ADVERTISEMENT

കേരളത്തിലെ പൈനാപ്പിൾ മേഖല കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന അവസരത്തിൽ ഇരട്ട പ്രഹരമെന്നോണം അന്തകവിത്തുകൾ വ്യാപകമാകുന്നു. ഒരുപോലെതന്നെ വളർന്നുവരുമെങ്കിലും മറ്റു ചെടികൾ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുമ്പോൾ ഒരു വിഭാഗത്തിന് ഒരു മാറ്റവും കാണപ്പെടില്ല. പുഷ്പിക്കാതെയും കായ്ക്കാതെയും വരുമ്പോഴാണ് കർഷകർ ഇവയെ തിരിച്ചറിയുന്നതുതന്നെ. മിക്ക തോട്ടങ്ങളിലും പത്തു ശതമാനമെങ്കിലും അന്തകവിത്തുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ കർഷകശ്രീയോടു പറഞ്ഞു.

രണ്ടു വർഷം മുൻപ് ചില തോട്ടങ്ങളിൽ വിരളമായ രീതിയിൽ ചെടികൾ പുഷ്പിക്കാത്ത വിധത്തിൽ കണ്ടിരുന്നു. അവയിൽനിന്നുള്ള വിത്തുകൾ പുതിയ തോട്ടങ്ങളിൽ നടുന്നതിന് ഉപയോഗിച്ചതാവാം ഫലം തരാത്തവ വ്യാപകമാകാൻ കാരണം. കായ്ഫലമില്ലാത്തവയുടെ അളവ് ഉയർന്നതോടെ മിക്ക തോട്ടങ്ങളിലെയും ഉൽപാദനം ഇടിഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇവയെ അന്തകവിത്തെന്ന് വിളിക്കുന്നത്. സാധാരണ മാതൃസസ്യങ്ങളില്‍ നിന്ന് മൂന്നോ നാലോ തൈകളാണ് മുളയ്ക്കുക. ഫലം തരാത്തവയിൽനിന്ന് 10–12 തൈകൾ മുളയ്ക്കും. അതുകൊണ്ടുതന്നെയാവാം ഇത് വ്യാപകമായത്. 

കോവിഡ് പ്രതിസന്ധിയിൽ പലരും മേഖലയിൽനിന്നു വിട്ടു നിന്നതുമൂലം ഉൽപാദനം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ വിലയിൽ കയറ്റമുണ്ടാവുകയും ചെയ്തു. ഏതാനും ദിവസങ്ങളായി 30 രൂപയ്ക്കു മുകളിലാണ് വാഴക്കുളത്ത് പൈനാപ്പിൾ വ്യാപാരം നടക്കുന്നത്. എന്നാൽ, ആവശ്യമായ അളവിൽ ഉൽപന്നം കിട്ടാത്ത അവസ്ഥയാണുള്ളത്.

മുൻപെങ്ങുമില്ലാത്ത വിധത്തിൽ അന്തകവിത്തുകൾ എങ്ങനെ വ്യാപകമായി എന്ന് വിശദമായി പഠിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ വിദഗ്ധ സംഘം ഇന്നും വാഴക്കുളത്ത് എത്തിയിട്ടുണ്ട്. കായ ഉണ്ടായ ചെടികളിൽനിന്ന് തൈകൾ ശേഖരിക്കുക എന്നാണ് ഈ പ്രതിസന്ധി തരണം ചെയ്യാൻ ഒരു പരിധിവരെ നല്ലത്. 

English summary: Pineapple Farmers Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com