ADVERTISEMENT

വളർത്തുമൃഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്നുള്ള നിർദേശം പരിഗണിച്ച് നെതർലൻഡ്സ്. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് വരുത്തി മലിനീകരണം കുറയ്ക്കുകയാണ് നിർദേശത്തിനു പിന്നിലെ ലക്ഷ്യം. നെതർലൻഡ്സിലെ ധനകാര്യ, കൃഷി മന്ത്രലായമാണ് മൃഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. 

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇറച്ചി കയറ്റുമതി രാജ്യമാണ് നെതർലൻഡ്സ്. അതുപോലെതന്നെ മൃഗസംരക്ഷണ മേഖലയിൽ മുന്നിൽനിൽക്കുന്ന യൂറോപ്യൻ രാജ്യവും നെതർലൻഡ്സ് തന്നെ. കന്നുകാലികളും ചിക്കനും പന്നിയുമെല്ലാമായി 100 മില്യണിലധികമാണ് ഇവിടുത്തെ പക്ഷിമൃഗ സമ്പത്ത്. 2018ലെ കണക്കുകൾ പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 14 ആടുകൾ, 93 പശുക്കൾ, 298 പന്നികൾ, 2372 കോഴികൾ എന്നിവയാണുള്ളത്. മനുഷ്യരുടെ എണ്ണമാവട്ടെ 414ഉം. 

വളർത്തുമൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ കർഷകർ നിർബന്ധിതരാകുന്നതിനൊപ്പം കർഷകർക്ക് തങ്ങളുടെ സ്ഥലംകൂടി ഗവൺമെന്റിന്  നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

നൈട്രജൻ ബഹിർഗമനം ക്രമാതീതമായി ഉയർന്നതിന്റെ പാരിസ്ഥിതിക ബുദ്ധിമുട്ടിലാണ് നെതർലൻഡ്സ്. മൃഗങ്ങളുടെ എണ്ണം കൂടുതലുള്ളതുകൊണ്ടുതന്നെ അവയുടെ വിസർജ്യങ്ങളിൽനിന്നാണ് നൈട്രജൻ ബഹിർഗമനം ഉയരുന്നത്. ചാണകവും മൂത്രവും ചേരുന്ന വളത്തിൽനിന്ന് പുറംതള്ളപ്പെടുന്നത് അമോണിയ വാതകമാണ്.  അനിയന്ത്രിതമായ അളവിൽ നൈട്രജന്റെ തോത് ഉയർന്നാൽ പ്രകൃതിയിലെ ആവാസവ്യവസ്ഥ തകരും, മാത്രമല്ല ഭൂഗർഭജലത്തിലെ നൈട്രേറ്റിന്റെ അംശവും ഉയരുന്നുവെന്നാണ് പരിസ്ഥിതിവാദികൾ പറയുന്നത്.

യൂറോപ്യൻ യൂണിയന്റെ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2019 മേയിൽ ഡച്ച് അഡ്മിനിസ്ട്രേറ്റീവ് കോടതി നെതർലൻഡ്സ് സർക്കാരിനെ വിമർശിച്ചിരുന്നു. പ്രകൃതിയിലെ നൈട്രജന്റെ അളവ് കുറയ്ക്കുന്നതിന് കര്യക്ഷമമായ നടപടികൾ സ്വീകരിച്ചില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതേത്തുടർന്ന് കൃഷി, പ്രകൃതി, ഭക്ഷ്യ ഗുണനിലവാര മന്ത്രാലയങ്ങൾ കണ്ടെത്തിയ പ്രശ്നപരിഹാര പദ്ധതികളിലൊന്നാണ് മൃഗങ്ങളുടെ എണ്ണം കുറയ്ക്കുകയെന്നത്. 2035 ആകുമ്പോഴേക്ക് നൈട്രജൻ ബഹിർഗമനം പകുതിയിലധികം കുറയ്ക്കുകയെന്നതാണ് ലക്ഷ്യം.

മൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം പകൽ സമയങ്ങളിലെ വാഹന വേഗം മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികമാകാൻ പാടില്ലെന്ന നിർദേശവുമുണ്ട്. എങ്കിലും ഇവയിലെല്ലാം പ്രധാനം മൃഗസംരക്ഷണ മേഖലയിലെ വെട്ടിച്ചുരുക്കൽതന്നെ.

സർക്കാരിന്റെ തീരുമാനം പരിസ്ഥിതിവാദികൾ സ്വാഗതം ചെയ്തു. അതേസമയം, കർഷക സംഘങ്ങൾ നിർദേശത്തെ ശക്തമായി എതിർത്തു. റോ‍ഡ് ഉപരോധിച്ചുള്ള സമരവും നടന്നു. 

കർഷകരിൽനിന്നു സ്ഥലം ഏറ്റെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് കർഷകപ്രതിനിധികൾ പറ​ഞ്ഞു. മാത്രമല്ല മുൻ വർഷത്തെ അപേക്ഷിച്ച് കാർഷികമേഖലയിൽ മൂന്നു ശതമാനം ഇടിവുണ്ടായിട്ടുണ്ട്. കർഷകരിൽ പലരും മേഖലയിൽനിന്നു വിട്ടുപോവുകയാണ്. 10–15 വർഷത്തിനുള്ളിൽ നല്ലൊരു പങ്കും കർഷകരും കൃഷി ഉപേക്ഷിച്ചേക്കും. എന്നാൽ, ഈ നിർബന്ധിത നിയന്ത്രണം മേഖലയെ പൂർണമായും തകർക്കും. സർക്കാരിനോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും കർഷകർ പറയുന്നു. 

English summary: Why Netherlands is considering a proposal to cut livestock numbers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com