുൽപാദക സഹകരണസംഘങ്ങളിൽ നിന്നും നികുതി പിടിക്കാനുള്ള നീക്കങ്ങൾ ആദായനികുതി വകുപ്പ് നടത്തുന്നത്. വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ അധികമുള്ള തുകയുടെ ആയിരത്തിലൊന്ന് ആദായ നികുതിയായി ഉറവിടങ്ങളിൽനിന്ന് തന്നെ പിടിക്കണമെന്നതാണ് 194 ക്യു വകുപ്പ് നിഷ്കർഷിക്കുന്നത്. പാലുൽപാദക സഹകരണസംഘങ്ങളുടെ വാർഷിക ലാഭത്തിൽ നിന്നല്ല മറിച്ച് വാർഷികവിറ്റുവരവിന്മേലാണ് നികുതിഭാരം വന്നുവീഴുക. വാർഷിക വിറ്റുവരവിന്റെ ആയിരത്തിൽ ഒന്ന് എന്നത് തുച്ഛമായ തുകയായി തോന്നാമെങ്കിലും ഗ്രാമീണ ക്ഷീരമേഖലയിൽ ഈ അധിക നികുതി ഭാരമുണ്ടാക്കാൻ ഇടയുള്ള പ്രത്യാഘാതങ്ങൾ ചെറുതല്ല. 

പാലും പാലുൽപന്നങ്ങളും കാലിത്തീറ്റയും വൈവിധ്യവൽക്കരണവുമൊക്കെയായി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രാഥമിക ക്ഷീരസംഘങ്ങളും അൻപതു ലക്ഷത്തിലേറെ വാർഷികവിറ്റുവരവുള്ള സ്ഥാപനങ്ങളായതിനാൽ കേരളത്തിന്റെ ക്ഷീരമേഖലയിൽ ഈ നികുതി അടിച്ചേൽപ്പിക്കൽ കനത്ത ആഘാതമുണ്ടാക്കും എന്നത് തീർച്ചയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന സാധാരണക്കാരായ ക്ഷീരകർഷകർക്ക് അന്നന്ന് പാൽ വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനത്തെയാണ് ഈ നികുതി ഭാരം അടിസ്ഥാനപരമായി ബാധിക്കുക. മാത്രമല്ല, വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ അധികമുള്ള തുകയുടെ ആയിരത്തിലൊന്ന് എന്ന നികുതി പരിധി ഘട്ടം ഘട്ടമായി ഉയർത്താനുള്ള സാധ്യതയുമുണ്ട്. 

നികുതി നിർദ്ദേശം മാത്രമല്ല, ആദായനികുതി വകുപ്പിന്റെ ചില ഭീഷണികളും ക്ഷീരസഹകരണ സംഘങ്ങളിൽ എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ക്ഷീരസഹകരണ സംഘങ്ങൾ പാൻ കാർഡ് വാങ്ങി വരവുചെലവ് കണക്ക് ആദായനികുതിവകുപ്പിനെ യഥാസമയം അറിയിക്കുന്നില്ലെങ്കിൽ 50 ലക്ഷത്തിലധികമുള്ള വിറ്റുവരവിന്റെ 20 ശതമാനം നികുതിയായി അടയ്ക്കേണ്ടിവരുമെന്നതാണ് അതിൽ ഒരു ഭീഷണി. പാൻ കാർഡുണ്ടായിട്ടും രണ്ടു വർഷമായി വരവുചെലവ് കണക്ക് ആദായനികുതി വകുപ്പിനെ അറിയിക്കാത്ത സംഘങ്ങൾ 50 ലക്ഷത്തിന് മുകളിലുള്ള തുകയുടെ അഞ്ചു ശതമാനം നികുതിയടയ്ക്കേണ്ടിവരും എന്ന താക്കീതും പുറത്തുവന്നിട്ടുണ്ട്. ക്ഷീരോൽപാദകസംഘങ്ങളെ മാത്രമല്ല ഭാവിയിൽ സഹകരണമേഖലയെയാകെ പ്രതികൂലമായി ബാധിക്കുന്ന നികുതിനിയമങ്ങൾ ആണിതെല്ലാം.

dairy-farming

കർഷകവിരുദ്ധ ഉത്തരവ് പിൻവലിക്കണം, വേണ്ടത് കൂട്ടായ പ്രതിരോധം  

ലക്ഷകണക്കിന്  സാധാരണക്കാരായ ക്ഷീരകർഷകർ അവരുടെ പാരസ്പര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ബലത്തിലും  കൂട്ടായ്മയുടെ കരുത്തിലും കെട്ടിപ്പടുത്ത് മുന്നോട്ട് കൊണ്ടുപോവുന്ന ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ കഴുത്തിൽ കത്തിവയ്ക്കാനുള്ള ഏതൊരു നീക്കവും ശക്തമായി പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. കാർഷിക സഹകരണ മുന്നേറ്റത്തിന്റെ നിലനിൽപ്പിനെ അപകടപ്പെടുത്തുകയും അന്തസ്സിനെ ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്ന പ്രവണതകൾ രാഷ്ട്രീയവും നിയമപരവുമായ വഴികളിൽ ചെറുത്ത് തോൽപിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള കരുത്തും ആരോഗ്യവും പലതലമുറകൾ അവരുടെ അധ്വാനവും വിയർപ്പും സമർപ്പിച്ച് കെട്ടിപ്പടുത്ത കേരളത്തിലെ ക്ഷീരസഹകരണ പ്രസ്ഥാനത്തിനുണ്ടെന്നത് തീർച്ചയാണ്. കർഷകരുടെ പ്രതിഷേധങ്ങളിൽ കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയും വേണ്ടതുണ്ട്.

English summary: Protest against tax on milk cooperatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com